ആർഷോയുടെ പരാതി: പ്രാഥമികാന്വേഷണത്തിന് മുൻപ് കേസെടുത്തത് ഉന്നത നിർദേശപ്രകാരം
Mail This Article
കൊച്ചി∙ എഴുതാത്ത പരീക്ഷ താൻ ജയിച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന എസ്എഫ് െഎ സംസ്ഥാന സെക്രട്ടറി ആർഷോയുടെ പരാതിയിൽ പ്രാഥമികാന്വേഷണം പോലും പൂർത്തിയാകും മുൻപു തിരക്കിട്ടു കേസെടുത്തതും പ്രതിപ്പട്ടിക തയാറാക്കിയതും ഉന്നതതല ഇടപെടലിനെ തുടർന്നെന്നു സൂചന. മാർക്ക് ലിസ്റ്റ് പുറത്തുവന്ന സംഭവം വിവാദമായതോടെ ആർഷോ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകിയിരുന്നു. ഈ പരാതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കു കൈമാറിയതോടെ പ്രാഥമികാന്വേഷണത്തിന് ഉത്തരവിടുകയും കേസ് സെൻട്രൽ പൊലീസിനു വിടുകയും ചെയ്തു.
ആർഷോയുടെ പരാതിയിൽ വലിയ കഴമ്പില്ലെന്ന നിഗമനത്തിലാണു കൊച്ചി പൊലീസ് പ്രാഥമിക അന്വേഷണത്തിനു തുനിഞ്ഞത്. ആദ്യം നൽകിയ പരാതിയിൽ കേസെടുക്കാതെ വന്നതോടെ ആർഷോ ഭരണതലത്തിന്റെ സഹായത്തോടെ ലോ ആൻഡ് ഓർഡർ എഡിജിപി എം.ആർ. അജിത്കുമാറിനു കഴിഞ്ഞ എട്ടിനു വീണ്ടും പരാതി നൽകി.
ഇതിൽ, തനിക്കെതിരെ ഗൂഢാലോചന നടത്തിയതായി സംശയിക്കുന്നവരുടെ പേരുകളും ഉൾപ്പെടുത്തി. ഇതോടെയാണ് അടിയന്തര നടപടി സ്വീകരിക്കാനും കേസന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കാനും എഡിജിപി കൊച്ചി പൊലീസിനു നിർദേശം നൽകിയത്. കേസെടുക്കാനുള്ള നിർദേശം മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നടക്കം എഡിജിപിക്കു ലഭിച്ചെന്നാണു സൂചന.
പരാതിയിൽ പൊലീസ് ഇന്നലെ മഹാരാജാസ് കോളജ് പരീക്ഷാ കൺട്രോളറുടെ മൊഴിയെടുത്തു. പരാതിക്കാരനായ ആർഷോയുടെ മൊഴിയും കേസ് അന്വേഷിക്കുന്ന ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് എസിപി പയസ് ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തി. നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻഐസി) പരീക്ഷാ സോഫ്റ്റ്‌വെയറിന്റെ പിഴവു മൂലമാണ് എഴുതാത്ത പരീക്ഷ ആർഷോ ജയിച്ചതായി മാർക്ക് ലിസ്റ്റ് വന്നതെന്നു പരീക്ഷാ കൺട്രോളർ മൊഴി നൽകി.
English Summary : Case registered before preliminary investigation on instructions of superior