ADVERTISEMENT

പൊന്നാനി ∙ താനൂരിൽ അപകടത്തിൽപെട്ട ഉല്ലാസബോട്ട് ഫൈബർ വള്ളം രൂപമാറ്റം വരുത്തിയതെന്നു കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മനോരമയ്ക്കു ലഭിച്ചു. വെറും ഇരുപതിനായിരം രൂപയ്ക്കു വിറ്റ വള്ളമാണ് പിന്നീട് 26 പേരെ കയറ്റാവുന്ന ഉല്ലാസ ബോട്ടാക്കി മാറ്റിയത്. വള്ളം പാലപ്പെട്ടി സ്വദേശിയുടേതാണെന്നു വ്യക്തമായെങ്കിലും ഇതിന്റെ രേഖകൾ സംബന്ധിച്ച വിവരങ്ങളൊന്നും ജില്ലാ ഫിഷറീസ് ഓഫിസിൽ ലഭ്യമല്ല. പരമാവധി 15 മത്സ്യത്തൊഴിലാളികൾക്കു തീരത്തോടു ചേർന്നു മീൻപിടിത്തം നടത്താവുന്ന വള്ളം അടിമുടി മാറ്റം വരുത്തിയെന്നാണു കണ്ടെത്തൽ.

1.9 മീറ്ററാണ് വള്ളത്തിന്റെ വീതി. എന്നാൽ, ഉല്ലാസ ബോട്ടിന്റെ സ്റ്റെബിലിറ്റി റിപ്പോർട്ടിൽ 2.9 മീറ്ററെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. വള്ളത്തിന് ഇത്രയും വീതിയില്ലെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അടിഭാഗത്തു വീതി കുറഞ്ഞതിനാലാണ് ബോട്ട് മറിഞ്ഞതെന്നാണു വിവരം. വള്ളത്തിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേണ്ടി അനധികൃതമായി വീതി കൂട്ടിയതാകാമെന്നും വിലയിരുത്തുന്നുണ്ട്. ബോട്ട് യാഡിലേക്കു കൊണ്ടുവരുമ്പോഴും ഉല്ലാസ ബോട്ടിനായുള്ള പ്രാഥമികപണികൾ നടക്കുമ്പോഴും ഉദ്യോഗസ്ഥരാരും ഇൗ ബോട്ട് കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

രൂപമാറ്റം വരുത്തിയതിന്റെ ഭാഗമായി വള്ളത്തിന്റെ ചെത്തിമാറ്റിയ അഗ്രഭാഗം ഇപ്പോഴും പൊന്നാനിയിലെ യാഡ് പരിസരത്ത് കിടക്കുന്നു.
രൂപമാറ്റം വരുത്തിയതിന്റെ ഭാഗമായി വള്ളത്തിന്റെ ചെത്തിമാറ്റിയ അഗ്രഭാഗം ഇപ്പോഴും പൊന്നാനിയിലെ യാഡ് പരിസരത്ത് കിടക്കുന്നു.

മാത്രമല്ല, അനധികൃത നിർമാണം നടത്തിയതിന്റെ പേരിൽ തുറമുഖ വകുപ്പ് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഷിപ് ടെക്നോളജി വിഭാഗമാണ് സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് നൽകിയത്. 2 ജീവനക്കാരുൾപ്പെടെ 26 പേർക്കു യാത്ര ചെയ്യാൻ കഴിയുമെന്നാണ് സ്റ്റെബിലിറ്റി റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, പോർട്ട് സർവേയറുടെ റിപ്പോർട്ടിൽ ജീവനക്കാരുൾപ്പെടെ 22 പേർക്കുള്ള അനുമതിയാണ് നൽകിയത്.

