ദിവാകരന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളത്; നിസ്സാരമാക്കരുതെന്ന് കെ.സി. ജോസഫ്
Mail This Article
കോട്ടയം ∙ സോളർ കമ്മിഷൻ റിപ്പോർട്ടിൽ ഉമ്മൻ ചാണ്ടിയെ കുറ്റവാളിയാക്കാൻ നടന്ന ശ്രമങ്ങൾക്കു പിന്നിലെ ഗൂഢാലോചനയും അഴിമതിയും സംബന്ധിച്ച് സിപിഐ നേതാവ് സി. ദിവാകരന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്നും അതിനെ നിസ്സാരമാക്കാൻ ആരു ശ്രമിച്ചാലും അംഗീകരിക്കാൻ കഴിയില്ലെന്നും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ മന്ത്രിയുമായ കെ.സി. ജോസഫ്.
ഉമ്മൻ ചാണ്ടിയെച്ചൊല്ലി കോൺഗ്രസിൽ ഒരു തർക്കവുമില്ല. ടെനി ജോപ്പന്റെ അറസ്റ്റ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിഞ്ഞില്ലെന്ന് താനും അറസ്റ്റ് സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്ന് അന്നത്തെ ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂർ രാധാകൃഷ്ണനും പറഞ്ഞതിൽ അഭിപ്രായവ്യത്യാസം ഒന്നുമില്ല. അറസ്റ്റിന് നിർദേശം കൊടുത്ത അന്നത്തെ ഐജി എ. ഹേമചന്ദ്രനോ അന്നത്തെ ഡിജിപിയോ ഇക്കാര്യം മുഖ്യമന്ത്രിയെയോ ആഭ്യന്തരമന്ത്രിയെയോ അറിയിക്കാതിരുന്നതു പല സംശയങ്ങൾക്കും വഴിവയ്ക്കുന്നു.
ഉമ്മൻ ചാണ്ടിയുടെ ഓഫിസിനെ സോളർ കേസിലേക്കു വലിച്ചിഴയ്ക്കാൻ ഗൂഢാലോചനയുണ്ടായോ എന്ന കാര്യം അന്വേഷിക്കണമെന്നും കെ.സി. ജോസഫ് പറഞ്ഞു.
സിപിഎമ്മിന്റെ നിന്ദ്യമായ പ്രവൃത്തികൾ തുറന്നു കാണിക്കാനും പൊതുപ്രവർത്തനത്തിൽ സത്യസന്ധതയും സംശുദ്ധിയും പുലർത്തിയ ഉമ്മൻ ചാണ്ടിയെ വ്യക്തിഹത്യ നടത്തുന്നതിനുള്ള നീക്കങ്ങൾ പൊളിച്ചു കാണിക്കാനും കോൺഗ്രസിനു ലഭിച്ച അവസരം വേണ്ടത്ര പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലെന്ന അഭിപ്രായം പൊതുസമൂഹത്തിൽ ഉണ്ട്. എന്നാൽ ഇക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്നും കെ.സി. ജോസഫ് പറഞ്ഞു.
പുനഃസംഘടനയിൽ വഴക്കു വേണ്ട: കെ.മുരളീധരൻ
കോഴിക്കോട്∙ കോൺഗ്രസിലെ പുനഃസംഘടനെയക്കുറിച്ച് നേതാക്കന്മാരുടെ പരസ്യമായ അഭിപ്രായപ്രകടനം ഗുണം ചെയ്യില്ലെന്ന് കെ.മുരളീധരൻ എംപി. 2004ൽ താനുൾപ്പെടെയുള്ളവർ നടത്തിയ ഇത്തരം പ്രവൃത്തിയുടെ ഫലമായാണ് ഇന്ത്യയിൽ ഭരണമാറ്റമുണ്ടായിട്ടും കേരളത്തിൽ അതാസ്വദിക്കാൻ കഴിയാതെ പോയത്. 2024ലും ഇന്ത്യയിൽ ഭരണമാറ്റമുണ്ടാകും. അതു കേരളത്തിലും പൂർണമായും ആസ്വദിക്കാൻ പരസ്പരം വിട്ടുവീഴ്ചകൾക്കു തയാറാവണം. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയംപോലും തർക്കത്തിനിടയാക്കില്ലെന്ന് മുരളീധരൻ പറഞ്ഞു. സിറ്റിങ് എംപിമാരോട് മത്സരിക്കാൻ പറഞ്ഞിട്ടുണ്ട്. സ്വയം മാറുന്നവരുടെ ഒഴിവിലേക്ക് മാത്രം പകരം ആളുകളെ കണ്ടെത്തിയാൽ മതി.
താൻ എംഎൽഎ ആയ കാലത്ത് തന്റെ മണ്ഡലത്തിലെ ബ്ലോക്ക് പ്രസിഡന്റുമാരുടെ പേര് പത്രത്തിലൂടെയാണ് അറിഞ്ഞത്. ഇത് എല്ലാ കാലത്തും ഇങ്ങനെയൊക്കെയാണ്.
പ്രതിപക്ഷ നേതാവിനെതിരെ ആരെങ്കിലും എന്തെങ്കിലും എഴുതിക്കൊടുത്താൽ അതു വിജിലൻസ് അന്വേഷിക്കും. ഇവർ കട്ടുമുടിക്കുന്നതിനെക്കുറിച്ച് അന്വേഷണമില്ല. വി.ഡി.സതീശനെ ഒന്നും ചെയ്യാനാവില്ലെന്നും പക്ഷേ, ഈ സർക്കാരിലെ പലരും ഭാവിയിൽ അഴിയെണ്ണേണ്ടിവരുമെന്നും മുരളീധരൻ പറഞ്ഞു.
English Summary : Divakaran's revelation is serious: K.C. Joseph