2 വർഷം മുൻപേ ക്യാമറ സ്ഥാപിച്ചു; കരാർ പോലുമില്ലാതെ നിരീക്ഷണം അനുവദിച്ചതാര്?
Mail This Article
കോഴിക്കോട് ∙ വിവാദ റോഡ് ക്യാമറ പദ്ധതിക്കു കരാർ ഒപ്പിടുന്നതിനു 2 കൊല്ലം മുൻപുതന്നെ ട്രോയ്സ് കമ്പനി കേരളത്തിൽ പലയിടത്തും പരീക്ഷണാടിസ്ഥാനത്തിൽ ക്യാമറകൾ സ്ഥാപിച്ചിരുന്നതായി തെളിവുകൾ പുറത്തുവന്നു. കരാർ ലഭിക്കാൻ പോകുന്നതു തങ്ങൾക്കു തന്നെയാണെന്ന് ട്രോയ്സിനും ഇടപാടിൽ ഉൾപ്പെട്ട മറ്റൊരു കമ്പനിയായ പ്രസാഡിയോയ്ക്കും ഉറപ്പായിരുന്നുവെന്നും ഇതോടെ വ്യക്തമാകുന്നു. മുൻകൂട്ടി നടത്തിയ ഗൂഢാലോചനയിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്.
കെൽട്രോൺ ടെൻഡർ വിളിച്ചതും എസ്ആർഐടിയുമായി കരാർ ഒപ്പിട്ടതും 2020 ൽ ആണ്. എന്നാൽ 2018 ൽ തന്നെ ട്രോയ്സ് കമ്പനി ക്യാമറകൾ സ്ഥാപിച്ചിരുന്നു. സേഫ് കേരള പദ്ധതിയുടെ ഭാഗമായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നു നോഡൽ ഓഫിസർ ഗതാഗത വകുപ്പിനു കത്തു നൽകിയതുപോലും 2019 ൽ മാത്രമാണ്. കരാറില്ലാതെ തന്നെ ക്യാമറ സ്ഥാപിച്ച് വാഹന ദൃശ്യങ്ങൾ ശേഖരിക്കാൻ സ്വകാര്യ കമ്പനിക്ക് ആരാണ് അനുമതി നൽകിയതെന്നതും ദുരൂഹമായി തുടരുന്നു.
കെൽട്രോണിൽനിന്നു 2020 ൽ കരാർ ഏറ്റെടുത്ത എസ്ആർഐടി തുടർന്ന് കോഴിക്കോട്ട് അൽഹിന്ദ്, പ്രസാഡിയോ എന്നീ കമ്പനികളുടെ കൺസോർഷ്യവുമായി ഉപകരാർ ഒപ്പിട്ടു. ഇതിന്റെ തൊട്ടടുത്ത ദിവസം തന്നെ ട്രോയ്സ് കമ്പനിയുടെ ഡയറക്ടർ അൽഹിന്ദിനെ സമീപിച്ചു. 49 കോടി രൂപയ്ക്കു ക്യാമറ അടക്കമുള്ള ഉപകരണങ്ങൾ വാങ്ങണമെന്നായിരുന്നു ആവശ്യം. ഇതിനെക്കാൾ ഗുണമേന്മയുള്ള ഉപകരണങ്ങൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാമെന്ന് അൽഹിന്ദ് ചൂണ്ടിക്കാട്ടിയെങ്കിലും പ്രസാഡിയോ വഴങ്ങിയില്ല.
ട്രോയ്സിന്റെ ഉപകരണങ്ങളാണെങ്കിൽ മാത്രമേ ഗതാഗത വകുപ്പ് അനുമതി നൽകൂ എന്നായിരുന്നു വാദം. ഗതാഗതവകുപ്പും ട്രോയ്സും തമ്മിൽ ധാരണകളുണ്ടെന്നു വെളിപ്പെടുത്താനായി വരാൻ പോകുന്ന പദ്ധതിയുടെ വിശദാംശങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു. ഈ വിശദാംശങ്ങളിലാണ് 2018 മുതൽ തന്നെ വിവിധ സ്ഥലങ്ങളിൽ ട്രോയ്സ് വാഹന നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതായി പറയുന്നത്. സാങ്കേതിക മികവ് മനസ്സിലാക്കാൻ ഇത്തരം ക്യാമറകൾ 2018–’19 കാലയളവിൽ പകർത്തിയിട്ടുള്ള ചിത്രങ്ങളും 65 പേജ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു.
സർക്കാർ മാറിയാലും പ്രശ്നമില്ലെന്ന് ഉറപ്പ്
2021 ലെ തിരഞ്ഞെടുപ്പിൽ സർക്കാർ മാറിയാലോ എന്ന ആശങ്ക അൽഹിന്ദ് ഉന്നയിച്ചിരുന്നു. സർക്കാർ മാറിയാലും വകുപ്പുകളിൽ ഉന്നത സ്വാധീനമുള്ളതിനാൽ കരാർ നിലനിൽക്കുമെന്നായിരുന്നു പ്രസാഡിയോയുടെ ഉറപ്പ്. എന്നാൽ അൽഹിന്ദ് കരാറിൽനിന്നു പിന്മാറുകയും പകരം മറ്റുള്ളവരെത്തുകയും ചെയ്തു.
English Summary: Trois company did trials before they got the road camera contract