ഡ്രൈവിങ് ലൈസൻസ് അച്ചടി കിട്ടാനും എസ്ആർഐടി ശ്രമം
Mail This Article
കോഴിക്കോട് ∙ റോഡ് ക്യാമറ പദ്ധതിക്കായി കെൽട്രോണിന്റെ കരാർ നേടിയ എസ്ആർഐടി മോട്ടർ വാഹന വകുപ്പിന്റെ റജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസ് കാർഡുകളുടെ നവീകരണ പദ്ധതിയും ഏറ്റെടുക്കാൻ ശ്രമിച്ചതിന്റെ രേഖകൾ പുറത്ത്. 180 കോടിയെങ്കിലും ലഭിക്കുമായിരുന്ന കരാർ സെന്റർ ഫോർ ഡവലപ്മെന്റ് ആൻഡ് ഇമേജിങ് ടെക്നോളജി (സി–ഡിറ്റ്) വഴിയാണു നേടിയെടുക്കാൻ ശ്രമം നടന്നത്.
പദ്ധതിയുടെ സേവന ദാതാവായി സി–ഡിറ്റിനെ നിശ്ചയിച്ചു സർക്കാർ ഉത്തരവ് ഇറങ്ങിയത് 2022 ജൂലൈ ആറിനാണ്. ഇതിന് ഒരു വർഷം മുൻപ് 2021 ജൂലൈ 19നു പദ്ധതിയിൽ പങ്കാളിത്ത താൽപര്യം സി–ഡിറ്റിനെ എസ്ആർഐടി അറിയിച്ചിരുന്നു. 3 കോടിയെങ്കിലും കാർഡുകൾ അതീവ സുരക്ഷയോടെ അച്ചടിച്ച് ലാമിനേറ്റ് ചെയ്തു വിതരണം ചെയ്യേണ്ട ബൃഹദ് പദ്ധതിയെക്കുറിച്ചു സ്വകാര്യ കമ്പനിക്ക് എങ്ങനെ മുൻകൂട്ടി വിവരം ലഭിച്ചു എന്നതു സംശയകരമാണ്. കാർഡ് ഒന്നിന് 60 രൂപയാണ് ഇപ്പോൾ കരാർ നേടിയിരിക്കുന്ന ഐടിഐയ്ക്ക് മോട്ടർ വാഹന വകുപ്പു നൽകുന്നത്. എഐ ക്യാമറ പദ്ധതി ഉദ്ഘാടനം ചെയ്ത അതേ വേദിയിലാണു മുഖ്യമന്ത്രി വിവിധ കാർഡുകൾ നവീകരിക്കുന്ന പദ്ധതിയും തുടങ്ങി വച്ചത്.
2004 മുതൽ സംസ്ഥാനത്തു നടപ്പാക്കാൻ ശ്രമിക്കുന്ന പദ്ധതിയാണ് കാർഡ് നവീകരണം. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രി (ഐടിഐ) എന്ന പൊതുമേഖലാ സ്ഥാപനവും റോസ്മെർട്ട ടെക്നോളജീസ് എന്ന ഡൽഹി കമ്പനിയുമായി ചേർന്നുള്ള കൺസോർഷ്യത്തിനായിരുന്നു അന്നു കരാർ. സ്വകാര്യ കമ്പനിക്കെതിരെ ആരോപണങ്ങൾ വന്നതോടെ സർക്കാർ പിന്മാറി. എന്നാൽ റോസ്മെർട്ട കോടതിയെ സമീപിച്ചതിനെ തുടർന്ന് പദ്ധതി അനന്തമായി നീണ്ടു.
സി–ഡിറ്റ് ഇതിനിടയിലാണു രംഗപ്രവേശം ചെയ്യുന്നത്. കാർഡ് നവീകരണ പദ്ധതി ഏറ്റെടുക്കാനുള്ള താൽപര്യം അറിയിച്ച സി–ഡിറ്റ് ഗതാഗത വകുപ്പിനെ അറിയിക്കാതെ ടെൻഡർ വിളിച്ചു. ഇതിനും മുൻപ് എസ്ആർഐടിയുടെ ശുപാർശ സി–ഡിറ്റിൽ എത്തിയിരുന്നു. ടെൻഡർ ചോദ്യം ചെയ്ത് വീണ്ടും റോസ്മെർട്ട കോടതിയെ സമീപിച്ചതോടെ സി–ഡിറ്റിനെ ഒഴിവാക്കി മോട്ടർ വാഹന വകുപ്പു സ്വന്തം നിലയിൽ 4 ജില്ലകളിൽ ൈപലറ്റ് പദ്ധതി നടപ്പാക്കി. ഇതോടെയാണ് എസ്ആർഐടിയുടെ നീക്കം പാളിയത്.
കോഴിക്കോട്ടെ ഒരു സ്വകാര്യ സ്ഥാപനമാണ് പൈലറ്റ് പദ്ധതിക്ക് കാർഡുകൾ അച്ചടിച്ചത്. ഇതിനിടെ ഐടിഐയുമായി കഴിഞ്ഞ 21ന് മോട്ടർ വാഹന വകുപ്പ് വീണ്ടും കരാർ ഒപ്പിട്ടു. ഐടിഐയിൽനിന്ന് കാർഡ് അച്ചടിക്കുള്ള ഉപ കരാർ ഇപ്പോൾ ലഭിച്ചിരിക്കുന്നത് ബെംഗളൂരിലും മൈസൂരിലുമുള്ള 2 സ്വകാര്യ കമ്പനികൾക്കാണ്.
English Summary : SRIT tried to get driving licence printing