ADVERTISEMENT

കൊച്ചി∙ ഇറാനിലെ മക്രാൻ തുറമുഖത്തു നിന്ന്, 15,000 കോടി രൂപ വിലവരുന്ന 2500 കിലോഗ്രാം രാസലഹരി മരുന്നുമായി പുറപ്പെട്ട പാക്ക്ബോട്ട് ഇന്ത്യൻ സമുദ്രമേഖലയിൽ പ്രവേശിച്ചതോടെ നാവിക സേനയുടെ നിരീക്ഷണത്തിലായിരുന്നു.

ഓപ്പറേഷൻ സമുദ്രഗുപ്തയുടെ ഭാഗമായി ഇതുവരെ പിടികൂടിയ ലഹരിമരുന്ന് പാക്കിസ്ഥാൻ ലഹരി സംഘമായ ‘ഹാജി സലിം നെറ്റ്‌വർക്കിന്റേ’തായിരുന്നു. എന്നാൽ മറ്റു കാർട്ടലുകളുടെ മുദ്രകളും ഇത്തവണ പിടികൂടിയ ചാക്കുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്. ലഹരിയുടെ ഉറവിടം, ഉടമസ്ഥത എന്നിവ സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തേൾ, ബിറ്റ് കോയിൻ തുടങ്ങിയ മുദ്രകളാണ് ഇത്തവണ പിടികൂടിയ പാഴ്സലുകളിൽ ഉള്ളത്. ഇതിൽ തേൾ ഹാജി സലിം നെറ്റ്‍വർക്കിന്റെ വ്യാപാര മുദ്രയാണ്. പാക്കിസ്ഥാനിൽ ഉൽപാദിപ്പിക്കുന്ന ‘അൽ ഹുസൈൻ’ ബസുമതി അരി ബ്രാൻഡ് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ചാക്കുകൾ തുന്നിക്കൂട്ടിയാണു ലഹരിമരുന്നു പാഴ്സലുകൾ പൊതിഞ്ഞിട്ടുള്ളത്. കടലിൽ നിന്നു പിടികൂടിയ ലഹരിമരുന്ന് ഇന്നലെയാണു കൊച്ചി തുറമുഖത്ത് എത്തിച്ചത്. 

സംഘം രക്ഷപ്പെട്ടത് കപ്പൽ മുക്കിയ ശേഷം

കൊച്ചി∙ ഇന്ത്യൻ നാവികസേനയുടെ കപ്പലും ഹെലികോപ്റ്ററും പിന്തുടരുന്ന കാര്യം മനസ്സിലാക്കിയ ലഹരി കടത്തു സംഘം ലഹരിമരുന്നു കടത്തിക്കൊണ്ടുവന്ന മദർ ഷിപ്പ് മുക്കിയ ശേഷമാണു കടന്നുകളഞ്ഞതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു .

പിടിച്ചതിനെക്കാൾ കൂടുതൽ അളവ് കടലിൽ മുക്കിയതായാണ് സംശയം. ഇറാനിലെ ചാബഹാർ തുറമുഖത്തു നിന്നാണു മദർഷിപ്പ് പുറപ്പെട്ടത്. കടലിൽ മുങ്ങിയാലും വെള്ളം കയറാത്ത കണ്ടെയ്നറുകളിലാണ് രാസലഹരി അടക്കം ചെയ്തിട്ടുള്ളത്. മുക്കിയ ലഹരിമരുന്നു കണ്ടെത്താൻ നാവിക സേന ശ്രമിക്കുന്നുണ്ട്.

ലഹരിമരുന്നു പിടിച്ചതിനെ തുടർന്നുള്ള  അന്വേഷണം ഏകോപിപ്പിക്കാൻ എൻസിബി ഡപ്യൂട്ടി ഡയറക്ടർ സഞ്ജയ് കുമാർ സിങ് കൊച്ചിയിൽ തങ്ങുന്നുണ്ട്. കപ്പലിൽ ഉണ്ടായിരുന്ന മറ്റു കടത്തുകാർ ചെറുബോട്ടുകളിൽ ലക്ഷദ്വീപിലെ ആളൊഴിഞ്ഞ തുരുത്തുകളിലേക്കു കടന്നുകളഞ്ഞതായുള്ള സംശയത്തെ തുടർന്നു കടലിലും കരയിലും തിരച്ചിൽ ശക്തമാക്കി. 

പാക്കിസ്ഥാൻ– അഫ്ഗാനിസ്ഥാൻ– ഇറാൻ കേന്ദ്രീകരിച്ചും മ്യാൻമർ– തായ്‌ലൻഡ്– ലാവോസ് കേന്ദ്രീകരിച്ചും ലഹരി കാർട്ടലുകളുടെ ‘മരണ ത്രികോണങ്ങൾ’ കടത്തുന്ന ലഹരിമരുന്നാണു അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നു നാവികസേന മുൻപ് പിടികൂടിയിട്ടുള്ളത്.

English Summary : Drug smuggling 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com