ADVERTISEMENT

തിരുവനന്തപുരം ∙ റോഡ് ക്യാമറ വയ്ക്കുന്നതിന് ഉപകരാർ കമ്പനിയെ കണ്ടെത്താൻ എസ്ആർഐടിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മറച്ച് പിഴ ഒഴിവാക്കാൻ കൂട്ടുപിടിച്ചതു കോവിഡിനെ. കെൽട്രോണും എസ്ആർഐടിയും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം 2021 മാർച്ച് 31നു റോഡ് ക്യാമറ പദ്ധതി പൂർത്തീകരിക്കേണ്ടതായിരുന്നു. എന്നാൽ പണം മുടക്കി ഉപകരണങ്ങൾ വാങ്ങാൻ ഉപകരാർ കമ്പനിയെ കിട്ടാതെ വന്നതോടെ എസ്ആർഐടി കെൽട്രോണിനോടു സാവകാശം തേടി. കോവിഡിന്റെ പേരു പറഞ്ഞായിരുന്നു ഇത്. കെൽട്രോണിന്റെ ശുപാർശ പരിഗണിച്ചു ഗതാഗത വകുപ്പ് സമയം നീട്ടി നൽകുകയും ചെയ്തു. മതിയായ കാരണമില്ലാതെ പദ്ധതി നീട്ടിവച്ചാൽ പദ്ധതിത്തുകയുടെ 10% എസ്ആർഐടി കെൽട്രോണിനു പിഴയടയ്ക്കണം. എന്നാൽ, കമ്പനിയുടെ വീഴ്ചയ്ക്കു കോവിഡിന്റെ പേരു പറഞ്ഞു പിഴയും ഒഴിവാക്കി നൽകി.

കരാർ പ്രകാരം പദ്ധതി പൂർത്തിയാകേണ്ട 2021 മാർച്ചിലാണ്, ഉപകരണങ്ങൾ വാങ്ങി സ്ഥാപിക്കാനുള്ള കമ്പനിയെ എസ്ആർഐടി കണ്ടെത്തുന്നത്. പദ്ധതി പൂർത്തീകരിക്കാൻ ഇസെൻട്രിക് സൊലൂഷൻ എന്ന കമ്പനിയുടെ സഹായം തേടുകയാണെന്നു കാണിച്ച് 2021 മാർച്ച് 13നാണു കെൽട്രോണിന് എസ്ആർഐടിയുടെ കത്തു ലഭിക്കുന്നത്. ആദ്യം കണ്ടെത്തിയ അൽഹിന്ദും പിന്നീടു വന്ന ലൈറ്റ് മാസ്റ്ററും പദ്ധതിയിൽ സുതാര്യതയില്ലെന്നു ചൂണ്ടിക്കാട്ടി പിൻമാറിയതോടെയാണ് ഇസെൻട്രിക്കിനെ കണ്ടെത്തേണ്ടിവന്നത്. എന്നാൽ പദ്ധതിയുടെ മുഴുവൻ ചുമതലയും എസ്ആർഐടിക്കു കരാർ നൽകിയ കെൽട്രോണിനെ സംബന്ധിച്ച്, എസ്ആർഐടിക്ക് ഉപകരാർ കമ്പനിയെ ലഭിച്ചോ എന്നതു നോക്കേണ്ട കാര്യമുണ്ടായിരുന്നില്ല. പദ്ധതി വൈകിയതിന്റെ കാരണം ഉപകരാർ കമ്പനിയെ കിട്ടാത്തതായിരുന്നെങ്കിൽ അതു പൂർണമായും എസ്ആർഐടിയുടെ വീഴ്ചയായിരുന്നു താനും. കോവിഡ് പ്രതിസന്ധി മാറിയശേഷമാണു കെൽട്രോണുമായി എസ്ആർഐടി കരാറിലേർപ്പെട്ടത്. ഇതൊന്നും കണക്കിലെടുക്കാതെ കോവിഡ്, ഇലക്ട്രോണിക് ഉപകരണങ്ങൾ കിട്ടാനുള്ള കാലതാമസം എന്നിവ ചൂണ്ടിക്കാട്ടിയുള്ള എസ്ആർഐടിയുടെ അപേക്ഷയിൽ സർക്കാരിനു ശുപാർശ നൽകുകയാണു ചെയ്തത്. 

ഇത്രയും വലിയ പദ്ധതിയായിട്ടും എസ്ആർഐടിയും കെൽട്രോണും തമ്മിൽ കരാർ തയാറാക്കിയതിലും വീഴ്ചയുണ്ടായി. കരാറിൽ 2 കക്ഷികളുടെയും ഭാഗത്തുനിന്നു 2 സാക്ഷികൾ വീതം ഒപ്പുവയ്ക്കേണ്ട സ്ഥാനത്ത് എസ്ആർഐടിയുടെ ഭാഗത്ത് ഒരു സാക്ഷി മാത്രമാണുണ്ടായിരുന്നത്. ഏക സാക്ഷിയാകട്ടെ, പിന്നീട് ഉപകരാർ നേടിയ ട്രോയ്സ് കമ്പനിയുടെ ഡയറക്ടർ ടി.ജിതേഷാണ്.

English Summary : Blame to Covid on camera project delay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com