താനൂർ ബോട്ട് ദുരന്തം: സമഗ്ര റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി ∙ താനൂർ ബോട്ട് ദുരന്തത്തെത്തുടർന്ന് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സമഗ്ര റിപ്പോർട്ട് നൽകാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി. കോടതിയെ സഹായിക്കാനായി ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനെ നാമനിർദേശം ചെയ്യാനും ചീഫ് സെക്രട്ടറിക്കു ചീഫ് ജസ്റ്റിസ് എസ്.വി.എൻ.ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
സ്വമേധയാ എടുത്ത ഹർജി 22ന് പരിഗണിക്കും. സംഭവത്തെക്കുറിച്ചും സ്വീകരിച്ച നടപടികൾ സംബന്ധിച്ചും സമഗ്ര റിപ്പോർട്ട് നൽകാൻ സമയം വേണമെന്നു സീനിയർ ഗവൺമെന്റ് പ്ലീഡർ വി.മനു ആവശ്യപ്പെട്ടതിനെത്തുടർന്നാണു ഹൈക്കോടതി സമയം അനുവദിച്ചത്. കുമരകം ബോട്ട് ദുരന്തം അന്വേഷിച്ച കമ്മിഷന്റെ അഭിഭാഷകനായിരുന്ന വിൻസന്റ് പാനിക്കുളങ്ങരയെ ഹൈക്കോടതി കേസിൽ കക്ഷി ചേർത്തു. സംസ്ഥാനത്ത് ഒരിടത്തും ബോട്ടുകളിൽ ഓവർലോഡിങ് അനുവദിക്കരുതെന്ന് ഉൾപ്പെടെയുള്ള നിർദേശങ്ങൾ കഴിഞ്ഞ 12ന് ഹൈക്കോടതി നൽകിയിരുന്നു.
ബോട്ടുകളിൽ ലൈഫ് ജാക്കറ്റുകൾ ഉൾപ്പെടെ മതിയായ ജീവൻരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ബോട്ട് ദുരന്തത്തിന്റെ കാരണങ്ങളിലൊന്ന് ഓവർലോഡിങ് ആണെന്ന മലപ്പുറം കലക്ടറുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
English Summary : Kerala high Court directs Kerala govenment to give comprehensive report on Tanur boat accident