കെൽട്രോണും എസ്ആർഐടിയും പറയുന്ന കണക്ക് വെവ്വേറെ; ട്രോയ്സിന്റേത് മൂന്നിലൊന്നു തുക
Mail This Article
കോഴിക്കോട് ∙ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ യഥാർഥ ചെലവ് എന്തെന്ന ചോദ്യം ബാക്കി. പദ്ധതി ചുമതലയുള്ള കെൽട്രോണും ടെൻഡർ നേടിയ എസ്ആർഐടിയും പറയുന്ന കണക്കുകൾ വെവ്വേറെ. ഇതിന്റെ മൂന്നിലൊന്നു തുകയാണ് ക്യാമറ വിതരണം ചെയ്ത ട്രോയ്സ് പറയുന്ന കണക്ക്.
ഉപകരണങ്ങൾ വാങ്ങുന്നതിനും കൺട്രോൾ റൂമുകൾ, സോഫ്റ്റ്‌വെയർ എന്നിവയ്ക്കുമായി 128.15 കോടി രൂപയാണു ചെലവെന്നു കെൽട്രോൺ പറയുമ്പോൾ 100 കോടി ചെലവായി എന്നാണ് കഴിഞ്ഞ ദിവസം എസ്ആർഐടി വെളിപ്പെടുത്തിയത്. എന്നാൽ ക്യാമറകൾ സപ്ലൈ ചെയ്ത ട്രോയ്സ് കമ്പനിയുടെ കണക്കിൽ ആകെ ചെലവ് 57.05 കോടി രൂപയാണ്. പദ്ധതിയിൽ പണം മുടക്കാൻ കണ്ടെത്തുകയും പിന്നീട് വില കൂടുതലെന്നു ചൂണ്ടിക്കാട്ടി പിൻമാറുകയും ചെയ്ത അൽഹിന്ദ് കമ്പനിക്കു ട്രോയ്സ് നൽകിയതാണ് ഈ 57.05 കോടിയുടെ കണക്ക്.
ട്രോയ്സ് റിപ്പോർട്ടിൽ പറയുന്നതു പ്രകാരമുള്ള കണക്കുകൾ ഇങ്ങനെയാണ്:
വിവിധ ഇനം എഐ ക്യാമറകൾ അടക്കം ആകെ 45 ഇനം ഉപകരണങ്ങൾ വാങ്ങാനുള്ള ചെലവ്– 28.4 കോടി രൂപ,
സെൻട്രൽ കൺട്രോൾ റൂം, സോഫ്റ്റ്‍വെയർ, സോഫ്റ്റ്‍വെയർ ലൈസൻസ് അടക്കമുള്ളവയ്ക്കുള്ള ചെലവ്– 8.70 കോടി രൂപ,
ഉപകരണങ്ങൾ റോഡിൽ ഘടിപ്പിക്കാനാവശ്യമായ ഉപകരണങ്ങൾ അടക്കമുള്ള സാമഗ്രികൾ വാങ്ങുക, ഉപകരണങ്ങൾ ഘടിപ്പിക്കുക, ഇവയുടെ വാറന്റി സപ്പോർട്ട് അടക്കമുള്ളയ്ക്കുള്ള ചെലവ്– 4.18 കോടി രൂപ
4,5 വർഷങ്ങളിലെ വാർഷിക അറ്റകുറ്റപ്പണി ചെലവ്– 7 കോടി രൂപ
ആകെ – 48.35 കോടി രൂപ
ജിഎസ്ടി– 8.70 കോടി രൂപ
ആകെ ചെലവ്– 57.05 കോടി രൂപ
128.15 കോടിക്കു പുറമേ സോളർ പാനൽ, ബാറ്ററി, കേബിൾ എന്നിവയ്ക്കായി കെൽട്രോൺ അധികമായി 4.21 കോടി രൂപ കൂടി ചെലവു പറയുന്നുണ്ട്. എന്നാൽ ഇതെല്ലാം ഉൾപ്പെട്ടതാണ് ട്രോയ്സിന്റെ കണക്ക്.
English Summary : Camera project to observe tranportation how much does it real cost