ADVERTISEMENT

താനൂർ ∙ വിതുമ്പിനിൽക്കുകയായിരുന്നു നാട്. ഒരു രാവ് ഇരുട്ടിവെളുത്തപ്പോഴേക്ക് ഈ പുഴയ്ക്കു മരണത്തിന്റെ ഗന്ധമായി. കണ്ണീരും കരച്ചിലും നിസ്സഹായതയും ആ രാത്രി ഈ വെള്ളത്തിൽ അലിഞ്ഞുചേർന്നു.

രാത്രി പുലരുവോളം രക്ഷാപ്രവർത്തകർ പൂരപ്പുഴയുടെ ആഴങ്ങളിൽ മുങ്ങിത്തപ്പുകയായിരുന്നു. അതിൽ പൊലീസുകാരുണ്ട്, ദുരന്തനിവാരണസേനയുണ്ട്, അഗ്നിരക്ഷാസേനയുണ്ട്, നാവികസേനയുണ്ട്. ഇനിയുമൊരാളെ കണ്ടുകിട്ടാനുണ്ട് എന്ന അഭ്യൂഹത്തിലാണ് ഇരുകരയിലും നാട്ടുകാർ ആശങ്കയോടെ കാത്തുനിന്നത്. തങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളും പൊലിഞ്ഞുവീണ പുഴയുടെ തീരത്തേക്കു പല വഴികളിലൂടെ ആളുകൾ ഇരുകരയിലേക്കും ഒഴുകിയെത്തി. ചിലർ ഇരുകരയിലും പ്രാർഥനാപൂർവം ഇരുന്ന് ജപമാലയിൽ വിരലുകോർക്കുന്നതു കാണാമായിരുന്നു.

പുഴയിൽ പാഞ്ഞ് രക്ഷാബോട്ടുകൾ. ആകാശത്ത് നേവിയുടെ ഹെലികോപ്റ്റർ വട്ടമിട്ടു പറക്കുന്നു. വെള്ളത്തിൽനിന്ന് ഒരു കുഞ്ഞിക്കൈ പൊന്തിവരുന്നതുകാത്ത് ആളുകൾ ആശങ്കയോടെ നിൽക്കുകയായിരുന്നു. ഇതിനിടെ ഡിജിപിയും മന്ത്രിമാരും രാഷ്ട്രീയനേതാക്കളുമൊക്കെ സ്ഥലത്തെത്തി. എല്ലാം നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ ആശ്വാസവാക്കുകൾ അറിയിച്ചു മടങ്ങി.

വിങ്ങിപ്പൊട്ടി വിതുമ്പിനിന്നത് ഒരു പുഴയോരം മാത്രമായിരുന്നില്ല. ഒരു നാട് മുഴുവനുമാണ്. താനൂരിലും പരപ്പനങ്ങാടിയിലും സമീപപ്രദേശങ്ങളിലും ദുഃഖാചരണത്തിന്റെ പകലായിരുന്നു. രാത്രിയും പകലും റോഡിലൂടെ ചീറിപ്പായുന്ന ആംബുലൻസുകളുടെ ശബ്ദം കേട്ട് മനസ്സുമരവിച്ചിരിക്കുകയാണ് മനുഷ്യർ. ലോകമെന്തെന്നറിയാത്ത കുഞ്ഞുങ്ങളുടെ ശരീരങ്ങൾ മീസാൻകല്ലുകളുടെ തണലിൽ മണ്ണോടു ചേർന്നപ്പോൾ ഒന്നുപൊട്ടിക്കരയാൻപോലും കഴിയാതെ അവർ വിറങ്ങലിച്ചുനിന്നു.

താനൂർ തൂവൽ തീരത്തിനു സമീപം ഒട്ടുംപുറത്ത് ബോട്ട് അപകടം നടന്ന സ്ഥലത്തെത്തിയ ജനം. പരിയാപുരത്ത് നിന്നുള്ള ദൃശ്യം.  ചിത്രം : മനോരമ
താനൂർ തൂവൽ തീരത്തിനു സമീപം ഒട്ടുംപുറത്ത് ബോട്ട് അപകടം നടന്ന സ്ഥലത്തെത്തിയ ജനം. പരിയാപുരത്ത് നിന്നുള്ള ദൃശ്യം. ചിത്രം : മനോരമ

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സ്പീക്കർ എൻ.ഷംസീർ, മന്ത്രിമാരായ വീണാ ജോർജ്, കെ.രാജൻ,പി.എ.മുഹമ്മദ് റിയാസ്, വി.അബ്ദുറഹിമാൻ, എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ ദുരന്ത സ്ഥലവും മരിച്ചവരുടെ വീടുകളും സന്ദർശിച്ചു.

