ബോട്ടപകടം: സ്രാങ്കും സഹായികളും പിടിയിൽ
Mail This Article
തിരൂരങ്ങാടി (മലപ്പുറം) ∙ താനൂർ ബോട്ട് അപകടത്തിനു ശേഷം ഒളിവിൽപോയ സ്രാങ്ക് അറസ്റ്റിൽ. ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം വാളപ്പുറത്ത് ദിനേശൻ (49) ആണ് ഇന്നലെ പുലർച്ചെ 2ന് താനൂരിൽനിന്ന് പിടിയിലായത്. ഇയാൾക്കെതിരെയും കൊലക്കുറ്റം ചുമത്തി. ബോട്ടിൽ സഹായികളായിരുന്ന അപ്പു, ബിലാൽ, അനിൽ എന്നിവരെയും താനൂർ പൊലീസ് പിടികൂടിയിട്ടുണ്ട്.
37 പേർ ബോട്ടിലുണ്ടായിരുന്നതായാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. നിലവിൽ ബോട്ട് ഉടമ താനൂർ സ്വദേശി നാസറാണ് ഒന്നാം പ്രതി. സ്രാങ്ക് ദിനേശൻ അഞ്ചാം പ്രതിയാണ്. നാസറിന്റെ സഹോദരൻ, സഹോദര പുത്രൻ, സുഹൃത്ത് എന്നിവരാണ് മറ്റു പ്രതികൾ.
ദിനേശൻ ഉൾപ്പെടെ ഇന്നലെ പിടികൂടിയ 4 പേരെയും തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലാണു ചോദ്യം ചെയ്തത്. ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസ്, എഎസ്പി വിജയ്ഭാരത റെഡ്ഡി, താനൂർ ഡിവൈഎസ്പി വി.വി.ബെന്നി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
അതേസമയം, പൂരപ്പുഴയിൽ നടത്തിവന്ന തിരച്ചിൽ അവസാനിപ്പിച്ചതായി കലക്ടർ വി.ആർ.പ്രേംകുമാർ അറിയിച്ചു. 22 പേർ മരിച്ച അപകടത്തിൽ 4 ദിവസം ഇവിടെ വിവിധ സേനകളുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയിരുന്നു.
യാത്രാബോട്ടുകൾ പരിശോധിക്കാൻ സ്പെഷൽ സ്ക്വാഡ്
തിരുവനന്തപുരം∙ താനൂർ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഉൾനാടൻ ജലഗതാഗത മേഖലയിലെ ബോട്ടുകൾ പരിശോധിക്കാൻ സ്പെഷൽ സ്ക്വാഡുകൾ രൂപീകരിക്കും. ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കും. ബോട്ട് സർവീസ് നടത്തുന്ന പ്രദേശങ്ങളിൽ തദ്ദേശസ്ഥാപന പ്രതിനിധികളെ ഉൾപ്പെടുത്തി ജാഗ്രതാ സമിതികൾ രൂപീകരിക്കാനും മന്ത്രി അഹമ്മദ് ദേവർകോവിൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനിച്ചു.
ഉൾനാടൻ ജലയാനങ്ങൾക്കു റജിസ്ട്രേഷൻ നൽകേണ്ട ചുമതല തുറമുഖ വകുപ്പിനാണ്. ഓരോ ബോട്ടിലും റജിസ്‌ട്രേഷൻ വിവരം, കയറ്റാവുന്ന ആളുകളുടെ എണ്ണം എന്നിവ പ്രദർശിപ്പിക്കണമെന്ന് ഇപ്പോൾ തന്നെ വ്യവസ്ഥയുണ്ട്. ഇത് എല്ലാവർക്കും കാണാവുന്ന വിധത്തിൽ ബോട്ടിനു പുറത്തുതന്നെ പ്രദർശിപ്പിക്കുന്നതിനു നടപടിയെടുക്കും. കേന്ദ്ര സർക്കാർ 2021 ൽ പുതിയ ഉൾനാടൻ ജലഗതാഗത നയം രൂപീകരിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട ചട്ടം രൂപീകരിച്ചിട്ടില്ല. 2010ൽ സംസ്ഥാനം രൂപീകരിച്ച ചട്ടം അനുസരിച്ചാണ് ഇപ്പോൾ റജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ ഉൾനാടൻ ജലഗതാഗത നയത്തിന് അനുസൃതമായി ചട്ടം രൂപീകരിക്കുന്നതിനു കേന്ദ്രത്തിൽ സമ്മർദം ചെലുത്താനും തീരുമാനിച്ചു. മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള, സിഇഒ സലിംകുമാർ തുടങ്ങിയവർ പങ്കെടുത്തു.
English Summary: Investigation on Tanur boat accident