കാട്ടുപോത്ത് 3 പേരെ കൊന്നു
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഞെട്ടിച്ച് ജനവാസ മേഖലകളിൽ കാട്ടുപോത്തിന്റെ ആക്രമണം. കോട്ടയം എരുമേലി കണമലയിൽ 2 പേരും കൊല്ലം ആയൂരിൽ ഒരാളും കൊല്ലപ്പെട്ടു. കണമല അട്ടിവളവ് പ്ലാവനാക്കുഴി (പുന്നത്തുറ) തോമസ് ആന്റണി (63), പുറത്തേൽ ചാക്കോ (70), ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവേൽ വർഗീസ് (രാജൻ–64) എന്നിവരാണു മരിച്ചത്. തൃശൂർ കൊരട്ടി മേലൂരിലും ജനവാസമേഖലയിൽ കാട്ടുപോത്തിറങ്ങി.
∙ ശബരിമല വനത്തിൽനിന്നാണ് കണമലയിൽ കാട്ടുപോത്ത് ഇറങ്ങിയത്. പുലർച്ചെ 5.40നു വീടിനടുത്തുള്ള റബർ തോട്ടത്തിൽ ശബ്ദം കേട്ടാണു തോമസ് ആന്റണി പുറത്തിറങ്ങിയത്. തട്ടുതട്ടായുള്ള റബർ തോട്ടത്തിലേക്കിറങ്ങിയ തോമസിനെ മുകളിൽനിന്നു പാഞ്ഞുവന്ന കാട്ടുപോത്ത് കുത്തിവീഴ്ത്തി. തോമസ് വീണുകിടക്കവെ തന്നെ ഫോണിൽ സഹോദരങ്ങളെ വിളിച്ചു. ആന്തരികാവയവങ്ങൾ പുറത്തുവരികയും ഇരുകാലുകളും ഒടിയുകയും ചെയ്തിരുന്നു. ഭാര്യ: ലൈസാമ്മ. മക്കൾ: അമല, വിമല.
തോമസിന്റെ വീട്ടിൽനിന്ന് 400 മീറ്റർ താഴെയാണ് ചാക്കോയുടെ വീട്. വരാന്തയിൽ പത്രം വായിച്ചിരിക്കുമ്പോൾ കാട്ടുപോത്ത് ഉയരമുള്ള കയ്യാല തകർത്തു പാഞ്ഞുവന്നു കുത്തുകയായിരുന്നു. മുറ്റത്തേക്കു തെറിച്ചുവീണപ്പോൾ വീണ്ടും കുത്തി. ചാക്കോയുടെ ഭാര്യ: ആലീസ്. മക്കൾ: അനു, നീത, നിഷ.
കാട്ടുപോത്തിനെ കണ്ടു ഭയന്നോടിയ വെട്ടിക്കൽ ഓലിക്കൽ ജോസഫിനു (54) വീണു പരുക്കേറ്റു. പോത്ത് റോഡിലൂടെ സമീപത്തെ പള്ളിയുടെ വളപ്പിലേക്കാണ് ഓടിപ്പോയത്. കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാൻ കോട്ടയം ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്.
∙ വീടിനു പിന്നിലെ റബർ തോട്ടത്തിൽവച്ച് ഇന്നലെ രാവിലെ എട്ടരയോടെയാണു സാമുവേൽ വർഗീസിനു കുത്തേറ്റത്. സമീപത്തെ റബർ തോട്ടത്തിൽ അവശനിലയിൽ കണ്ട കാട്ടുപോത്ത് പിന്നീടു ചത്തു. ദുബായിൽ മകൾക്കൊപ്പമായിരുന്ന സാമുവേലും ഭാര്യ സാറാമ്മയും കഴിഞ്ഞദിവസമാണു തിരിച്ചെത്തിയത്. മക്കൾ: രാജി, സുജി. മരുമക്കൾ: റോബിൻ, അനീഷ്.
∙ കൊരട്ടി മേലൂരിൽ ഇന്നലെ പുലർച്ചെയാണു കാട്ടുപോത്തിനെ ആദ്യം കണ്ടത്. ഉച്ചയോടെ കല്ലുകുത്തിയിൽ വച്ചു കാണാതായി. വൈകിട്ട് 5.30നു ശാന്തിപുരം പള്ളിയുടെ പിന്നിൽ വീണ്ടും കണ്ടെത്തി. ആക്രമണസ്വഭാവമില്ലാത്തതിനാൽ മലയാറ്റൂർ വനത്തിലേക്കു കടത്തിവിടാനാണു വനപാലകരുടെ ശ്രമം.
തൃശൂർ പൈങ്കുളത്ത് ബൈക്കിനു മുന്നിൽ കാട്ടുപന്നി ചാടിയതിനെത്തുടർന്ന് സഹോദരങ്ങൾക്കു ഗുരുതര പരുക്കേറ്റു. പാഞ്ഞാൾ കാരപ്പറമ്പിൽ രാധ (33), പൈങ്കുളം കരിയാർകോട് രാകേഷ് (30) എന്നിവരെ പരുക്കുകളോടെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആദ്യഘട്ടത്തിൽ 5 ലക്ഷം
തിരുവനന്തപുരം ∙ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആദ്യഘട്ടമെന്ന നിലയ്ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നു വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. കണമലയിലെ ഇരു കുടുംബങ്ങൾക്കുമുള്ള തുക ഇന്നു തന്നെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നു കോട്ടയം കലക്ടർ ഡോ.പി.കെ ജയശ്രീ അറിയിച്ചു. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷമാണ് സർക്കാർ നഷ്ടപരിഹാരം. ബാക്കി 5 ലക്ഷം വീതം പോസ്റ്റ്മോർട്ടം റിപ്പോർട്ടും അനന്തരാവകാശികളെ സംബന്ധിച്ച സർട്ടിഫിക്കറ്റും ലഭിക്കുന്ന മുറയ്ക്കു നൽകുമെന്നു മന്ത്രി പറഞ്ഞു. കൂടുതൽ തുകയ്ക്കു ശുപാർശ ചെയ്യുമെന്നുംകലക്ടർ പ്രഖ്യാപിച്ചു.
എടക്കരയിൽ കരടി
എടക്കര (മലപ്പുറം) ∙ കാട്ടിൽ തേൻ ശേഖരിക്കാൻ പോയ ആദിവാസിക്കു കരടിയുടെ ആക്രമണത്തിൽ പരുക്കേറ്റു. മുണ്ടേരി തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്ത (55) മീൻമുട്ടിയിൽ വ്യാഴാഴ്ച വൈകിട്ടാണ് കരടിക്കുമുന്നിൽപെട്ടത്. രക്ഷപ്പെടാൻ മരത്തിൽ ഓടിക്കയറുന്നതിനിടെ പിന്നിൽനിന്നായിരുന്നു ആക്രമണം.
English summary: Bison attack; 3 killed