പ്ലാസ്റ്റിക് മാലിന്യം കാട്ടാനകൾ തിന്നുന്നു; ഹൈക്കോടതിക്ക് ഞെട്ടൽ
Mail This Article
കൊച്ചി ∙ ഇടുക്കി ചിന്നക്കനാലിൽ വനാതിർത്തിയിൽ കുഴിയിൽ തള്ളിയ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം കാട്ടാനകൾ തിന്നുന്ന കാഴ്ചയിൽ ഹൈക്കോടതി ഞെട്ടൽ രേഖപ്പെടുത്തി. ചീഫ് ജസ്റ്റിസ് എസ്.വി.എൻ. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കോടതിയിൽ ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ കണ്ടിരുന്നു.
ദൈവമേ, പ്ലാസ്റ്റിക് ആണല്ലോ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ബ്രഹ്മപുരത്തെ വിഷപ്പുകയെ തുടർന്നു സ്വമേധയാ എടുത്ത ഹർജി ഉൾപ്പെടെ പരിഗണിക്കുന്നതിനിടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അഭിഭാഷകയാണ് വിഷയം കോടതിയുടെ ശ്രദ്ധയിൽപെടുത്തിയത്. വനാതിർത്തിയോട് ചേർന്നാണ് മാലിന്യം തള്ളിയിരിക്കുന്നതെന്ന് അഭിഭാഷക വിശദീകരിച്ചു. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാൻ തദ്ദേശഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി.
അടിയന്തര നടപടി സ്വീകരിക്കുമെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി ഉറപ്പുനൽകി. പഞ്ചായത്ത് പരിധിയിലാണോ എന്നതുൾപ്പെടെ പരിശോധിക്കേണ്ടതുണ്ടെന്ന് അറിയിച്ച അഡീഷനൽ ചീഫ് സെക്രട്ടറി മാലിന്യം സംസ്കരിക്കുന്നതിൽ മുന്നിലാണു ചിന്നക്കനാൽ എന്നും വിശദീകരിച്ചു.
എന്നാൽ ഒരു ചിത്രം ആയിരം വാക്കുകൾക്കു സമമാണെന്ന് കോടതി പറഞ്ഞു.
English Summary : Kerala high Court shocked by seeing wild elephant eat plastic