ADVERTISEMENT

തിരുവനന്തപുരം ∙ റോഡ് ക്യാമറ ഇടപാടു വിരൽ ചൂണ്ടുന്നതു കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) ശിക്ഷ ലഭിക്കാവുന്ന ബിഡ് റിഗ്ഗിങ് (ടെൻഡറിലെ ഒത്തുകളി) എന്ന കുറ്റകൃത്യത്തിലേക്ക്. ബിസിനസ് പങ്കാളിത്തമുള്ള കമ്പനികൾ, ആസൂത്രിതമായി ഒരേ ടെൻഡറിൽ പങ്കെടുക്കുന്നത് 2002 ലെ കോംപറ്റീഷൻ നിയമപ്രകാരം കുറ്റകൃത്യമായാണു കണക്കാക്കുക. കുറ്റം തെളിഞ്ഞാൽ അതിന്റെ ഗൗരവം കണക്കിലെടുത്തുള്ള പിഴ ചുമത്താനും കമ്പനികളെ വിലക്കുപട്ടികയിൽ പെടുത്താനും കേന്ദ്രധനകാര്യ വകുപ്പിനു കീഴിലുള്ള കോംപറ്റീഷൻ കമ്മിഷന് അധികാരമുണ്ട്. 

എഐ ക്യാമറ ടെൻഡറിൽ ഏറ്റവും കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്തത് എസ്ആർഐടിയും 2, 3 സ്ഥാനങ്ങളിലെത്തിയത് അശോക ബിൽഡ് കോൺ, അക്ഷര എന്റർപ്രൈസസ് എന്നിവയുമാണ്. കെ ഫോൺ പദ്ധതിയിൽ എസ്ആർഐടിയുടെ ബിസിനസ് പങ്കാളിത്തം വഹിച്ചുകൊണ്ടാണ് അശോക ഈ ടെൻഡറിൽ പങ്കെടുത്തത്. കെ ഫോണിൽ എസ്ആർഐടിയുടെ കൺസോർഷ്യത്തിനു ലഭിച്ച കരാറാണ് അശോകയ്ക്ക് ഉപകരാർ നൽകിയത്. ഇതിൽ 21 കോടി രൂപയുടെ സിവിൽ ജോലി ചെയ്യാൻ അശോക ഏൽപിച്ചത് ഇപ്പോഴത്തെ ക്യാമറ ഇടപാടിനു നേതൃത്വം നൽകിയ കോഴിക്കോട്ടെ പ്രസാഡിയോ കമ്പനിയെയാണ്. ഇതിന്റെ രേഖകൾ പുറത്തുവന്നിരുന്നു. 

കെ ഫോണിൽ ഉപകരാർ ഇടപാടു നടന്ന് ആറാം മാസമാണ് എസ്ആർഐടിയും അശോകയും എഐ ക്യാമറയുടെ ടെൻഡറിൽ പങ്കെടുത്തത്. അശോക പിന്നിലാവുകയും എസ്ആർഐടി വിജയിക്കുകയും ചെയ്തു. മൂന്നാമതെത്തിയ അക്ഷരയാകട്ടെ 2017 ൽ മാത്രം പ്രവർത്തനം തുടങ്ങിയ കമ്പനിയാണ്. 10 വർഷം അനുഭവ പരിചയമുണ്ടെങ്കിൽ മാത്രമേ ടെൻഡറിൽ പങ്കെടുക്കാവൂ എന്ന വ്യവസ്ഥയാണ് അക്ഷരയുടെ കാര്യത്തിൽ ലംഘിക്കപ്പെട്ടത്. ടെൻഡർ സാധുവാകാൻ 3 കമ്പനികൾ പങ്കെടുത്താൽ മതി എന്ന പഴുതിലൂടെ ടെൻഡർ നടത്തിയെടുക്കുകയും അത് എസ്ആർഐടിയിലേക്ക് എത്തുകയും ചെയ്തുവെന്നു സ്വാഭാവികമായും സംശയിക്കാം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ എഐ ക്യാമറ പദ്ധതി നടപ്പാക്കിയ പ്രമുഖ കമ്പനികളൊന്നും കേരളത്തിലെ ടെൻഡറിനെത്തിയില്ലെന്നതും ഈ ഇടപാടിനെ സംശയത്തിലാക്കുന്നു. 

2002 ലെ കോംപറ്റീഷൻ നിയമം ലംഘിച്ച് ഇന്ത്യൻ റെയിൽവേയുടെ ടെൻഡറിൽ ഒത്തുകളിച്ചതിന് അടുത്തിടെ 7 കമ്പനികളുടെ വാർഷിക വിറ്റുവരവിന്റെ 5 % സിസിഐ പിഴയടപ്പിച്ചിരുന്നു. ഗെയിലിന്റെ ടെൻഡറിൽ ഒത്തുകളിച്ചതിനു 2 കമ്പനികൾക്കും പിഴയിട്ടത്, ടെൻഡർ സമയത്ത് ഇരുകമ്പനികളും തമ്മിൽ തുടർച്ചയായി ആശയവിനിമയം നടത്തിയെന്നു കണ്ടാണ്. 2021–22 ൽ മാത്രം 112.9 കോടി രൂപയാണു വിവിധ കമ്പനികൾക്കു സിസിഐ പിഴയിട്ടത്. 

English Summary: Bid Rigging involved in road camera project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com