യൂത്ത് കോൺഗ്രസ്: രാഹുൽ മാങ്കൂട്ടത്തിൽ പത്രിക നൽകി; മറുപക്ഷത്ത് ഉദ്വേഗം
Mail This Article
തിരുവനന്തപുരം ∙ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ എ വിഭാഗത്തിന്റെ സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിൽ നാമനിർദേശ പത്രിക നൽകി. രാഹുലിനെതിരെ പൊതു പിന്തുണയോടെ സ്ഥാനാർഥിയെ അവതരിപ്പിക്കാനുള്ള ആലോചനയാണു മറുവിഭാഗങ്ങൾ നടത്തുന്നത്. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നലെ ആയിരുന്നെങ്കിലും ഇന്നത്തേക്കു നീട്ടി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അബിൻ വർക്കി കോടിയാട്ടിനെ പൊതു സ്ഥാനാർഥിയായി അവതരിപ്പിക്കാമോ എന്ന ചർച്ചയാണ് അവസാന മണിക്കൂറുകളിൽ നടക്കുന്നത്. കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ, കെ.സുധാകരൻ എന്നിവരുടെയും രമേശ് ചെന്നിത്തലയുടെയും പിന്തുണയോടെ അബിനെ നിർത്താനാണ് ആലോചന. അങ്ങനെ വന്നാൽ പഴയ ഐ ഗ്രൂപ്പ് ഒറ്റക്കെട്ടായി ഒരു സ്ഥാനാർഥിയെ നിർത്തുന്ന ചിത്രം സംജാതമാകും. നേരത്തേ ബിനു ചുള്ളിയിലിനെ സ്ഥാനാർഥിയാക്കാനാണു കെസി വിഭാഗം ആലോചിച്ചത്. ബിനുവിന്റെ സാധ്യത തീർത്തും മങ്ങിയിട്ടില്ല. അബിന്റെ കാര്യത്തിൽ പൊതു ധാരണയിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ ചെന്നിത്തലയുടെ അനുയായിയായ യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്റ് ഒ.ജെ.ജനീഷിന്റെ പേരും പരിഗണിക്കപ്പെട്ടേക്കാം.
അതിനിടെ എയിൽ നിന്നു വിഷ്ണു സുനിൽ, അനൂപ് താജ്, എസ്.ടി.അനീഷ്, ദുൽഖിഫിൽ എന്നിവരും പ്രസിഡന്റ് സ്ഥാനാർഥികളായി പത്രിക നൽകിയതു ഗ്രൂപ്പിനെ അസ്വസ്ഥമാക്കി. രാഹുലിനെ സ്ഥാനാർഥിയാക്കാനുളള ഗ്രൂപ്പ് തീരുമാനത്തോടു വിയോജിച്ചാണ് ഇവരിൽ ചിലർ രംഗത്തെത്തിയത്. ജെ.എസ്.അഖിൽ, കെ.എം.അഭിജിത് എന്നിവരും എ ഗ്രൂപ്പിൽ നിന്ന് അവസാനം വരെ പ്രസിഡന്റ് സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ടിരുന്നു. ഏതാനും ജില്ലകളിലും എയിൽ റിബൽ സ്ഥാനാർഥികൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തഴയപ്പെട്ടതിൽ പ്രതിഷേധിച്ചിരിക്കുന്ന അഖിലിനെയും അഭിജിത്തിനെയും ബന്ധപ്പെടാനും മറുവിഭാഗങ്ങൾ ശ്രമിക്കുന്നുണ്ട്. പത്രിക നൽകാനുളള അവസാന ദിവസമായ ഇന്നു കൂടി ഉദ്വേഗം തുടരും. അവസാന മണിക്കൂറുകളിൽ കൂട്ടത്തോടെ ആളുകൾ നാമനിർദേശ പത്രികയ്ക്കൊപ്പം നൽകേണ്ട പണം അടയ്ക്കാൻ തിരക്കുന്നതു മൂലം ആപ്പിന്റെ പ്രവർത്തനം മുടങ്ങുന്നു എന്ന പരാതി ഉയർന്നതോടെയാണു പത്രിക നൽകാൻ ഒരു ദിവസം കൂടി അനുവദിച്ചത്.
English Summary : Rahul Mamkootathil give nomination for youth congress election