ADVERTISEMENT

തിരുവനന്തപുരം ∙ വാട്ടർ ചാർജ് കൂട്ടിയശേഷമുള്ള പൂർണ ബിൽ വന്നപ്പോൾ ഗാർഹിക ഉപയോക്താക്കൾക്കുള്ള വർധന മൂന്നര ഇരട്ടിവരെ. സംസ്ഥാനത്തു വിവിധയിടങ്ങളിലുള്ളവർക്ക് ഈ മാസം ലഭിച്ച ബില്ലുകൾ പരിശോധിച്ചപ്പോഴാണ് ഇതു വ്യക്തമായത്. ലീറ്ററിന് ഒരു പൈസയെന്ന നാമമാത്ര വർധനയേ ഉള്ളൂവെന്ന സർക്കാർ വാദം പൊളിയുകയും ചെയ്തു. 

ഫെബ്രുവരി 3നാണു നിരക്കുവർധന പ്രാബല്യത്തിലായത്. രണ്ടു മാസത്തിലൊരിക്കലാണ് വാട്ടർ ബിൽ. ബില്ലിങ് കാലയളവു കണക്കാക്കുന്നതിൽ പ്രാദേശികമായ വ്യത്യാസമുണ്ട്. ഉദാഹരണത്തിന് ചിലയിടങ്ങളിൽ ജനുവരി–ഫെബ്രുവരി, മാർച്ച്– ഏപ്രിൽ എന്നിങ്ങനെയാണെങ്കിൽ മറ്റു ചിലയിടങ്ങളിൽ ഡിസംബർ– ജനുവരി, ഫെബ്രുവരി– മാർച്ച് എന്നിങ്ങനെയാണ്. ജനുവരി– ഫെബ്രുവരി കാലയളവിലെ ബിൽ മാർച്ചിൽ വന്നപ്പോൾ വർധനയുടെ തോത് പൂർണ തോതിൽ പ്രതിഫലിച്ചിരുന്നില്ല. ഏപ്രിലിലും ഈമാസവുമായി ബിൽ ലഭിച്ചവർക്കാണ് നിരക്കിൽ ഇത്രത്തോളം വർധനയുണ്ടെന്നു മനസ്സിലായത്. 

സംസ്ഥാനത്താകെ 35.95 ലക്ഷം ഗാർഹിക കണക്‌ഷനുകളാണുള്ളത്. ഗാർഹിക, ഗാർഹികേതര, വ്യവസായ കണ‍ക്‌ഷനുകളിലെല്ലാം വർധനയുണ്ടെങ്കിലും ജല ഉപയോഗം കുറവുള്ളവർക്കാണ് ഇത്തവണ ബിൽ തുക മൂന്നിരട്ടിയിലേറെയായത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും നികുതിവർധനകൾക്കുമൊപ്പമാണു വാട്ടർ ചാർജ് വർധനയും സാധാരണക്കാർക്കു വലിയ ആഘാതമാകുന്നത്. അധിക വായ്പ അനുവദിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ വ്യവസ്ഥ പ്രകാരമുള്ള 5% വർധന അടുത്ത ഏപ്രിലിൽ വീണ്ടുമുണ്ടാകുകയും ചെയ്യും. 

 

ബില്ലിലെ ഷോക്ക്: ഇതാ സാംപിൾ

 

ചില ഗാർഹിക ഉപയോക്താക്കളുടെ ഈ മാസത്തെ ബിൽ വിവരങ്ങൾ ചുവടെ: 

 

∙ തിരുവനന്തപുരം കരമന സെക‍്ഷൻ 

ബിൽ തീയതി: മേയ് 2 

ബിൽ തുക: 354 രൂപ (ഒരു മാസ ഉപയോഗം 12,000 ലീറ്റർ) 

കഴിഞ്ഞ ഡിസംബറിലെ ബിൽ: 103 രൂപ ( ഒരു മാസ ഉപയോഗം 11,000 ലീറ്റർ) 

വർധന: മൂന്നര ഇരട്ടി 

 

∙ എറണാകുളം നോർത്ത് പറവൂർ സെക‍്ഷൻ 

ബിൽ തീയതി: ഏപ്രിൽ 4 

ബിൽ തുക 648 രൂപ (ഒരു മാസ ഉപയോഗം 3900 ലീറ്റർ) 

കഴിഞ്ഞ ഡിസംബറിലെ ബിൽ: 108 രൂപ ( ഒരുമാസ ഉപയോഗം 3200 ലീറ്റർ) 

വർധന: ആറിരട്ടി 

 

∙ കോഴിക്കോട് ഡിസ്ട്രിബ്യൂഷൻ സെക‍്ഷൻ 

ബിൽ തീയതി: മേയ് 2 

ബിൽ തുക 148 രൂപ ( ഒരു മാസ ഉപയോഗം 500 ലീറ്റർ) 

കഴിഞ്ഞ നവംബറിലെ ബിൽ: 48 രൂപ ( ഒരു മാസ ഉപയോഗം 500 ലീറ്റർ) 

വർധന: മൂന്നിരട്ടി 

∙ ഇതാണോ മന്ത്രീ, തുച്ഛമായ വർധന ?

വാട്ടർ ചാർജ് വർധന പ്രാബല്യത്തിലായപ്പോൾ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മാധ്യമങ്ങളോടു പറഞ്ഞത്: 

‘‘ലീറ്ററിന് ഒരു പൈസയാണു കൂട്ടിയത്. സാധാരണക്കാർക്ക് ഒരു ബുദ്ധിമുട്ടുമില്ല. വെള്ളക്കരം കൂട്ടിയതിന്റെ പേരിൽ ഇതു വരെ ഒരു ഫോൺകോൾ പോലും ലഭിച്ചിട്ടില്ല.’’

Content Highlight: Water charge hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com