ഡോക്ടർമാർ സമരം പിൻവലിച്ചു
Mail This Article
തിരുവനന്തപുരം ∙ നിയമം ഭേദഗതി ചെയ്യാമെന്നു സർക്കാർ ഉറപ്പുനൽകിയ സാഹചര്യത്തിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രഖ്യാപനങ്ങൾ യാഥാർഥ്യമാകുന്നതുവരെ ഡോക്ടർമാർ വിഐപി ഡ്യൂട്ടി ചെയ്യില്ലെന്ന് കെജിഎംഒഎ പ്രസിഡന്റ് ഡോ.ടി.എൻ.സുരേഷും ജനറൽ സെക്രട്ടറി ഡോ.പി.കെ.സുനിലും അറിയിച്ചു.
ഡോ. വന്ദന ദാസിന്റെ സ്മരണയിൽ തിളച്ച് സമരം
തിരുവനന്തപുരം ∙ നട്ടുച്ച വെയിലിനെക്കാൾ തിളച്ചു നിന്നതു ഡോ.വന്ദന ദാസിന്റെ ഓർമകളായിരുന്നു. സെക്രട്ടേറിയറ്റിനു മുന്നിലെ പൊള്ളുന്ന ടാർ റോഡിൽ ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും കുത്തിയിരുന്നു. ഇനിയൊരു വന്ദന ആവർത്തിക്കാതിരിക്കാനുള്ള ഉറപ്പും സുരക്ഷയുമായിരുന്നു അവരുടെ ആവശ്യം.
കൊട്ടാരക്കരയിൽ ഡ്യൂട്ടിക്കിടയിൽ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിനു നീതി ലഭിക്കുന്നതിനും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുദ്രാവാക്യങ്ങളുയർത്തി ഡോക്ടർമാർ ആരംഭിച്ച സമരത്തിന്റെ രണ്ടാം ദിവസവും സെക്രട്ടേറിയറ്റിനു മുന്നിൽ നൂറു കണക്കിനു പേരാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ), കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ), കേരള ഗവ.മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) ഉൾപ്പെടെ ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർഥികളുടെയും ഹൗസ് സർജന്മാരുടെയും സംഘടനകൾ പ്രതിഷേധ സമരത്തിന്റെ ഭാഗമായി.
സെക്രട്ടേറിയറ്റിനു മുന്നിലെ ധർണ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുൽഫി നൂഹു ഉദ്ഘാടനം ചെയ്തു. ആശുപത്രി സംരക്ഷണ നിയമം ഓർഡിനൻസായി ഇറക്കണമെന്നും ആശുപത്രികളെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്നുമുള്ള ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നു ഡോ.സുൽഫി നൂഹു പറഞ്ഞു.
സംസ്ഥാനത്തുടനീളം സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ പണിമുടക്കി സമരം നടത്തി. തിരുവനന്തപുരത്ത് ആർസിസി, ശ്രീചിത്ര മെഡിക്കൽ സെന്റർ ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികളിലെ ഡോക്ടർമാരും സമരത്തിന്റെ ഭാഗമായി. ജില്ലാ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികൾക്കു മുന്നിലും ഡോക്ടർമാർ പ്രകടനം നടത്തി. ഐസിയു, കാഷ്വൽറ്റി, ലേബർ റൂം തുടങ്ങിയ അടിയന്തര സേവനം ആവശ്യമുള്ള വിഭാഗങ്ങളെ ഒഴിവാക്കിയായിരുന്നു സമരം.
English Summary: Vandana Das death; Doctors stage protest