ADVERTISEMENT

തിരുവനന്തപുരം ∙ ലോക പരിസ്ഥിതി ദിനാചരണം ഇന്ന് നടക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, പരിസ്ഥിതി വകുപ്പ് തുടങ്ങിയവരുടെ ചടങ്ങ് ഇന്നു 10.30ന് ഗവ.മോഡൽ എച്ച്എസ്എസ് അങ്കണത്തിൽ വൃക്ഷ തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹരിത സംരംഭ പദ്ധതിക്കും തുടക്കമാകും. 

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘വലിച്ചെറിയൽ മുക്ത ക്യാംപസ്’ പദ്ധതി ഉദ്ഘാടനം 9.30ന് കോട്ടൺഹിൽ ജിഎച്ച്എസ്എസിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. എല്ലാ സ്കൂളുകളിലും പരിസ്ഥിതിദിന പ്രതിജ്ഞയെടുക്കും. ഇന്നു മുതൽ വന‍മഹോത്സവം അവസാനിക്കുന്ന അടുത്ത മാസം ഏഴു വരെ 20,91,200 വൃക്ഷത്തൈകൾ സംസ്ഥാനത്തുടനീളം വനം വകുപ്പ് വിതരണം ചെയ്യും. 

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായവയ്ക്ക് സൗജന്യമായി വൃക്ഷ‍ത്തൈ വിതരണം ചെയ്യും. വരുന്ന മൂന്നു വർഷം തൈ പരിപാലിക്കും എന്ന് ഉറപ്പു വരുത്തി സർക്കാർ ഇതര സംഘടനകൾക്കും തൈകൾ ലഭ്യമാക്കും. അതത് വനം വകുപ്പ് നഴ്‌സറികളിൽ നിന്നുമാണ് ഇന്നു മുതൽ തൈകൾ നേരിട്ടു കൈപ്പറ്റേണ്ടത്. വൃക്ഷ‍ത്തൈ വിതരണത്തിനായി ഓരോ ജില്ലകളിലും രണ്ടോ മൂന്നോ സബ് ഔട്ട്‌ലറ്റുകളും വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.സൗജന്യ വൃക്ഷ തൈകൾക്കായി ഇവിടങ്ങളിലും ബന്ധപ്പെടാമെന്ന് വനം വകുപ്പ് അറിയിച്ചു.

നിയമസഭയും യുനിസെഫും സംയുക്തമായി നാമ്പ് 2.0 എന്ന പേരിൽ നടത്തുന്ന ബോധവൽക്കരണ പരിപാടി 10ന് നിയമസഭാ സമുച്ചയത്തിലെ ഹാളിൽ സ്പീക്കർ എ.എൻ.ഷംസീർ നിർവഹിക്കും. വനം വകുപ്പിന്റെ ‘നാട്ടുമാവും തണലും’ പദ്ധതി 9.30ന് കോഴിക്കോട് പാവണ്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 

കെൽപാം സംഘടിപ്പിക്കുന്ന പനംതൈ വച്ചു പിടിപ്പിക്കലിന്റെ ഉദ്ഘാടനം ഇന്ന് 10 ന് സെക്രട്ടേറിയറ്റ് ഗാർഡനിൽ മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിക്കും. ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതി പ്രകാരം ആയിരം പച്ചത്തുരുത്തുകൾക്കു കൂടി ഇന്ന് തുടക്കമിടും. മാണിക്കൽ പഞ്ചായത്തിൽ ആലിയാട് ഗ്രാമീണ ചന്ത അങ്കണത്തിൽ ഇന്നു രാവിലെ 10.30 ന് ആരംഭിക്കുന്ന പച്ചത്തുരുത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും. 

Content Highlight: World environment day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com