ADVERTISEMENT

കണ്ണൂർ ∙ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ കോച്ചുകളിലൊന്ന് തീയിട്ടു നശിപ്പിച്ച സംഭവത്തിൽ ബംഗാൾ 24 സൗത്ത് പർഗാന സ്വദേശി പ്രസോൻജിത്ത് സിക്ദർ (40) അറസ്റ്റിൽ. ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന ഇയാൾ കയ്യിൽ പണമില്ലാത്തതിന്റെ നിരാശയും മാനസികസമ്മർദവും കാരണം ട്രെയിനിൽ കയറി തീയിടുകയായിരുന്നുവെന്ന് ഉത്തരമേഖലാ ഐജി നീരജ്‌കുമാർ ഗുപ്‌ത പറഞ്ഞു. 

എലത്തൂർ ട്രെയിൻ തീവയ്പു കേസുമായി ബന്ധമുണ്ടെന്ന തരത്തിൽ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. പെട്രോളോ ഡീസലോ പോലുള്ള വസ്തുക്കളൊന്നും ഉപയോഗിച്ചതായും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പുകവലിക്കുന്ന ശീലമുള്ള ഇയാളുടെ കൈവശമുണ്ടായിരുന്ന തീപ്പെട്ടി ഉപയോഗിച്ചാണു തീയിട്ടതെന്നും ഐജി പറഞ്ഞു.

വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ എട്ടാമത്തെ ട്രാക്കിൽ നിർത്തിയിട്ട ട്രെയിനിന്റെ 17–ാം കോച്ചിൽ തീയിട്ടത്. റെയിൽവേ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ദൃക്സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ സംഭവദിവസം തന്നെ ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു.

കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത്ത് കുമാറിന്റെ മേൽനോട്ടത്തിൽ അസി. കമ്മിഷണർ ടി.കെ.രത്നകുമാർ നേതൃത്വം നൽകിയ സംഘമാണ് ചോദ്യംചെയ്യലും ശാസ്ത്രീയ പരിശോധനകളും നടത്തിയത്. വൈദ്യപരിശോധനയ്ക്കു ശേഷം മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അടുത്തദിവസം തിരിച്ചറിയൽ പരേഡ് നടത്തും.  

എൻഐഎ അന്വേഷിക്കും: റെയിൽവേ മന്ത്രി

ന്യൂഡൽഹി ∙  കണ്ണൂരിലുണ്ടായ ട്രെയിൻ തീവയ്പ് അന്വേഷിക്കാൻ എൻഐഎയോട് ആവശ്യപ്പെട്ടതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കണ്ണൂരിലെയും നേരത്തേ നടന്ന എലത്തൂരിലെയും  ട്രെയിൻ തീവയ്പ് സംഭവങ്ങളിലെ കുറ്റക്കാരെ  വെറുതെ വിടില്ല. അതീവ ഗൗരവത്തോടെയാണ് ഈ സംഭവങ്ങളെ കാണുന്നത്. യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും അദ്ദേഹം പറഞ്ഞു. 

ഈ മാസത്തോടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് ട്രെയിനുകൾ ലഭ്യമാക്കും. അതിനു ശേഷം വന്ദേഭാരതിന്റെ കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ 200 നഗരങ്ങളെ വന്ദേഭാരത് വഴി ബന്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

English Summary: Kannur train fire case investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com