‘താനാണോ റജിസ്ട്രേഷനില്ലെന്ന് തീരുമാനിക്കുന്നത്?’: ബോട്ടിനെതിരെ പരാതിപ്പെട്ടപ്പോൾ മന്ത്രിയുടെ ചോദ്യം
Mail This Article
പൊന്നാനി ∙ താനൂരിൽ അപകടത്തിൽപെട്ട ബോട്ട് അനധികൃതമാണെന്നു മന്ത്രിമാരോടു പറഞ്ഞിട്ടുകേട്ടില്ല. രക്ഷയില്ലെന്നുകണ്ടപ്പോൾ ഉദ്യോഗസ്ഥരോടും പൊലീസിനോടും പലതവണ പറഞ്ഞുവെന്നു മത്സ്യത്തൊഴിലാളിയും ഉല്ലാസബോട്ട് നടത്തിപ്പുകാരനുമായ താനൂർ ഒട്ടുംപുറം സ്വദേശി മാമുഞ്ഞിന്റെ പുരയ്ക്കൽ മുഹാജിദിന്റെ വെളിപ്പെടുത്തൽ. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസിനോടും വി.അബ്ദുറഹ്മാനോടുമാണു പരാതി ബോധ്യപ്പെടുത്തിയത്.
‘അറ്റ്ലാന്റിക് ബോട്ടിന് റജിസ്ട്രേഷനില്ലായെന്ന് പറഞ്ഞപ്പോൾ ‘താനാണോ റജിസ്ട്രേഷനില്ലെന്ന് തീരുമാനിക്കുന്നതെ’ന്നാണ് മന്ത്രി വി.അബ്ദുറഹ്മാൻ ചോദിച്ചത്. മന്ത്രി മുഹമ്മദ് റിയാസ് തന്റെ പിഎയ്ക്ക് പരാതി എഴുതി നൽകൂവെന്നാണു മറുപടി നൽകിയത്. പിഎയ്ക്കു പരാതി നൽകിയെങ്കിലും മന്ത്രി ഒരു നടപടിയും സ്വീകരിച്ചില്ല’– മുഹാജിദ് പറഞ്ഞു.
കഴിഞ്ഞ 23ന് മന്ത്രി പി.എ.മുഹമ്മദ് റിയാസും വി.അബ്ദുറഹിമാനും താനൂരിലെ ഫ്ലോട്ടിങ് ബ്രിജ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണു രണ്ടുപേരോടും മുഹാജിദ് പരാതി ബോധിപ്പിച്ചത്. പെരുന്നാളിനോടനുബന്ധിച്ച് അമിതമായി യാത്രക്കാരെ കയറ്റി ‘അറ്റ്ലാന്റിക്’ ബോട്ട് സർവീസ് നടത്തുമ്പോൾ ജെട്ടിക്കടുത്തുവന്നു രോഷത്തോടെ മുഹാജിദ് പ്രതികരിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു.
English Summary : No action was taken after complainting against Atlantic boat