ADVERTISEMENT

തിരുവനന്തപുരം ∙ കടലാസിൽ തയാറാക്കിയ വാക്യങ്ങൾ‌ വിട്ട് ഒരു മണിക്കൂറോളം നീണ്ട സ്വതന്ത്രമായ പ്രസംഗം. ഇടയ്ക്കിടെ കുശലം പറച്ചിൽ. പ്രോട്ടോക്കോളും ചട്ടങ്ങളും വിടാതെയുള്ള പതിവു രീതിയിൽ നിന്നു വിഭിന്നമായി എല്ലാവരുമായി സ്വതന്ത്രമായി ഇടപെട്ട് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. 

ചട്ടമ്പി സ്വാമികൾ, ശ്രീനാരായണ ഗുരു, വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്, വക്കം അബ്ദുൽ ഖാദർ മൗലവി, മാർത്താണ്ഡവർമ, ശ്രീചിത്തിര തിരുനാൾ ബാലരാമവർമ, കെ.ആർ.നാരായണൻ, എ.പി.ജെ.അബ്ദുൽ കലാം, ഇ.എം.എസ്.നമ്പൂതിരിപ്പാട്, മമ്മൂട്ടി, മോഹൻലാൽ, എം.എ.യൂസഫലി, കെ.ജെ.യേശുദാസ്, പി.ടി.ഉഷ, ഡോ.വർഗീസ് കുര്യൻ, ഇ.ശ്രീധരൻ, ജി.മാധവൻ നായർ, ജസ്റ്റിസ് എം.ഫാത്തിമാ ബീവി, മാനുവൽ ഫെഡറിക്, അഞ്ജു ബോബി ജോർജ്, കെ.എസ്.ചിത്ര തുടങ്ങിയവർ വിവിധ മേഖലകളിൽ നൽകിയ സംഭാവനകൾ അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. ആറന്മുള കണ്ണാടി സമ്മാനിച്ചപ്പോൾ അതുയർത്തിപ്പിടിച്ചു വേദിയിലെ ഓരോരുത്തരെയും കാട്ടി അദ്ദേഹം സന്തോഷം പങ്കുവച്ചു. 

ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങിൽ സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും അടക്കമുള്ളവർ ഇംഗ്ലിഷിൽ പ്രസംഗിച്ചപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ 8 മിനിറ്റ് പ്രസംഗത്തിൽ 4 മിനിറ്റും മലയാളത്തിലാക്കി. നിയമസഭാ രാജ്യാന്തര പുസ്തകോത്സവം 2023ന്റെ സുവനീർ മുഖ്യമന്ത്രി പിണറായി വിജയനു നൽകി ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു. ലെജിസ്ലേചർ കോംപ്ലക്സ് നവീകരണത്തിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു. ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രി കെ.രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. നിയമസഭാ വളപ്പിൽ വൃക്ഷത്തൈ നട്ട ശേഷമാണ് ഉപരാഷ്ട്രപതി മടങ്ങിയത്. ഉച്ചയ്ക്കു ശേഷം മുൻ നിയമസഭാംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. 

പൊതുചടങ്ങിലും മാധ്യമവിലക്ക്

നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷച്ചടങ്ങിൽ മാധ്യമ ഫൊട്ടോഗ്രഫർമാർക്കും വിഡിയോഗ്രഫർമാർക്കും പ്രവേശനമില്ല. നിയമസഭയ്ക്കുള്ളിൽ വിലക്കേർപ്പെടുത്തിയതിനു പിന്നാലെയാണു പൊതുചടങ്ങിലും വിലക്ക്. റിപ്പോർട്ടർമാരെ മാത്രമാണു നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിലേക്കു പ്രവേശിപ്പിച്ചത്. ദൃശ്യങ്ങളും ചിത്രങ്ങളും സർക്കാരിന്റെ പബ്ലിക് റിലേഷൻ‌സ് വകുപ്പാണു മാധ്യമങ്ങൾക്കു കൈമാറിയത്.

English Summary : Vice president of India Jagdeep Dhankhar speech avoiding written speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com