ആറ്റിങ്ങൽ, പെരുമ്പാവൂർ വധക്കേസ്: ‘മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷന്’ ഉത്തരവ്; സംസ്ഥാനത്ത് ഇതാദ്യം
Mail This Article
കൊച്ചി ∙ പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി വധക്കേസിലെ പ്രതി അസം സ്വദേശി അമീറുൽ ഇസ്‌ലാം, ആറ്റിങ്ങൽ ഇരട്ടക്കൊല കേസ് പ്രതി നിനോ മാത്യു എന്നിവർക്കു വിചാരണ കോടതി നൽകിയ വധശിക്ഷയിൽ ഇളവു നൽകേണ്ടതുണ്ടോ എന്നുള്ള അന്വേഷണത്തിന് (മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷൻ) ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന നീതിന്യായ ചരിത്രത്തിലാദ്യമായാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ടു പ്രതികളുടെ ശിക്ഷ ഉറപ്പാക്കുന്നതിനു മുൻപ് ഇത്തരമൊരു അന്വേഷണം. സുപ്രീംകോടതി ഈയിടെ പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണു ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
തിരുവനന്തപുരം പൂജപ്പൂര സെൻട്രൽ ജയിലിലാണു നിനോ മാത്യു. തൃശൂർ വിയ്യൂർ ജയിലിലാണു അമീറുൽ ഇസ്‌ലാം. ഇരുപ്രതികളുടെയും കുടുംബ, വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, തൊഴിൽ പശ്‌ചാത്തലം; മാനസികനില, ക്രിമിനൽ പശ്ചാത്തലം, നേരത്തെയുള്ള അക്രമസ്വഭാവം, പീഡനം, അവഗണന നേരിട്ടതിന്റെ ചരിത്രം തുടങ്ങിയവ പരിശോധിക്കാൻ സ്വതന്ത്ര അന്വേഷണത്തിനാണ് ഉത്തരവിട്ടത്. നിനോ മാത്യുവിന്റെ റിപ്പോർട്ട് നൽകാൻ ഡൽഹി നാഷനൽ ലോ യൂണിവേഴ്‌സിറ്റിയോടു ചേർന്നുള്ള പ്രൊജക്ട് 39 ഏജൻസിയിലെ അംഗമായ സി.പി. ശ്രുതിയെയും അമീറുൽ ഇസ്‌ലാമിന്റെ റിപ്പോർട്ടിനു മറ്റൊരംഗമായ നൂറിയ അൻസാരിയെയുമാണ് ചുമതലപ്പെടുത്തിയത്. ഇവർ 2 മാസത്തിനകം റിപ്പോർട്ടു നൽകണം. അപൂർവങ്ങളിൽ അപൂർവമാണു കേസെന്നു വിലയിരുത്തി വധശിക്ഷ വിധിക്കുമ്പോൾ കുറ്റവാളിയെ പരിവർത്തനം ചെയ്യാനും പുനരധിവാസിപ്പിക്കാനും സാധ്യമല്ലെന്ന തീരുമാനത്തിൽ കോടതി എത്തണമെന്നാണു സുപ്രീംകോടതി ഉത്തരവ്.
∙ മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷൻ
വധശിക്ഷ ഇളവു ചെയ്യാൻ മതിയായ മറ്റു കാരണങ്ങളുണ്ടോയെന്ന അന്വേഷണമാണിത്. പ്രതിയെങ്ങനെ ക്രിമിനലായി എന്നതുൾപ്പെടെയുള്ള വസ്തുതകളാണു പരിശോധിക്കുന്നത്. ഹൈക്കോടതി തീരുമാനമെടുക്കുന്നതുവരെ പ്രോജക്ട് 39 എ അംഗങ്ങൾ നൽകിയ റിപ്പോർട്ടുകൾ ഹൈക്കോടതിയും പകർപ്പുകൾ പ്രോസിക്യൂഷനും പ്രതിഭാഗവും രഹസ്യമാക്കി വയ്ക്കണം. അപ്പീൽ തീരുമാനിക്കുന്ന അന്തിമഘട്ടത്തിൽ ഹൈക്കോടതി ഈ റിപ്പോർട്ടുകൾ പരിഗണിക്കും. ഇതിനുപുറമേ പ്രതികളുടെ മനോനില, തൊഴിൽ, ജയിലിലെ പെരുമാറ്റം തുടങ്ങിയ കാര്യങ്ങളിൽ സർക്കാരും റിപ്പോർട്ടു നൽകണം.
പെരുമ്പാവൂർ കുറുപ്പംപടിയിലെ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ട കേസിലെ കുറ്റവാളി അസം നാഗോൺ സോലപത്തൂർ സ്വദേശി അമീറുൽ ഇസ്‌ലാമിനു (24) എറണാകുളം പ്രത്യേക കോടതി 2017 ഒക്ടോബർ 12നാണ് വധശിക്ഷ വിധിച്ചത്. ആലംകോട് അവിക്സ് ജംക്‌ഷനു സമീപം പണ്ടാരക്കോണം ലെയ്നിലെ തുഷാരയിൽ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ ഓമന (58), ചെറുമകൾ സ്വാസ്തിക (നാല്) എന്നിവരെ കൊലപ്പെടുത്തുകയും ഓമനയുടെ മകനും സ്വാസ്തികയുടെ അച്ഛനുമായ ലിജീഷിനെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലാണു ഒന്നാംപ്രതി നിനോ മാത്യുവിനു തിരുവനന്തപുരം സെഷൻസ് കോടതി 2016 ഏപ്രിൽ 18ന് വധശിക്ഷ വിധിച്ചത്.
English Summary: Kerala high court calls for mitigation investigation in Jisha and Attingal murder cases