ADVERTISEMENT

തിരുവനന്തപുരം ∙ മുട്ടത്തറ സർവീസ് സഹകരണ ബാങ്കിൽ വായ്പയുടെ പേരിൽ നടക്കുന്ന കോടികളുടെ അഴിമതി അവസാനിപ്പിക്കണമെന്നും തങ്ങളെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു ബാങ്കിനു കീഴിലെ 7 ശാഖാ മാനേജർമാർ അടക്കമുള്ള ഉദ്യോഗസ്ഥർ സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന ആനാവൂർ നാഗപ്പനു ഒന്നര വർഷം മുൻപേ കത്തു നൽകി. 

2021 ഒക്ടോബർ 10നു നൽകിയ കത്തിൽ ബാങ്ക് സെക്രട്ടറി, അസി.സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ്, മെയിൻ ബ്രാഞ്ച് മാനേജർ, മണക്കാട്, അമ്പലത്തറ, ബീമാപള്ളി, പൂന്തുറ, എയർപോർട്ട്, കാലടി, എന്നീ ബ്രാഞ്ചുകളിലെ മാനേജർമാർ എന്നിവരാണ് ഒപ്പിട്ടിട്ടുള്ളത്. പെരുനെല്ലി മാനേജർ ഒപ്പിട്ടിട്ടില്ല. 

കത്തിൽ പറയുന്നത്: 

∙ ക്ലാസ് 1 സൂപ്പർ ഗ്രേഡായി പ്രവർത്തിക്കുന്ന മുട്ടത്തറ ബാങ്കിനു ഹെഡ് ഓഫിസിനു പുറമേ 8 ബ്രാഞ്ചുകൾ ഉണ്ട്. ഈ അഴിമതി പാർട്ടിയെ അറിയിച്ചില്ലെങ്കിൽ ബാങ്ക് പ്രതിസന്ധിയിലാകും. 2 പേരുടെ പരസ്പര ജാമ്യത്തിൽ ചെക്ക് ലീഫ് വാങ്ങി ഒരാൾക്കു 100 ദിവസത്തെ കാലാവധിക്കു 20,000 രൂപ നൽകുന്നതാണ് എസ്ബിഎൽ വായ്പ. ചാല ഏരിയ സെക്രട്ടറിയുടെ ഒത്താശയോടെ പല സഖാക്കളും കൃഷി, മീൻ കച്ചവടം, പാർട്ടി ഓഫിസ് പുതുക്കിപ്പണിയൽ, പാർട്ടി പത്രം എന്നെല്ലാം പറഞ്ഞു വായ്പ എടുക്കും. തിരിച്ചടയ്ക്കില്ല. 

ജനത്തിന്റെ പണമെടുത്ത് ഇത്തരത്തിൽ തിരിച്ചടയ്ക്കാത്ത വായ്പ ഇനി നൽകാൻ പറ്റില്ലെന്നു 2017ൽ വിരമിച്ച മുൻ സെക്രട്ടറി പറഞ്ഞപ്പോൾ അദ്ദേഹത്തെ ഫോണിലൂടെ അസഭ്യം പറഞ്ഞു. നിലവിലെ സെക്രട്ടറിയും ഇത്തരത്തിൽ നിയമവിരുദ്ധമായി വായ്പ നൽകാൻ പറ്റില്ലെന്നു ഭരണ സമിതിയെ അറിയിച്ചു. പല യോഗങ്ങളിലും സെക്രട്ടറിയുടെ വിയോജിപ്പു മിനിറ്റ്സിൽ രേഖപ്പെടുത്തി. ഏരിയ സെക്രട്ടറിയുടെ നിർദേശമാണ്, വായ്പ കൊടുത്തേ പറ്റൂ എന്നു ഭരണസമിതി നിലപാടെടുത്തു. 

∙ ബാങ്ക് സെക്രട്ടറി എന്ന നിലയിൽ ഇത്തരം വായ്പ നൽകാൻ പറ്റില്ലെന്ന് ഏരിയ സെക്രട്ടറിയെ അറിയിച്ചു. മോശമായ പ്രതികരണമാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്. ഈ വായ്പ കുടിശിക പിരിച്ചെടുക്കാൻ നടപടി വേണമെന്നു ബാങ്ക് ഓഡിറ്റർ റിപ്പോർട്ട് നൽകി. എന്നാൽ എല്ലാവരെക്കൊണ്ടും തിരിച്ചടപ്പിച്ചോളാമെന്നു പ്രസിഡന്റ് പറഞ്ഞു. ഏരിയ സെക്രട്ടറി എസ്.എ.സുന്ദറിനു വായ്പ തിരിച്ചടയ്ക്കാൻ നോട്ടിസ് അയച്ചപ്പോൾ അദ്ദേഹം കൈപ്പറ്റിയില്ല. 

∙ ബാങ്ക് ലീഗൽ അഡ്വൈസറായ സുന്ദറിനു ഫീസ് നൽകുമ്പോൾ മാസം 2000 രൂപ പിടിച്ചു വായ്പയിൽ ഉൾക്കൊള്ളിക്കണമെന്നു മാനേജർക്കു സെക്രട്ടറി നിർദേശം നൽകി. പാർട്ടി ആവശ്യത്തിന് എടുത്ത പണം തിരിച്ചടയ്ക്കാൻ പറയാ‍ൻ പാടില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറിയോട് ഒരപേക്ഷയാണുള്ളത്. സത്യസന്ധമായും നിർഭയമായും നിയമത്തിനു വിധേയമായി ജോലി ചെയ്യാനുള്ള അവസരം ഉണ്ടാക്കിത്തരണം.

കുടിശികയിൽ പകുതിയും പാർട്ടിക്കാരുടെ വക

2021 ഒക്ടോബറിലെ കണക്കനുസരിച്ചു ബാങ്ക് നൽകിയ എസ്ബിഎൽ വായ്പ 1.13 കോടി രൂപ. തിരിച്ചടയ്ക്കാതെ കുടിശിക വരുത്തിയത് 1.11 കോടി രൂപ. ബാങ്കിനു കിട്ടേണ്ടിയിരുന്ന പലിശ 20.89 ലക്ഷം രൂപ. ആകെ നൽകിയ വായ്പയിൽ 60.18 ലക്ഷം രൂപ പാർട്ടിക്കാരായ ആളുകൾക്ക് ഓരോ സഖാക്കളുടെ ശുപാർശയിൽ നൽകിയതാണെന്നും കത്തിൽ പറയുന്നു.

English Summary: Muttathara service corporative bank loan corruption - employees letter to cpm district secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com