നെറ്റ് കണക്‌ഷൻ: ടെൻഡർ എസ്ആർഐടിയിലേക്ക്; അനുകൂലവ്യവസ്ഥ പുതുതായി ഉൾപ്പെടുത്തി
Mail This Article
തിരുവനന്തപുരം ∙ രണ്ടരലക്ഷം പേർക്കു കൂടി ഇന്റർനെറ്റ് കണക്‌ഷൻ നൽകുന്നതിനുള്ള ഐഎസ്പി ലൈസൻസ്, റോഡ് ക്യാമറ പദ്ധതിയിൽ ആരോപണം നേരിട്ട എസ്ആർഐടിയുടെ കയ്യിലെത്തിക്കാൻ നീക്കം. ഇതിനായി ആദ്യം വിളിച്ച ടെൻഡർ റദ്ദാക്കിയിരുന്നു. ആർ കൺവേർജ് എന്ന സോഫ്റ്റ്‌വെയറിന്റെ പ്രത്യേക സ്പെസിഫിക്കേഷൻ ഉപയോഗിക്കണമെന്നാണു പുതിയ ടെൻഡറിലെ വ്യവസ്ഥ. ഈ സ്പെസിഫിക്കേഷനുള്ള സോഫ്റ്റ്‌െവയർ എസ്ആർഐടിയുടേതാണ്. സ്വാഭാവികമായും എസ്ആർഐടിക്കോ അവരുടെ പങ്കാളികൾക്കോ ടെൻഡർ ലഭിക്കാൻ സാധ്യതയേറും.
കെ ഫോണിന്റെ കൺസോർഷ്യം പങ്കാളികൾക്കു കരാറിൽ പങ്കെടുക്കാനാകില്ലെന്ന ആദ്യ ടെൻഡറിലെ വ്യവസ്ഥ ഒഴിവാക്കിയതും എസ്ആർഐടിക്ക് അനുകൂലമാണ്. ആദ്യ ടെൻഡറിൽ എസ്ആർഐടിയുടെ പങ്കാളികളായ റെയിൽടെൽ, അക്ഷര എന്റർപ്രൈസസ് എന്നിവയാണു പങ്കെടുത്തത്. എന്നാൽ, സർക്കാർ പദ്ധതികളിൽ എംഎസ്എംഇ കമ്പനികൾക്കുള്ള ഇളവിന്റെ അടിസ്ഥാനത്തിൽ സിറ്റ്സ എന്ന കമ്പനിയാണ് ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനക്കാരായ റെയിൽടെലും മൂന്നാമതെത്തിയ അക്ഷര എന്റർപ്രൈസസും ഇതു ചോദ്യം ചെയ്തു.
സിറ്റ്സയ്ക്കു കരാർ ഉറപ്പിക്കാൻ കെഫോണിൽനിന്നു സെക്രട്ടേറിയറ്റിലേക്കു ഫയൽ പോയശേഷമായിരുന്നു അട്ടിമറി. 3 കോടി വരെയുള്ള ടെൻഡറിൽ മാത്രമേ എംഎസ്എംഇകൾക്ക് ഇളവ് ബാധകമാകൂവെന്നും ഇതു 30 കോടിയുടെ ടെൻഡറായതിനാൽ ഇളവു ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടി ഐടി സെക്രട്ടറി ടെൻഡർ റദ്ദാക്കാൻ നിർദേശം നൽകി.
ടെക്നിക്കൽ ബിഡ് തുറന്നപ്പോൾ ഇല്ലാതിരുന്ന ആരോപണമാണ്, കരാർ സിറ്റ്സയ്ക്കു ലഭിച്ചശേഷം റെയിൽടെൽ ഉൾപ്പെടെയുള്ളവ ഉന്നയിച്ചത്. ടെൻഡർ റദ്ദാക്കിയതിനെതിരെ സിറ്റ്സ നൽകിയ കേസ് ഹൈക്കോടതിയിലിരിക്കെയാണു വീണ്ടും ടെൻഡർ വിളിച്ചത്.
English Summary: KFON new tender for SRIT