ADVERTISEMENT

ജെമിനി ശങ്കരന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു എന്നു പറഞ്ഞുകൂട. എല്ലാ അർഥത്തിലും പൂർണവും സഫലവുമായ ഒരു ജീവിതത്തിനു ശേഷം തന്റെ 99ാം വയസ്സിലാണ് ആ വലിയ മനുഷ്യൻ ലോകത്തോടു വിടപറഞ്ഞത്. എങ്കിലും അത് നമ്മെ എല്ലാവരെയും, പ്രത്യേകിച്ച് എന്നെ, ഏറെ ദുഃഖിതനാക്കുന്നു. 

ഏതാണ്ട് 60 കൊല്ലത്തെ ഗാഢബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. അതിന്റെ തുടക്കം ബോംബെയിൽ വച്ചായിരുന്നു. ആ ബന്ധം വളർന്ന് കുടുംബ ബന്ധം പോലെത്തന്നെയായി. അദ്ദേഹത്തിന്റെ പുത്രവധുവായ പൂർണിമ എന്റെ ആത്മസുഹൃത്തായ പി.വി.രവീന്ദ്രന്റെ – അഴീക്കോട്ടെ പ്രശസ്തനായ രാജേശ്വരി എ.കെ.നായരുടെ മകൻ– ഏക പുത്രിയായിരുന്നു. ഈ വിവാഹത്തിനു ശേഷം ഞങ്ങൾ തമ്മിലുള്ള ബന്ധം ഒന്നൂകൂടി ദൃഢമായി.

അത്രയൊന്നും സുഖകരമല്ലാത്ത ഒരു ബാല്യമായിരുന്നു ജെമിനി ശങ്കരന്റേത്. സാമ്പത്തിക പരാധീനതകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, ഈ വിഷമങ്ങളൊന്നും ജീവിതയാത്രയിൽ അദ്ദേഹത്തെ അൽപം പോലും അധീരനാക്കിയില്ല. തളരാത്ത മനസ്സും ഒടുങ്ങാത്ത ശുഭാപ്തി വിശ്വാസവും സ്ഥിരോത്സാഹവും അദ്ദേഹത്തിന്റെ കൂടപ്പിറപ്പുകളായിരുന്നു. ഇതൊക്കെക്കൊണ്ട് യൗവ്വനത്തിൽ തന്നെ ശങ്കരൻ നായർ ഏറെ പ്രശസ്തനും സമ്പന്നനുമായി. ലോകത്തിലെ അതിശക്തരായ ഭരണാധികാരികളും പ്രഭാഷകരും ചിന്തകരും സിനിമാതാരങ്ങളുമൊക്കെ അദ്ദേഹത്തിന്റെ  അടുത്ത പരിചയക്കാരും സുഹൃത്തുക്കളുമായി. സർക്കസിന്റെ കുലപതിയെന്ന് അദ്ദേഹം അറിയപ്പെട്ടു. 

ജീവിതാന്ത്യം വരെയും ശങ്കരൻ നായർ തന്റെ സഹജ സ്വഭാവങ്ങളായ എളിമ, ഉദാരത എന്നിവയ്ക്ക് ഒരു ഭംഗവും വരാതെ കാത്തുസൂക്ഷിച്ചു. അദ്ദേഹം ഒന്നാന്തരമൊരു സഹൃദയനുമായിരുന്നു. 

എളിമയെ കുറിച്ചു പറയുമ്പോൾ– ഈ 99ാം വയസ്സിലും എന്നും രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപായി സ്വന്തം വസ്ത്രങ്ങൾ അദ്ദേഹം തന്നെയാണ് അലക്കിയിരുന്നത്! ഇങ്ങനെ ചെയ്തിരുന്ന വേറെ രണ്ടുപേരേ എന്റെ അറിവിലുള്ളൂ– മഹാത്മാ ഗാന്ധിയും സഖാവ് പി.കൃഷ്ണപിള്ളയും! നല്ലവനായ ഈ വലിയ മനുഷ്യന് എന്റെ അന്ത്യപ്രണാമം.

English Summary: T Padmanabhan remembering Gemini Sankaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com