ADVERTISEMENT

കൊച്ചി ∙ ഐജി പി.വിജയന്റെ വിവാദ സ്ഥലംമാറ്റത്തിനു പിന്നിൽ കേരള ബുക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റി (കെബിപിഎസ്) മാനേജിങ് ഡയറക്ടറായിരിക്കെ അദ്ദേഹം സ്വീകരിച്ച അച്ചടക്ക നടപടി. കെബിപിഎസിൽ ദിവസം 1.20 കോടി സംസ്ഥാന ലോട്ടറിയാണ് അച്ചടിക്കേണ്ടത്. ഇത് 85 ലക്ഷമായി പരിമിതപ്പെടുത്തി, മറ്റൊരു സ്ഥാപനത്തിനു ക്വട്ടേഷൻ നൽകാൻ ചില ജീവനക്കാർ ശ്രമിക്കുന്നതായി കണ്ടെത്തിയിരുന്നു. ലോട്ടറി അച്ചടിക്കാനുള്ള കടലാസ്, മഷി, മെഷീൻ, അതിന്റെ വാർഷിക അറ്റകുറ്റപ്പണി എന്നിവയിലെ വൻ കമ്മിഷൻ ഇടപാടുകൾ തടയാൻകൂടി ശ്രമിച്ചതോടെ വിജയൻ ഭരണപക്ഷ യൂണിയനിൽ ചിലരുടെ ശത്രുവായി. 

അച്ചടിയിൽ തെറ്റു വരുത്തി ‍ലോട്ടറി ഉപയോഗശൂന്യമാക്കാൻ തുടങ്ങിയതോടെ 8 ജീവനക്കാരെ പുറത്താക്കി. ഉന്നത ഇടപെടലിനെത്തുടർന്നു 4 പേരെ തിരിച്ചെടുത്തെങ്കിലും കമ്മിഷൻ മാഫിയയുടെ അടുപ്പക്കാരെന്നു കണ്ട 4 പേരെ പുറത്തുതന്നെ നിർത്തി. ഇവരെക്കൂടി തിരിച്ചെടുക്കണമെന്ന ഉന്നത നിർദേശം അവഗണിച്ചതോടെ വിജയനെ മാറ്റാനുള്ള നീക്കം തുടങ്ങിയതായാണു സൂചന. 

ലോട്ടറി അച്ചടി മറ്റൊരു പ്രസിലേക്കു മാറ്റാനും അതിനു യന്ത്രസാമഗ്രികൾ വാങ്ങാൻ ലോട്ടറി വകുപ്പിൽനിന്ന് അവർക്ക് 21 കോടി രൂപ വായ്പ അനുവദിപ്പിക്കാനും ചിലർ ശ്രമം തുടങ്ങിയിരുന്നു. കെബിപിഎസ് 258.83 കോടി രൂപ മൊത്ത വരുമാനവും 49.32 കോടി അറ്റാദായവും നേടിയതോടെ ആ നീക്കം ഉപേക്ഷിച്ചെങ്കിലും വിജയന്റെ സ്ഥാനം തെറിച്ചു. നെടുമ്പാശേരി ആസ്ഥാനമായ സംസ്ഥാന തീവ്രവാദ സ്ക്വാഡിന്റെ ചുമതലയും ഒഴിവാക്കി. പുതിയ തസ്തിക നൽകിയതുമില്ല.

English Summary: IG P. Vijayan controversial transfer from ATS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com