ADVERTISEMENT

തിരൂർ ∙ ഇടതു സ്വതന്ത്രനായി താനൂർ മണ്ഡലത്തിൽ രണ്ടു തവണ മത്സരിച്ചു ജയിച്ച മന്ത്രി വി.അബ്ദുറഹിമാൻ സിപിഎമ്മിലേക്ക്. മന്ത്രിക്കു സിപിഎം അംഗത്വം നൽകിയതായി തിരൂർ ഏരിയാ നേതൃത്വം സ്ഥിരീകരിച്ചു. എന്നാൽ, പാർട്ടി അംഗത്വമെന്നതു സ്വാഭാവിക നടപടിക്രമം  മാത്രമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വി.അബ്ദുറഹിമാന് ഒരു വർഷം മുൻപു പാർട്ടിയുടെ കാൻഡിഡേറ്റ് അംഗത്വം ലഭിച്ചിരുന്നു. കാൻഡിഡേറ്റ് അംഗത്വ സൂക്ഷ്മപരിശോധനയ്ക്കുശേഷമാണു അബ്ദുറഹിമാനെ സിപിഎം അംഗത്വത്തിലേക്കു പരിഗണിച്ചതെന്നാണു വിവരം. 

ഇക്കാര്യത്തിൽ പ്രതികരിക്കാൻ സിപിഎം ജില്ലാ നേതൃത്വം വിസ്സമ്മതിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി നിർദേശിക്കുന്ന ഘടകമായിരിക്കും ഇനി അബ്ദുറഹിമാന്റെ പ്രവർത്തനമേഖല. തിരൂർ, താനൂർ ഏരിയ കമ്മിറ്റികളിലേക്കോ ജില്ലാ കമ്മിറ്റിയിലേക്കോ പരിഗണിക്കപ്പെടുമെന്നാണു സൂചന. കോൺഗ്രസ് വിട്ട് 9 വർഷത്തിനു ശേഷമാണു മന്ത്രി വി.അബ്ദുറഹിമാൻ സിപിഎം അംഗത്വത്തിലേക്കെത്തുന്നത്. 

മലപ്പുറം ജില്ലയിൽ ആകെ നാലു നിയമസഭാ സീറ്റുകളാണ് ഇടതുപക്ഷത്തിന്. ഇതിൽ മൂന്നെണ്ണവും സ്വതന്ത്ര സ്ഥാനാർഥികളിലൂടെയാണു നേടിയത്. ഇതിലൊരാളായിരുന്നു വി.അബ്ദുറഹിമാൻ. തവനൂരിൽനിന്നു ജയിച്ച കെ.ടി.ജലീൽ, നിലമ്പൂരിൽനിന്നു ജയിച്ച പി.വി.അൻവർ എന്നിവർ ഇപ്പോഴും പാർട്ടി അംഗത്വം സ്വീകരിച്ചിട്ടില്ല.

2014ൽ കോൺഗ്രസ് വിട്ടു; സിപിഎം അംഗത്വം 9 വർഷത്തിനു ശേഷം

കെപിസിസി നിർവാഹക സമിതി അംഗമായിരുന്ന അബ്ദുറഹിമാൻ കോൺഗ്രസ് വിട്ടത് 2014ൽ. തുടർന്ന് ആ വർഷം നടന്ന തിരഞ്ഞെടുപ്പിൽ പൊന്നാനി ലോക്സഭയിൽ ഇടതു സ്വതന്ത്രനായി മത്സരിച്ചു. 2016ൽ താനൂരിൽ ഇടതു സ്വതന്ത്രനായി മത്സരിച്ച് ജയിച്ച അബ്ദുറഹിമാൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെനിന്ന് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന മുസ്‌ലിം ലീഗിലെ പി.കെ.ഫിറോസിനെതിരെ മത്സരിച്ചു ജയിക്കുകയും രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയാകുകയും ചെയ്തു. നാഷനൽ സെക്യുലർ കോൺഫറൻസ് എന്ന ലേബലിലാണു മത്സരിച്ചത്. താനൂർ ബോട്ടപകടത്തെ തുടർന്നുണ്ടായ ആരോപണങ്ങളിൽനിന്ന് രക്ഷ നേടാനാണ് അബ്ദുറഹിമാൻ സിപിഎമ്മിൽ അംഗത്വം നേടിയതെന്നു രാഷ്ട്രീയ എതിരാളികൾ വിമർശനം ഉയർത്തുന്നുണ്ട്.

English Summary: Minister V Abdurahiman Joins CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com