മുഹമ്മദ് ഷഫീഖിന്റെ മരണം; ആത്മഹത്യയെന്ന് പൊലീസ്
Mail This Article
കൊച്ചി ∙ എലത്തൂർ ട്രെയിൻ തീവയ്പു കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യംചെയ്യാൻ വിളിപ്പിച്ച ഡൽഹി ഷഹീൻബാഗ് സ്വദേശി മുഹമ്മദ് മോനിസിന്റെ പിതാവ് മുഹമ്മദ് ഷഫീഖിന്റെ (46) മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ആത്മഹത്യയാണെന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം. മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്കു മടങ്ങി. മകൻ മുഹമ്മദ് മോനിസും ബന്ധുക്കൾക്കൊപ്പം നാട്ടിലേക്കു മടങ്ങി.
കഴിഞ്ഞ 16നു മോനിസിനൊപ്പം കൊച്ചിയിലെത്തിയ ഷഫീഖ്, കെപി വള്ളോൻ റോഡിലെ ഹോട്ടലിൽ മുറിയെടുത്തു തങ്ങുകയായിരുന്നു. മകനെ എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതു മുതൽ ഷഫീഖ് അസ്വസ്ഥനായിരുന്നു. ഹോട്ടലിലെ കുളിമുറിയിലെ പൈപ്പിലാണു തൂങ്ങിമരിച്ചത്.
സൗത്ത് ഡൽഹി ഷഹീൻബാഗിൽ അബുൽ ഫസൽ എൻക്ലേവ് ജാമിയ നഗർ–ഡി 15 എയിലാണു ഷഫീഖും കുടുംബവും താമസിക്കുന്നത്. ചോദ്യംചെയ്യലിനു ശേഷം വെള്ളിയാഴ്ച വീണ്ടും ഹാജരാകാൻ മോനിസിനോടു നിർദേശിച്ചിരുന്നു. അന്നു രാത്രി പിതാവിനെ ഏറെ അസ്വസ്ഥനായി കണ്ടതായി മോനിസ് മൊഴി നൽകി. എലത്തൂർ തീവയ്പു കേസ് പ്രതി ഷാറുഖ് സെയ്ഫിയുടെ സുഹൃത്തും സഹപാഠിയുമാണു മോനിസ്. പ്രതിയുമായി ബന്ധമുള്ള മുഴുവൻ പേരുടെയും മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തുന്നുണ്ട്.
English Summary: Investigation on Shaheen Bagh native death in Kochi