കുടുംബശ്രീയിൽ 174 രൂപയ്ക്ക് ഇൻഷുറൻസ്; 11.28 ലക്ഷം അംഗങ്ങളായി
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ കുടുംബശ്രീ അയൽക്കൂട്ട വനിതകൾക്ക് 174 രൂപ വാർഷിക പ്രീമിയം നിരക്കിൽ ഇൻഷുറൻസ് പരിരക്ഷയുമായി ‘ജീവൻ ദീപം ഒരുമ’ പദ്ധതി. ഇതു വരെ 11,28,381 പേർ അംഗങ്ങളായതായി മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. അയൽക്കൂട്ടങ്ങളിലെ ഏതെങ്കിലും ഒരംഗം സ്വാഭാവികമായോ അപകടം മൂലമോ മരിച്ചാൽ സാമ്പത്തിക സഹായം, അപകടത്തിൽ സ്ഥിരമായ അംഗവൈകല്യമെങ്കിൽ ഇൻഷുറൻസ് പരിരക്ഷ എന്നിവ ലഭിക്കും. അയൽക്കൂട്ട അംഗങ്ങൾ ലിങ്കേജ് വായ്പയെടുത്ത ശേഷം, ഒരംഗം മരിച്ചാൽ ആ വ്യക്തിയുടെ വായ്പാ ബാധ്യത ഇനി മറ്റ് അംഗങ്ങൾ ഏറ്റെടുക്കേണ്ട.
മരണമടഞ്ഞ ആൾക്ക് ലഭ്യമാകുന്ന ഇൻഷുറൻസ് തുകയിൽ നിന്ന് വായ്പാ തുക അയൽക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കു നൽകും.
ബാക്കി തുക മരണമടഞ്ഞ വ്യക്തിയുടെ അവകാശിക്കും ലഭിക്കും. കുടുംബശ്രീയും ലൈഫ് ഇൻഷുറൻസ് കോർപറേഷനും സംസ്ഥാന ഇൻഷുറൻസ് വകുപ്പും സംയുക്തമായാണു പദ്ധതി നടപ്പാക്കുന്നത്.
കുടുംബശ്രീയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന് 1.39 ലക്ഷം സബ്സ്ക്രൈബേഴ്സ് ആയെന്നും 10 ലക്ഷമാക്കാനുള്ള യജ്ഞത്തിലാണെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
English Summary : Insurance for kudumbasree members