കേരഫെഡിൽ കൊപ്ര അഴിമതി; 22 കോടി നഷ്ടം
Mail This Article
കൊച്ചി ∙ കേരഫെഡ് സംഭരിച്ച പച്ചത്തേങ്ങ കൊപ്രയാക്കുന്നതിലുണ്ടായ കോടികളുടെ അഴിമതിയെച്ചൊല്ലി ബോർഡ് ഓഫ് ഡയറക്ടർ യോഗത്തിൽ ബഹളം. തേങ്ങ ഉണക്കി കൊപ്രയാക്കാൻ നാളികേര വികസന ബോർഡിനും മറ്റൊരു സ്വകാര്യ സ്ഥാപനത്തിനും നൽകിയ കരാറിലെ പിഴവുകളും മറ്റു വീഴ്ചകളും മൂലം 22 കോടി രൂപ നഷ്ടമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടി എംഡിക്ക് ഓഡിറ്റർ നൽകിയ കത്താണു ബഹളത്തിനു വഴിവച്ചത്. എംഡിയുടെ നേതൃത്വത്തിൽ നടന്ന ഇടപാട് കേരഫെഡിനെ തകർക്കുമെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇതോടെ അഴിമതിയെപ്പറ്റി അന്വേഷിക്കാൻ ബോർഡിൽ തന്നെയുള്ള മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.
കേരഫെഡ് കൈമാറിയ പച്ചത്തേങ്ങയുടെ വലിയൊരു പങ്കും കൊപ്രയാക്കി തിരികെ ലഭിച്ചിട്ടില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ. കൂടുതലും കിട്ടാനുള്ളതു നാളികേര വികസന ബോർഡിൽ നിന്നാണ്. കേരഫെഡിന്റെ വിവിധ ഫാക്ടറികളും സംഭരണ കേന്ദ്രങ്ങളും മുഖേന ഇത്തവണ 92.81 ലക്ഷം പച്ചത്തേങ്ങയാണു സംഭരിച്ചത്. 29.70 കോടി രൂപ ഇതിനുള്ള തുകയായി കർഷകർക്കു നൽകി. ഉണക്കി മടക്കിക്കിട്ടേണ്ട കൊപ്രയിൽ 28.23 ലക്ഷം കിലോഗ്രാമിന്റെ കുറവുണ്ടായെന്നാണ് ഓഡിറ്ററുടെ കണ്ടെത്തൽ. 9.3 കോടി രൂപയാണു നഷ്ടം.
സംഭരിച്ച പച്ചത്തേങ്ങ കേരഫെഡിന്റെ ഗോഡൗണിലേക്കു മാറ്റണമെന്ന കൃഷി ഡയറക്ടറുടെ നിർദേശം അട്ടിമറിച്ച് ഒരു കരാറിലും ഏർപ്പെടാത്ത സ്വകാര്യ ട്രാൻസ്പോർട്ടിങ് ഏജൻസിക്കു നേരിട്ടു കൈമാറുകയാണു ചെയ്തതെന്നും സ്ഥാപനത്തിന്റെ മേൽനോട്ടമില്ലാത്തതു ഭീമമായ നഷ്ടത്തിനു വഴിവച്ചെന്നും കത്തിലുണ്ട്. 2022 ഏപ്രിൽ 1 മുതൽ 2023 ജനുവരി 31 വരെയുള്ള നഷ്ടക്കണക്കാണിത്. മാർച്ച് 31 വരെയുള്ള കണക്കുകൾ വരുന്നതോടെ നഷ്ടം കുത്തനെ ഉയരുമെന്നും ഓഡിറ്ററുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മടക്കിയയച്ചത് 1000 ടൺ പുഴുവരിച്ച കൊപ്ര
കേരഫെഡ് സംഭരിക്കുന്ന ഉന്നത നിലവാരമുള്ള തേങ്ങ ഉണക്കാനായി അതിർത്തി കടത്തുന്ന കരാറുകാർ മടക്കി നൽകുന്നതു പുഴുത്തു നാറിയ കൊപ്ര. തേങ്ങ ഉണക്കാനുള്ള ഡ്രയർ സംവിധാനം സ്ഥാപനത്തിനില്ലെന്നതിന്റെ മറവിലാണ് അഴിമതി. കേരള സംസ്ഥാന നാളികേര വികസന ബോർഡിന് (കെഎസ്‌സിഡിസി) തേങ്ങ ഉണക്കി കൊപ്രയാക്കി കൈമാറാൻ കരാർ നൽകിയിട്ടുണ്ട്. ഇവർ ഇതു പല സ്ഥാപനങ്ങൾക്കായി ഉപകരാർ നൽകുകയാണു ചെയ്യുന്നത്.
ഇത്തരത്തിൽ കരാറെടുത്തിട്ടുള്ള കോഴിക്കോട് സ്വദേശിയുടെ സ്ഥാപനം കൊപ്ര പൊള്ളാച്ചിയിലേക്കാണ് ഉണക്കാൻ കൊണ്ടു പോകുന്നത്. കേരഫെഡിന്റെ മികച്ച നിലവാരമുള്ള കൊപ്ര സ്വകാര്യ വെളിച്ചെണ്ണക്കമ്പനികൾക്കു കരിഞ്ചന്തയിൽ വിറ്റശേഷം പുഴുവരിച്ച കൊപ്ര കേരഫെഡിലേക്കു തിരിച്ചെത്തിച്ചാണു തട്ടിപ്പ്. എണ്ണയാട്ടാൻ ഉപയോഗിക്കേണ്ട കൊപ്രയ്ക്കു നിർദിഷ്ട ഗുണനിലവാര മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുള്ളതിനാൽ കേരഫെഡിന്റെ ഫാക്ടറികൾ ഇതു നിരസിച്ചു മടക്കി അയയ്ക്കും. കഴിഞ്ഞവർഷം 1000 ടണ്ണിലേറെ കൊപ്രയാണ് ഇത്തരത്തിൽ മടക്കി അയച്ചത്.
English Summary : Corruption in Kerafed