∙ വെറും 10000; എല്ലാം ശരിയായി

അനധികൃതമായി ഫൈബർ വള്ളം രൂപമാറ്റം വരുത്തിയതിന് 10,000 രൂപ പിഴയടച്ചപ്പോൾ എല്ലാം ശരിയായി. പിന്നെ ഫിറ്റ്നസിനും റജിസ്ട്രേഷനുമുള്ള നടപടികളിലേക്കു കടക്കാൻ ഉടമയ്ക്കു തുറമുഖ വകുപ്പുതന്നെ വഴി തുറന്നുകൊടുക്കുകയായിരുന്നു. ഇൗ പിഴയുടെ അടിസ്ഥാനത്തിലാണ് ‘ബോട്ടിന്റെ’ സർവേ നടപടികൾ പൂർത്തീകരിക്കുന്നത്. അതിനു മുൻപു വള്ളത്തിന്റെ ഘടനയും ഉറപ്പുമൊന്നും പരിശോധിച്ചില്ല.

ഫൈബർ വള്ളം രൂപമാറ്റം വരുത്തി ഉല്ലാസ ബോട്ട് ആക്കുമ്പോഴുള്ള ചിത്രം.
ഫൈബർ വള്ളം രൂപമാറ്റം വരുത്തി ഉല്ലാസ ബോട്ട് ആക്കുമ്പോഴുള്ള ചിത്രം.

ആലപ്പുഴ പോർട്ട് ചീഫ് സർവേയറാണ് സർവേ നടത്തിയത്. അപകടത്തിൽപെട്ട സാഹചര്യത്തിലും ബോട്ടിന്റെ നിർമാണഘട്ടം സംബന്ധിച്ച് പോർട്ട് വീഴ്ച സമ്മതിക്കുന്നില്ല. മീൻപിടിത്ത വള്ളങ്ങൾ രൂപമാറ്റം വരുത്തുന്നതു തടയാൻ ചട്ടമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

∙ പിടിച്ചെടുത്ത വള്ളം ബോട്ടായി

പാലപ്പെട്ടിയിലെ മത്സ്യത്തൊഴിലാളിയുടെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് ഉല്ലാസ ബോട്ടായി രൂപാന്തരപ്പെട്ട് ദുരന്തത്തിൽ കലാശിച്ചത്. മീൻപിടിത്ത മേഖലയിൽ നഷ്ടം വന്നതോടെ വള്ളത്തിന്റെ ഉടമയ്ക്കു പലരിൽനിന്നും വായ്പ വാങ്ങേണ്ടി വന്നു. ഒടുവിൽ നിവൃത്തിയില്ലാതെ വലയും മറ്റു മീൻപിടിത്ത ഉപകരണങ്ങളും വിറ്റ് ഉടമ നാടുവിട്ടു. വായ്പ നൽകിയവർ പണം തിരിച്ചുകിട്ടാതെ വന്നതോടെ പാലപ്പെട്ടി തീരത്തെത്തി വള്ളം കെട്ടിവലിച്ച് പൊന്നാനിയിലെ യാഡിലേക്കു കൊണ്ടുവരികയായിരുന്നു. പിന്നീടത് 20,000 രൂപയ്ക്കു വിറ്റു. അതുകഴിഞ്ഞ് 60,000 രൂപയ്ക്കു മറ്റൊരാൾക്കു വിറ്റു.

മൂന്നാമതായാണ് താനൂർ സ്വദേശി നാസറിന്റെ കൈകളിലേക്കു വള്ളമെത്തുന്നത്. നാസർ വള്ളം ഉല്ലാസ ബോട്ടാക്കി. രണ്ടു മാസം മുൻപ് പൊന്നാനിയിൽനിന്ന് താനൂരിലേക്കു കൊണ്ടുപോയി.ക്കു വള്ളമെത്തുന്നത്. നാസർ  വള്ളം ഉല്ലാസ ബോട്ടാക്കി. രണ്ടു മാസം മുൻപ് പൊന്നാനിയിൽനിന്ന് താനൂരിലേക്കു കൊണ്ടുപോയി.

Content Highlights: Tanur boat tragedy, Boat accident, Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com