ADVERTISEMENT

തിരുവനന്തപുരം ∙ ഇ പോസ് സംവിധാനത്തിൽ സോഫ്റ്റ്‌വെയർ അപ്‍‍ഡേഷന്റെ ഭാഗമായി സാങ്കേതികത്തകരാർ ഉണ്ടായതോടെ ഇന്നലെ സംസ്ഥാനത്തു റേഷൻ കടകൾ പ്രവർത്തിച്ചില്ല. ഇതേ കാരണത്താൽ വ്യാഴാഴ്ചയും വിതരണം തടസ്സപ്പെട്ടിരുന്നു. രണ്ടാം ദിവസവും അപ്ഡേഷൻ പൂർത്തിയാകാതെ വന്നതോടെ വിതരണം നിർത്തിവച്ചു. പ്രശ്നങ്ങൾ പരിഹരിച്ചെന്നും ഇന്നു മുതൽ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുമെന്നും മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.

കേന്ദ്ര സർക്കാരിന്റെ സബ്സിഡി പരാമർശിച്ചുള്ള പ്രത്യേക ബിൽ നൽകാനാണു സോഫ്റ്റ്‌വെയർ 2.4 എന്ന വേർഷനിലേക്കു പരിഷ്കരിക്കുന്നത്. കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻഐസി) ഹൈദരാബാദ് യൂണിറ്റിനാണു സോഫ്റ്റ്‍വെയറിന്റെ ചുമതല.  

കടകളിലെ ഇ പോസ് മെഷീനിൽ വ്യാപാരികൾ തന്നെ അപ്‍ഡേഷൻ നിർവഹിക്കുന്ന തരത്തിലാണ് ഭക്ഷ്യപൊതുവിതരണ വകുപ്പും എൻഐസിയും  അപ്ഡേഷനു നടപടികൾ സ്വീകരിച്ചത്. വ്യാഴാഴ്ച കടകൾ തുറന്നതു മുതൽ അപ്ഡേഷൻ നിർവഹിക്കാൻ ശ്രമിച്ചെങ്കിലും ചിലർക്കു വൈകിട്ടോടെ പൂർത്തിയാക്കാനായി. വ്യാഴാഴ്ച ഒൻപതിനായിരത്തോളം പേർക്കു റേഷൻ നൽകാനായി. മറ്റു കടകളിൽ അപ്ഡേഷൻ നടപടികൾ വെള്ളിയാഴ്ചയും തുടർന്നു. എന്നാൽ, വ്യാഴാഴ്ച അപ്‍‍‍ഡേഷൻ പൂർത്തിയാക്കിയ വ്യാപാരികൾക്കും വെള്ളിയാഴ്ച സാധനങ്ങൾ ബിൽ ചെയ്യാനാകാതെ വന്നതോടെയാണു വിതരണം നിർത്തിയത്. റേഷൻ വാങ്ങാൻ എത്തിയ ഒട്ടേറെ കാർഡ് ഉടമകൾ ഇതോടെ മടങ്ങി.

Content Highlight: Ration distribution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com