തൃക്കാക്കരയിൽ സ്ഥാനാർഥി നിർണയം പാളിയെന്ന് സിപിഎം
Mail This Article
തിരുവനന്തപുരം ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ പാളിച്ച സംഭവിച്ചെന്നു സിപിഎമ്മിന്റെ അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. ജോ ജോസഫിനെ സ്ഥാനാർഥിയായി അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളെ വേണ്ടവിധം പ്രതിരോധിക്കാൻ പാർട്ടിക്കും എൽഡിഎഫിനും സാധിക്കാഞ്ഞതു തോൽവിയുടെ ആക്കംകൂട്ടിയെന്ന് എ.കെ.ബാലനും ടി.പി.രാമകൃഷ്ണനും അംഗങ്ങളായ കമ്മിഷൻ ചൂണ്ടിക്കാട്ടി.
പാർട്ടി വോട്ടുകൾ തന്നെ ചോർന്നതായും കമ്മിഷൻ കണ്ടെത്തി. കോൺഗ്രസിനും യുഡിഎഫിനും തൃക്കാക്കരയിലും എറണാകുളം ജില്ലയിലും ഉള്ള സ്വാധീനം തന്നെയാണ് വൻഭൂരിപക്ഷത്തോടെ ഉമ തോമസ് വിജയിക്കാൻ കാരണമായത്. ജോ ജോസഫ് പാർട്ടിയുടെ സ്ഥാനാർഥിയാണോ അതോ സഭയുടെ സ്ഥാനാർഥിയാണോ എന്ന യുഡിഎഫിന്റെ ചോദ്യം ഉണ്ടാക്കിയ ആശയക്കുഴപ്പം പ്രചാരണവേളയിൽ നിലനിന്നെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കളുടെ ആശീർവാദത്തോടെ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകളെ തുടർന്നാണ് ഡോ. ജോ ജോസഫിനെ സ്ഥാനാർഥിയായി സിപിഎം അവതരിപ്പിച്ചത്. എന്നാൽ ആരെയും പേരെടുത്തു കുറ്റപ്പെടുത്താൻ കമ്മിഷൻ തുനിഞ്ഞിട്ടില്ല.
English Summary: CPM says candidate selection failed in Thrikkakara