അവസാന ട്രിപ്, അന്ത്യയാത്രയായി

കോഴിക്കോട് ∙ ‘ഇത് അവസാനത്തെ ട്രിപ്പാണ്.. വേഗം കയറിക്കോളീ..’ എന്നാണ് അയാൾ വിളിച്ചുപറഞ്ഞത്. ആ വാക്കുകൾ അറംപറ്റിയതുപോലെയായി. ആ അവസാനയാത്രയ്ക്കു ദൃക്സാക്ഷികളായ മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

താനൂർ തൂവൽ തീരത്തിനു സമീപം അപകടത്തിൽപെട്ട ബോട്ട് നോക്കുന്നവർ. ചിത്രം : മനോരമ
താനൂർ തൂവൽ തീരത്തിനു സമീപം അപകടത്തിൽപെട്ട ബോട്ട് നോക്കുന്നവർ. ചിത്രം : മനോരമ

ഏഴുമണി കഴിഞ്ഞ് ട്രിപ് അവസാനിപ്പിക്കുന്നതിനുതൊട്ടുമുൻപാണ് ഒരു യാത്രകൂടി നടത്താൻ തയാറായത്. 100 രൂപയ്ക്കു പകരം 50 രൂപ വരെ വാങ്ങി ആളുകളെ വിളിച്ചുകയറ്റുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വിവരിച്ചത്. തങ്ങളെടുത്ത പകുതിടിക്കറ്റ് മരണത്തിലേക്കാണെന്ന് അവരിൽപലരും അറിഞ്ഞിരുന്നില്ല.

ഒട്ടുംപുറം തൂവൽ തീരത്ത് ബോട്ട് മുങ്ങി മരിച്ചവരുടെ കബറടക്കത്തിന് അരയൻ കടപ്പുറം വലിയ ജുമാമസ്‌ജിദിലെ കബർസ്ഥാനിലെത്തിയവർ.
ഒട്ടുംപുറം തൂവൽ തീരത്ത് ബോട്ട് മുങ്ങി മരിച്ചവരുടെ കബറടക്കത്തിന് അരയൻ കടപ്പുറം വലിയ ജുമാമസ്‌ജിദിലെ കബർസ്ഥാനിലെത്തിയവർ.

ബോട്ട് മറിഞ്ഞ ഭാഗത്ത് പുഴയ്ക്കടിയിൽ ഉറപ്പുള്ള പാറക്കെട്ടാണെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അഴിമുഖമായതിനാൽ പുഴയിൽ ഒഴുക്കില്ലാത്ത ഭാഗമാണിത്. പലയിടത്തും ചെളിയാണ്. അതുകൊണ്ട് ആരും കടലിലേക്ക് ഒഴുകിപ്പോയിട്ടുണ്ടാവില്ലെന്ന ഉറപ്പിലായിരുന്നു മത്സ്യത്തൊഴിലാളികൾ. അപകടത്തിന്റെ വ്യാപ്തി കൂടാതിരുന്നത് ഇതുകൊണ്ടുകൂടിയാണെന്ന് അവർ പറഞ്ഞു.

ദുരന്തത്തിൽപെട്ട ബോട്ട് കരയ്ക്കെത്തിച്ച് രക്ഷാപ്രവർത്തനം നടത്തുന്നു.
ദുരന്തത്തിൽപെട്ട ബോട്ട് കരയ്ക്കെത്തിച്ച് രക്ഷാപ്രവർത്തനം നടത്തുന്നു.

കുറ്റവാളികൾക്ക് അധികാര കേന്ദ്രത്തിന്റെ തണൽ കിട്ടിയതായി സംശയിക്കുന്നുവെന്നും അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു. മനുഷ്യനിർമിത ദുരന്തമാണ് സംഭവിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. 

Content Highlight : Tanur Boat Tragedy, Boat accident, Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com