ആരോപണങ്ങൾ മിന്നുമ്പോൾ ഇടിത്തീ; തുടർച്ചയായ തീപിടിത്തങ്ങളിൽ പുകയുന്നത് ദുരൂഹത
Mail This Article
തിരുവനന്തപുരം ∙ ഇടിയും തീയുമായി പുകമറ സൃഷ്ടിക്കുന്ന ഒട്ടേറെ സംഭവങ്ങളാണ് ഒന്നും രണ്ടും പിണറായി സർക്കാരിന്റെ കാലത്തുണ്ടായത്. സർക്കാർ വകുപ്പുമായോ സ്ഥാപനവുമായോ ബന്ധപ്പെട്ട് വിവാദങ്ങളും ആരോപണങ്ങളും ഉണ്ടാകുമ്പോൾ തീപിടിത്തമോ ഇടിമിന്നലോ സംഭവിക്കുന്നതെങ്ങനെ എന്ന ചോദ്യം കഴിഞ്ഞ 4 വർഷമായുണ്ട്. ഓരോ സംഭവത്തിലും സർക്കാർ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ദുരൂഹത മാറ്റുന്ന ഉത്തരമൊന്നും ലഭിച്ചിട്ടില്ല.
∙ സ്വർണക്കടത്തുകേസ് കത്തിനിൽക്കുമ്പോഴാണു സെക്രട്ടേറിയറ്റിലെ സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസിൽ ഫയലുകൾ കത്തിയത്. കേന്ദ്ര അന്വേഷണ ഏജൻസികൾ ചില ഫയലുകൾ ആവശ്യപ്പെട്ടതിനു പിന്നാലെ 2020 ഓഗസ്റ്റ് 25ന് ആയിരുന്നു തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണു കാരണമെന്ന് പൊലീസും അഗ്നിരക്ഷാസേനയും ഉൾപ്പെടെ പറഞ്ഞെങ്കിലും അതിനു വിരുദ്ധമായിരുന്നു ഫൊറൻസിക് ലാബിലെ അന്വേഷണഫലം. കേരളത്തിനു പുറത്തും പരിശോധിച്ചെങ്കിലും അടിസ്ഥാന കാരണം എന്തെന്ന നിഗമനത്തിലെത്തിയില്ല. ഫാനിന്റെ മോട്ടർ ചൂടായി തീപിടിച്ചു താഴേക്കു വീണെന്നും അട്ടിമറിയില്ലെന്നും അന്വേഷണസംഘം റിപ്പോർട്ട് നൽകി. ക്വാറന്റീനിൽ പോയ ഉദ്യോഗസ്ഥന്റെ അപ്രതീക്ഷിത സാന്നിധ്യം, കണ്ടെടുത്ത മദ്യക്കുപ്പികൾ എന്നിവയെക്കുറിച്ചു പരാമർശമുണ്ടായതുമില്ല. വൈകിട്ട് 4.45നുണ്ടായ തീപിടിത്തം അണയ്ക്കാൻ സെക്രട്ടേറിയറ്റിലെ അഗ്നിരക്ഷാസേന 5.15 വരെ സമയമെടുത്തതും അന്വേഷിച്ചില്ല.
∙ മുഖ്യമന്ത്രിയുടെതന്നെ പൊതുഭരണ വകുപ്പിൽ 2020 നവംബറിൽ വീണ്ടും തീ കത്തി. ഇത്തവണ കത്തിയതും ഫാൻ.
∙ ‘ഇടിവെട്ടിയാൽ നമുക്കാർക്കെങ്കിലും നിയന്ത്രിക്കാനാകുമോ?’– 2020 ജൂലൈയിൽ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചതാണിത്. സ്വപ്ന സുരേഷിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികൾ ശേഖരിച്ചപ്പോഴാണു സിസിടിവി ഭാഗികമായി മിന്നലേറ്റു തകരാറിലായെന്നു സർക്കാർ വിശദീകരിച്ചത്. ക്ലിഫ് ഹൗസിലും ഇടിവെട്ടി ചിലതൊക്കെ പോയെന്ന് ഇതിന് അനുബന്ധമായി മുഖ്യമന്ത്രി പറഞ്ഞുവച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലും സെക്രട്ടേറിയറ്റിലും പോയിട്ടുണ്ടെന്നാരോപിച്ച സ്വപ്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിരുന്നു.
∙ സെക്രട്ടേറിയറ്റിൽ ഒടുവിലുണ്ടായ തീപിടിത്തം മന്ത്രി പി.രാജീവിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയുടെ മുറിയിലാണ്. വ്യവസായ വകുപ്പിനു കീഴിലെ കെൽട്രോൺ നടപ്പാക്കിയ റോഡ് ക്യാമറ പദ്ധതിയിൽ വിവാദം തിളച്ചുമറിയുന്നതിനിടെ, ഈ മാസം 9ന് ആയിരുന്നു തീപിടിത്തം.
∙ സിപിഎം ഭരിക്കുന്ന കൊല്ലം കോർപറേഷനിൽ മേയറുടെ മുറിയിൽ കഴിഞ്ഞ ഓഗസ്റ്റിൽ തീപിടിച്ചു ഫയലുകളും ഇലക്ട്രോണിക് ഉപകരണങ്ങളും നശിച്ചിരുന്നു. വിജിലൻസിന്റെ പരിശോധനയ്ക്കു പിന്നാലെയാണ് ഇതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
∙ കോവിഡ് കാലത്തെ കൊള്ളയുടെ പേരിൽ ആരോപണം നേരിടുന്ന മെഡിക്കൽ സർവീസസ് കോർപറേഷനിലുണ്ടായ തീപിടിത്തം സംശയനിഴലിലാകുന്നതും സമാന പശ്ചാത്തലത്തിലാണ്.
English Summary: Continuous fire in Kerala Medical Services Corporation godowns