ADVERTISEMENT

തിരുവനന്തപുരം ∙ സ്പൈഡർമാൻ സീരീസിലെ പുതിയ ചിത്രം ‘സ്പൈഡർമാൻ: എക്രോസ് ദ് സ്പൈഡർ വേഴ്സി’ന്റെ വിജയത്തിനു പിന്നിൽ 6 മലയാളികളും. സീനിയർ അനിമേറ്റേർമാരും സോഫ്റ്റ്‌വെയർ ഡവലപർമാരുമായ ഹരിനാരായണൻ രാജീവ് (തിരുവനന്തപുരം), നിദീപ് വർഗീസ് (റാന്നി), സിനു രാഘവൻ (പാലാ) എന്നിവർ ചേർന്നാണു കഥാപാത്രങ്ങളുടെ അനിമേഷൻ നിർവഹിച്ചത്. അവസാന മിനുക്കുപണികൾ നടത്തിയത് സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർമാരായ കുര്യൻ ഉണ്ണുണ്ണി സാമുവൽ (കൊട്ടാരക്കര), ഹൈദരാബാദിൽ സ്ഥിര താമസമാക്കിയ കൊച്ചിയിലും റാന്നിയിലും വേരുകളുള്ള ബിങ്കു മാത്യൂസ്, ജോസഫ് ടോം നെരിയമ്പറമ്പിൽ (ചങ്ങനാശേരി) എന്നിവരും. 

spiderman-movie

‘‌പെയിന്റിങിനു സമാനമായ രീതിയിൽ ചിത്രത്തിലെ ഓരോ ഫ്രെയിമുകളും വരയ്ക്കുകയും തുടർന്നു കഥാപാത്രങ്ങൾക്കു ചലനം നൽകുകയുമായിരുന്നു. മുൻപില്ലാത്ത പല കഥാപാത്രങ്ങളെയും സൃഷ്ടിച്ചു. പ്രേക്ഷകർക്ക് ഉൾക്കൊള്ളാനും ആസ്വദിക്കാനും കഴിയുന്നതാകണമെന്നു മാത്രമാണു സംവിധായകരായ ജൊവാക്വിം ഡോസ് സാന്റോസും കെംപ് പവേർസും ആവശ്യപ്പെട്ടത്’– ഹരിനാരായണൻ പറഞ്ഞു. 

വെറ്റ എഫ്എക്സിലെ ലീഡ് അനിമേറ്റർ കൂടിയായ ഹരിനാരായണന്റെ ടീമിൽ ഏതാനും ഇന്ത്യക്കാർ കൂടി ഉണ്ടായിരുന്നുവെങ്കിലും മറ്റു മലയാളികളില്ല. സ്പൈഡർമാന്റെ ഇന്ത്യൻ പതിപ്പിലെ നായകനു കളരിപ്പയറ്റിന്റെ ഉശിരും വേഗവും നൽകാനുള്ള സ്വാതന്ത്ര്യവും സംവിധായകർ അനുവദിച്ചു. 

ഇന്ത്യൻ പതിപ്പിൽ സ്പൈഡർമാന് ശബ്ദം നൽകുന്നതിനായി ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലിനെ നിർദേശിച്ചതും ഇവരാണ്. നേരത്തേ ‘വെനം 2: ലെറ്റ് േദർ ബി കാർനേജ്’, ‘ഫിൻച്’, ‘മാൽഫിഷന്റ് 2’, ‘റെഡി പ്ലേയർ 1’, ‘കുങ്ഫു പാണ്ട 3’, ‘അവഞ്ചേഴ്സ്’, ‘ഇൻഫിനിറ്റി വാർ’, ‘ടോൾസ്’ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ അനിമേറ്ററും ഹരിനാരായണൻ ആയിരുന്നു.

സിനു രാഘവൻ, ബിങ്കു മാത്യൂസ്, ജോസഫ് ടോം, കുര്യൻ ഉണ്ണൂണ്ണി എന്നിവർ സോണി പിക്ചേഴ്സ് ഇമേജ്‌ വർക്സിലും നിദീപ് ഡ്രീംവർക്സ് അനിമേഷനിലുമാണു ജോലി ചെയ്യുന്നത്. 

English Summary: Six malayalees behind spiderman across the spider verse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com