ന്യൂനമർദം: സംസ്ഥാനത്ത് മഴ തുടങ്ങി; ശനിയാഴ്ച വരെ തുടരും
Mail This Article
തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കരുത്താർജിച്ചതോടെ സംസ്ഥാനത്തു മഴ തുടങ്ങി. ശക്തമായ മഴ പെയ്യുമെന്നതിനാൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നും വയനാട്ടിൽ നാളെയും കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്തു ശനിയാഴ്ച വരെ മിന്നലിന്റെയും കാറ്റിന്റെയും അകമ്പടിയോടെ മഴ തുടരും. ഇന്നലെ കൊച്ചി (20.2 മില്ലിമീറ്റർ), ആലപ്പുഴ (9.8), കോട്ടയം (6.8), തിരുവനന്തപുരം (2.3) മഴ ലഭിച്ചതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു.
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി തിങ്കളാഴ്ച രൂപപ്പെട്ട ന്യൂനമർദം ഇന്നത്തോടെ തീവ്രമാകുമെന്നും തുടർന്നു മോക്ക ചുഴലിക്കാറ്റായി മാറുമെന്നുമാണു മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല.
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ലെങ്കിലും കർണാടകതീരത്തു വിലക്കുണ്ട്. ചുഴലിക്കാറ്റ് വ്യാഴാഴ്ചവരെ വടക്കുപടിഞ്ഞാറുദിശയിൽ മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ സഞ്ചരിച്ചശേഷം പിന്നീടു ബംഗ്ലദേശ്, മ്യാൻമർ തീരത്തേക്കു നീങ്ങുമെന്നാണു നിഗമനം.
English Summary: Rain in many parts of Kerala