ഡോ. വന്ദനയുടെ കൊലപാതകം: പ്രതി സന്ദീപ് കസ്റ്റഡിയിൽ
Mail This Article
കൊട്ടാരക്കര ∙ താലൂക്കാശുപത്രിയിലെ ഹൗസ് സർജൻ ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി.സന്ദീപിനെ (42) അഞ്ചുദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്നും 19നും 15 മിനിറ്റ് വീതം അന്വേഷണോദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ അഭിഭാഷകനെ കാണാൻ അനുവദിക്കണമെന്നും കാലിലെ പരുക്കിനു ചികിത്സ നൽകണമെന്നും കോടതി നിർദേശിച്ചു.
സന്ദീപിനു ശാരീരിക പ്രശ്നങ്ങളുണ്ടെന്നും കാലിൽ നീരും മൂത്രതടസ്സവും ഉണ്ടെന്നു പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ബി.എ.ആളൂർ വാദിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ചുവെന്നു പറയുന്ന ആയുധമടക്കം എല്ലാ തെളിവുകളും പൊലീസിനു ലഭിച്ച സാഹചര്യത്തിൽ കസ്റ്റഡി അപേക്ഷ പിന്നീട് പരിഗണിച്ചാൽ മതിയാകുമെന്നും ആളൂർ വാദിച്ചു. എന്നാൽ പൊലീസ് കസ്റ്റഡി അനിവാര്യമാണെന്നു അസി. പബ്ലിക് പ്രോസിക്യൂട്ടർ ഷൈല മത്തായി വാദിച്ചു. പ്രതിയെ മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരാക്കി മാനസികാരോഗ്യ നില പരിശോധിക്കണമെന്നുമുള്ള പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിച്ചു.
സന്ദീപിന്റെ ഇടത് കാലിൽ പൊട്ടൽ
പുനലൂർ ∙ സന്ദീപിന്റെ ഇടതുകാലിൽ പൊട്ടലുണ്ടെന്നു കണ്ടെത്തി. പക്ഷേ നീരുള്ളതിനാൽ ഒരാഴ്ചയ്ക്കു ശേഷമേ പ്ലാസ്റ്ററിടാനാവൂ. വലതുകാലിൽ ചതവുണ്ടെന്നു കണ്ടതിനാൽ ഈ കാലിൽ പ്ലാസ്റ്ററിട്ടു. പുനലൂർ താലൂക്കാശുപത്രിയിലെത്തിച്ചാണു പ്ലാസ്റ്ററിട്ടത്.
English Summary : Dr. vandana das murder case