ഒഡീഷ ട്രെയിൻ അപകടം: രക്ഷപ്പെട്ടവരിൽ 4 തൃശൂർ സ്വദേശികൾ
Mail This Article
അന്തിക്കാട് (തൃശൂർ) ∙ അപകടത്തിൽപെട്ട കൊറമാണ്ഡൽ എക്സ്പ്രസിലെ യാത്രക്കാരായ 4 തൃശൂർ സ്വദേശികൾ സുരക്ഷിതർ. കാരമുക്ക് വിളക്കുംകാൽ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയിൽ കിരൺ, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജിഷ് എന്നിവരാണു അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. കൊറമാണ്ഡൽ എക്സ്പ്രസിൽ ചെന്നൈയിലെത്തി തുടർന്ന് തൃശൂരിലേക്കു വരാനായിരുന്നു ഉദ്ദേശ്യം.
പാടത്തേക്കു മറിഞ്ഞ ബോഗിയുടെ ഒരു വശത്തേക്ക് ഒരാളും മറുവശത്തേക്കു മറ്റു 3 പേരും ചാടി. ബോഗിയുടെ മുകളിലെ ഗ്ലാസ് പൊട്ടിച്ചാണു വൈശാഖ് പുറത്തുകടന്നത്. ആ സമയം മറ്റുള്ളവരെ കാണാത്തതിനെത്തുടർന്ന് വൈശാഖ് ഉടൻ നാട്ടിലേക്കു വിളിച്ചു. പിന്നീട് മറ്റു 3 പേരെയും കണ്ടുമുട്ടി.
അപകടസ്ഥലത്തിനു സമീപത്തെ വീട്ടിൽ വിശ്രമിക്കുകയാണെന്ന് ഇവർ നാട്ടിൽ വിളിച്ചറിയച്ചു. ട്രെയിനുകൾ കൂട്ടിയിടിച്ചതോടെ വൻ ശബ്ദവും കൂട്ടനിലവിളികളുമായിരുന്നെന്ന് ഇവർ പറഞ്ഞു.
English Summary: Four thrissur natives safe in Odisha train tragedy