ADVERTISEMENT

വാഹനാപകടത്തിൽ മരിച്ച കൊല്ലം സുധിയെ അനുസ്മരിച്ച് പ്രിയ സുഹൃത്ത് ടിനി ടോം

വേദിയിൽ ചിരിയുടെ പൂരമൊരുക്കുന്ന പല കലാകാരൻമാരും ജീവിതത്തിൽ ഒരു പാടു ദുഃഖങ്ങളുള്ളവരാണ്. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടയാളാണ് സുധിയും. കഷ്ടിച്ചു രക്ഷപ്പെട്ടു വരുമ്പോഴാണ് സുധിയെ വിധി തിരികെ വിളിച്ചത്. ടെലിവിഷൻ ഷോകളും സ്റ്റേജ് ഷോകളും കിട്ടുകയും പുതിയ ജീവിതം കെട്ടിപ്പെടുക്കുകയും ചെയ്തതിന്റെ ആഹ്ലാദത്തിലായിരുന്നു അവൻ. 30 വർഷമായി ഈ രംഗത്ത് ഉണ്ടായിരുന്നെങ്കിലും അത്യാവശ്യം ഷോകളൊക്കെയായി തിരക്കിലെത്തിയിട്ട് അധികകാലമായില്ല. നിഷ്കളങ്കനായിരുന്നു സുധി. അതുകൊണ്ടു തന്നെ ചെറിയ കാര്യങ്ങളിൽ മനസ്സു വിഷമിക്കും. സാമൂഹിക മാധ്യമങ്ങളിൽ ചെറിയ വിമർശനങ്ങൾ വരുമ്പോഴെല്ലാം എന്നെ വിളിക്കുമായിരുന്നു. വിമർശനങ്ങൾ അവനെ പെട്ടെന്നു തളർത്തും.‘അതൊന്നും കാര്യമാക്കണ്ട.... കാണികൾക്കു നല്ല ചിരി നൽകി നീ മുന്നോട്ടു പോകൂ. നിന്റെ സമയം വരും’ – ഞാൻ ആശ്വസിപ്പിക്കും. 

താൻ താണ്ടിയ സങ്കടക്കടലുകളെക്കുറിച്ച് സുധി ചാനൽ ഷോയിൽ തുറന്നു പറഞ്ഞത് അവിശ്വസനീയതയോടെയാണ് അന്നു പ്രേക്ഷകർ കേട്ടത്. പ്രണയ വിവാഹമായിരുന്നു സുധിയുടേത്. ആ ബന്ധം അധികം നാൾ നീണ്ടുനിന്നില്ല. ഒന്നര വയസ്സുള്ള കുഞ്ഞിനെ ഏൽപിച്ചു ഭാര്യ മടങ്ങി. പിന്നീട് ആ കുഞ്ഞുമായാണ് അവൻ സ്റ്റേജ് ഷോകൾക്കു പോയത്. കുട്ടിയെ സ്റ്റേജിനു പിന്നിൽക്കിടത്തി മിമിക്രി അവതരിപ്പിച്ച കാലം. ചിലപ്പോൾ ആരെങ്കിലും കുഞ്ഞിനെ എടുത്തുകൊണ്ടിരിക്കും. 5 വയസ്സു മുതൽ അവൻ കർട്ടൻ പിടിച്ചു തുടങ്ങിയെന്നാണ് സുധി പറയാറ്. ആ മോൻ വളർന്നു വലുതായി. സുധി വീണ്ടും വിവാഹം കഴിച്ച് അതിലൊരു കു‍ഞ്ഞുമായി. എല്ലാവരും സന്തോഷത്തോടെ കഴിയുമ്പോഴാണ് അവിശ്വസനീയമായ ദുരന്തം. 

വടകരയിലെ പരിപാടിയിൽ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. പരിപാടി കഴിഞ്ഞു നമുക്കൊന്നിച്ചൊരു ഫോട്ടോയെടുക്കാമെന്നു പറഞ്ഞ് അവൻ വന്നു. അവനൊപ്പം ഞാനും പ്രജോദും ബിനു അടിമാലിയും ചേർന്ന് സെൽഫിയെടുത്തു. രണ്ടു വണ്ടിയിലാണു ഞങ്ങൾ വടകരയിൽനിന്നു മടങ്ങിയത്. പ്രജോദിനോട് ‘രാത്രി വീട്ടിലെത്തിയിട്ട് മെസേജ് അയക്കണം സൂക്ഷിക്കണം’ എന്നൊക്കെ പറഞ്ഞാണ് അവൻ യാത്രയാക്കിയത്. സിനിമയിൽ സജീവമാകണം എന്നു വലിയ ആഗ്രഹമായിരുന്നു. എല്ലാവരെയും കലർപ്പില്ലാതെ സ്നേഹിച്ച നല്ല കൂട്ടുകാരനു പ്രണാമം. 

English Summary: Tini Tom about Kollam Sudhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com