ADVERTISEMENT

തിരുവനന്തപുരം / കൊല്ലം ∙ വന്ദനയുടെ തണുത്ത നെറ്റിയിൽ കൈവച്ച് നിൽക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ഇടറി. ഏക മകളെ നഷ്ടപ്പെട്ട അച്ഛൻ കെ.ജി. മോഹൻദാസിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുമ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കണ്ണു നിറഞ്ഞു. വൈകാരിക നിമിഷങ്ങളായിരുന്നു കിംസ്, മെഡിക്കൽ കോളജ് ആശുപത്രികളിൽ. 

കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെയും പിജി വിദ്യാർഥികളുടെയും അധ്യാപകരുടെയും ശക്തമായ പ്രതിഷേധം രാവിലെ മുതൽ മെഡിക്കൽ കോളജിൽ തുടങ്ങിയിരുന്നു. വന്ദനയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിന് ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും വലിയസംഘം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. രാവിലെ 7.25നാണ് ഗുരുതര പരുക്കുകളോടെ വന്ദനയെ കിംസ് ആശുപത്രിയിലെത്തിച്ചത്. 

vandana-father
അരികിലുണ്ടെങ്കിലും... ഡോ. വന്ദന ദാസിന്റെ മൃതദേഹവുമായി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നു തിരിച്ച ആംബുലൻസിൽ വന്ദനയുടെ മാതാവ് വസന്തകുമാരിയും (ഇടത്തേയറ്റം) ബന്ധുവും പിതാവ് കെ.ജി.മോഹൻദാസും. ചിത്രം: മനോജ് ചേമഞ്ചേരി∙മനോരമ

രാവിലെ തന്നെ സുഹൃത്തുക്കളും സഹപാഠികളും ആശുപത്രിയിലെത്തി. പത്തരയോടെയാണ് വന്ദനയുടെ മാതാപിതാക്കളായ മോഹൻദാസും വസന്തകുമാരിയും എത്തിയത്. സ്പീക്കർ എ.എൻ.ഷംസീറും മന്ത്രി വീണാ ജോർജും വി.എൻ.വാസവനും ആശുപത്രിയിലെത്തി. 12ന് കിംസ് ആശുപത്രിയിൽ നിന്നും മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോർട്ടം കഴിഞ്ഞ് ഉച്ചയ്ക്ക് 2.20ന് മൃതദേഹം പുറത്തെത്തിച്ചു. തുടർന്ന് മോർച്ചറിക്ക് സമീപം അരമണിക്കൂർ പൊതുദർശനത്തിന് വച്ചു. 3 മണിയോടെ വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. അക്കാദമിക് ബ്ലോക്കിൽ പൊതുദർശനത്തിനായി വച്ചപ്പോൾ ആയിരക്കണക്കിനു പേരാണ് വന്ദനയെ അവസാനമായി കാണാനെത്തിയത്. ക്യാംപസ് നടുങ്ങുന്ന ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു നടന്ന പ്രതിഷേധം വിദ്യാർഥികളുടെ വേദന വ്യക്തമാക്കുന്നതായിരുന്നു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, എൻ.കെ.പ്രേമചന്ദ്രൻ എംപി, സിപിഎം ജില്ലാ സെക്രട്ടറി സുദേവൻ, എഐസിസി അംഗം ബിന്ദു ക‍ൃഷ്ണ, മുൻമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിച്ചു. 

‘അവളെ ഞങ്ങൾ പഠിപ്പിച്ച് വിട്ടത് ഇങ്ങനെ മടങ്ങിയെത്താനായിരുന്നില്ല... ’ അധ്യാപകനായിരുന്ന ഡോ. റിയാസിന്റെ വാക്കുകളിൽ ഒരു ക്യാംപസിന്റെ മുഴുവൻ വേദനയുണ്ടായിരുന്നു.

 

ശക്തമായ നടപടി വരും: പിണറായി

തിരുവനന്തപുരം ∙  ഡോ. വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഡ്യൂട്ടിക്കിടെ ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. ഇതേക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തും. ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

 

English Summary: Pinarayi Vijayan pay respects to Dr Vandana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com