പിഎസ് വി നാട്യസംഘം: കോട്ടയ്ക്കൽ ദേവദാസ് പ്രധാന അധ്യാപകൻ, കോട്ടയ്ക്കൽ മധു സംഗീത വിഭാഗം മേധാവി
Mail This Article
കോട്ടയ്ക്കൽ. ആര്യവൈദ്യശാലയ്ക്കു കീഴിലുള്ള പിഎസ് വി നാട്യസംഘം പ്രധാന അധ്യാപകനായി കോട്ടയ്ക്കൽ ദേവദാസിനെയും സംഗീത വിഭാഗം മേധാവിയായി കോട്ടയ്ക്കൽ മധുവിനെയും നിയമിച്ചു. ഇരു ചുമതലകളും വഹിച്ചിരുന്ന കോട്ടയ്ക്കൽ നാരായണൻ വിരമിച്ചതിനെത്തുടർന്നാണ് പുതിയ നിയമനം.
1979 ജൂലൈയിലാണ് പാലക്കാട് വാഴേങ്കട സ്വദേശിയും ശ്രദ്ധേയനായ നടനുമായ ദേവദാസ് (57) നാട്യസംഘത്തിൽ വേഷ വിദ്യാർഥിയായി ചേരുന്നത്. കോട്ടയ്ക്കൽ കൃഷ്ണൻകുട്ടി നായർ, ചന്ദ്രശേഖര വാരിയർ, ശംഭു എമ്പ്രാന്തിരി, ഗോപി നായർ, കുട്ടികൃഷ്ണൻ നായർ, നന്ദകുമാരൻ നായർ തുടങ്ങിയവരായിരുന്നു ഗുരുക്കൻമാർ. 94 മുതൽ അധ്യാപകനായി. പച്ച, കത്തി, താടി വേഷങ്ങളെല്ലാം ചെയ്യുന്നുണ്ടെങ്കിലും ചുവന്ന താടിക്കാണ് ആസ്വാദകർ ഏറെയുള്ളത്. ഒട്ടേറെ വിദേശ രാജ്യങ്ങളിൽ കളി അവതരിപ്പിച്ചിട്ടുണ്ട്.
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് പാലക്കാട് കോങ്ങാട് സ്വദേശിയായ കോട്ടയ്ക്കൽ മധു (55) നാട്യസംഘത്തിൽ വിദ്യാർഥിയായി എത്തുന്നത്. സംസ്ഥാനത്തെ അറിയപ്പെടുന്ന കഥകളി സംഗീതജ്‌ഞനാണ്. കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പും കലാമണ്ഡലം നീലകണ്ഠൻ നമ്പീശനുമായിരുന്നു ആദ്യകാല ഗുരുക്കൻമാർ. കർണാടക സംഗീതവും പഠിച്ചു. കലാമണ്ഡലം ഹൈദരാലി, ശങ്കരൻ എമ്പ്രാന്തിരി, ഹരിദാസ്, പാലനാട് ദിവാകരൻ തുടങ്ങിയവർക്കൊപ്പമെല്ലാം പാടി. സൗന്ദര്യലഹരി, ഗീതാഞ്ജലി, പൂതപ്പാട്ട്, അന്തിത്തിരി തുടങ്ങിയവ ആട്ടവേദികൾക്കായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ആനന്ദഭൈരവി, വാനപ്രസ്ഥം, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകൾക്കു വേണ്ടിയും പാടി.
English Summary: PSV Natyasangham has appointed Kottaikkal Devdas as Head Teacher and Kottaikkal Madhu as Head of Music Department