ADVERTISEMENT

തിരുവനന്തപുരം ∙ ട്രെയിനുകളിൽ തീയിടുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോഴും യാത്രക്കാരുടെ സുരക്ഷ ഒരുക്കുന്നതിൽ പൊലീസിനു വീഴ്ച. എലത്തൂർ ട്രെയിൻ തീവയ്പു സമയത്തുണ്ടായ വീഴ്ചകളെക്കുറിച്ച് അന്വേഷണം നടത്താനോ ഭാവിയിൽ ഇത്തരം അക്രമം ആവർത്തിക്കാതിരിക്കാനോ കേരള പൊലീസോ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സോ നടപടിയൊന്നും എടുത്തിട്ടില്ല. വീഴ്ചകൾ പരിഹരിക്കേണ്ടതിനു പകരം പൊലീസ് ഉന്നതതലത്തിൽ ചേരിപ്പോരു നടത്തി ഒരു ഐജിയെ സസ്പെൻഡ് ചെയ്തു. 

ഏപ്രിൽ രണ്ടിനു രാത്രി ഒൻപതരയോടെയാണ് എലത്തൂരിൽ ട്രെയിനിനു തീയിട്ടത്. ഭീകരാക്രമണമെന്ന സംശയത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉടനടി ഉണർന്നു പ്രവർത്തിച്ചു. പ്രതിക്കായി വ്യാപക തിരച്ചിൽ നടത്തുമ്പോൾത്തന്നെ അതേ ട്രെയിനിൽ പ്രതി കണ്ണൂരിലിറങ്ങി. കമ്മിഷണറുടെ നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഒന്നര മണിക്കൂറോളം തിരച്ചിൽ നടത്തുമ്പോഴും പ്രതി അവിടെ ഒളിച്ചിരുന്നു. അവിടെനിന്ന് അടുത്ത ട്രെയിനിൽ കയറി സംസ്ഥാനംവിട്ടു. 

വീഴ്ചയുടെ ഉത്തരവാദിത്തം തിരഞ്ഞാൽ ഉന്നതർതന്നെ കുടുങ്ങുമെന്നതുകൊണ്ട് അന്വേഷണമോ നടപടിയോ ഉണ്ടായില്ല. അതിനു ശേഷം മഹാരാഷ്ട്ര പൊലീസ് പ്രതിയെ പിടികൂടിയപ്പോൾ അതു കേരള പൊലീസിനു നാണക്കേടുമായി. മതിയായ സുരക്ഷയില്ലാതെ പ്രതിയുമായി കേരള പൊലീസ് സംഘത്തിന്റെ വാഹനം വഴിയിൽ പഞ്ചറായി കിടന്നു. ഒരു ചാനലിൽ പ്രതിയുടെ ചിത്രം വന്നതോടെ തിരിച്ചറിയൽ പരേഡ് തന്നെ ഇല്ലാതായി. 

വിവരം ചോർന്നതിനു കേരള പൊലീസ് തീവ്രവാദവിരുദ്ധ സേനയുടെ തലവൻ ഐജി പി.വിജയനെ സസ്പെൻഡ് ചെയ് തു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. അതേസമയം, റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ കൂട്ടാനോ കൂടുതൽ സേനയെ വിന്യസിക്കാനോ ശ്രമിച്ചില്ല. അതിന്റെ ഫലമാണു കണ്ണൂരിൽ ആവർത്തിച്ചത്.

ആർപിഎഫും കേരള പൊലീസിന്റെ ഭാഗമായ റെയിൽവേ പൊലീസുമടക്കം എൺപതിലേറെ ഉദ്യോഗസ്ഥർ കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ട്. പക്ഷേ, പ്രതി ട്രെയിനിൽ കയറിക്കൂടിയത് പട്രോളിങ്ങിൽ കണ്ടില്ല. ഇപ്പോൾ കസ്റ്റഡിയിലുള്ളത് നേരത്തേ റെയിൽവേ സ്റ്റേഷനു സമീപം തീയിട്ടയാളാണെന്നാണു സൂചന.

വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കണ്ണൂർ ∙ വൻ ദുരന്തത്തിൽനിന്ന് ഇന്നലെ കണ്ണൂർ നഗരം രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. എക്സിക്യൂട്ടീവ് എക്സ്പ്രസ് കോച്ചിനു തീയിട്ടതിന്റെ ഒരു ട്രാക്കിനപ്പുറം ഡീസൽ നിറച്ച 25 ടാങ്കറുകളുമായി ഗുഡ്സ് ട്രെയിൻ നിൽക്കേണ്ടതായിരുന്നു.

എക്സിക്യൂട്ടീവ് എക്സ്പ്രസിനു മുൻപേ കണ്ണൂരിലെത്തി ആറാം ട്രാക്കിൽ നിർത്തിയിടാറുള്ള ഈ ട്രെയിൻ വൈകിയതിനാൽ വടകരയിൽ പിടിച്ചിട്ടു. എക്സിക്യൂട്ടീവ് കടത്തിവിട്ടു. അല്ലെങ്കിൽ എട്ടാം ട്രാക്കിൽ ട്രെയിനെത്തുമ്പോൾ അടുത്ത് ഗുഡ്സ് വാഗൺ നിർത്തിയിട്ടേനെ. ഒന്നരയ്ക്കു തീപിടിത്തം ഉണ്ടായപ്പോൾ, ഗുഡ്സ് ട്രെയിൻ അടുത്തുള്ള കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. തുടർന്ന്, അവിടെത്തന്നെ നിർത്തിയിട്ടു. 

തീപിടിത്തമുണ്ടായ സ്ഥലത്തുനിന്ന് 100 മീറ്റർ മാത്രമേയുള്ളു ബിപിസിഎല്ലിന്റെ ഇന്ധനസംഭരണശാലയിലേക്ക്. ഇവിടേക്കു ടാങ്കറിൽനിന്നുള്ള ഇന്ധനം റെയിൽവേ ട്രാക്കുകൾക്കടിയിലെ പൈപ്പുകളിലൂടെയാണു കൊണ്ടുപോകുന്നത്. 

കുറ്റിക്കാടും പുല്ലും നിറഞ്ഞ വിജനമായ ഈ ഭാഗത്ത് മൂന്നിടത്ത് ഫെബ്രുവരി 13നു വൈകിട്ട് 7 മണിയോടെ ഒരാൾ തീയിട്ടിരുന്നു. ഇയാളെ അന്നു പൊലീസ് പിടികൂടിയെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

English Summary : Kannur train fire case, Police fail to ensure the safety of passengers 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com