നിയമസഭ അക്രമം: തുടരന്വേഷണം ആവശ്യപ്പെട്ട് സിപിഐ മുൻ എംഎൽഎമാർ
Mail This Article
തിരുവനന്തപുരം ∙ നിയമസഭയ്ക്കുള്ളിലെ അക്രമക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടു സിപിഐ മുൻ എംഎൽഎമാർ കോടതിയിൽ ഹർജി നൽകി. സിപിഐ നേതാവും പീരുമേട് എംഎൽഎയുമായിരുന്ന ഇ.എസ്.ബിജിമോളും നാട്ടിക എംഎൽഎ ആയിരുന്ന ഗീതാ ഗോപിയുമാണു സിജെഎം കോടതിയെ സമീപിച്ചത്. ഹർജിയിലെ നിയമ സാധുത പരിശോധിക്കാനും വിശദവാദം കേൾക്കാനും കേസ് ഈ മാസം 29നു പരിഗണിക്കും.
ഇപ്പോൾ മന്ത്രി വി.ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണു നിയമസഭാ ആക്രണക്കേസിലെ പ്രതികൾ. കേസ് പിൻവലിക്കാൻ എൽഡിഎഫ് സർക്കാർ സുപ്രീംകോടതി വരെ പോരാടിയെങ്കിലും ഫലം കണ്ടില്ല. തുടർന്നു കേസ് വിചാരണയ്ക്ക് എടുക്കാനിരിക്കെയാണു യുഡിഎഫ് എംഎൽഎമാരെക്കൂടി കേസിൽ പ്രതികളാക്കുക എന്ന ലക്ഷ്യത്തോടെ ഇപ്പോൾ കോടതിയിൽ ഹർജി എത്തിയിരിക്കുന്നത്.
കയ്യാങ്കളിയിൽ തങ്ങൾക്കും പരുക്കു പറ്റിയതായി ഇരുവരുടെയും ഹർജിയിൽ പറയുന്നു. അന്നു മ്യൂസിയം പൊലീസിനു പരാതി നൽകിയെങ്കിലും പരുക്കിനെക്കുറിച്ച് അന്വേഷിച്ചില്ല. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഇരുവർക്കും പരുക്കേറ്റ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും മൊഴി രേഖപ്പെടുത്തുകയോ സാക്ഷിയാക്കുകയോ ചെയ്തില്ല. കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞതിനാലാണു തുടരന്വേഷണം ആവശ്യപ്പെടുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ നിയമസഭയ്ക്കുള്ളിൽ അക്രമം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണു കേസ്. യുഡിഎഫ് സർക്കാർ എടുത്ത കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് എൽഡിഎഫിന്റെ വാദം.
English Summary: Plea in Assembly ruckus case