ഗുണഭോക്തൃ വിഹിതം അക്കൗണ്ടിലേക്ക്; തട്ടിപ്പു തടയാൻ വിജിലൻസിന്റെ ശുപാർശ
Mail This Article
തിരുവനന്തപുരം ∙ ജനങ്ങൾക്കു സർക്കാർ നൽകുന്ന എല്ലാ ഗുണഭോക്തൃ വിഹിതവും അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കണമെന്നു സർക്കാരിനു വിജിലൻസ് ശുപാർശ നൽകി. പട്ടികവിഭാഗം, ആദിവാസികൾ എന്നിവർക്കുള്ള സാമ്പത്തിക സഹായവും ഇത്തരത്തിൽ നൽകണം. ഈ മേഖലയിലാണു സംസ്ഥാനത്ത് ഇപ്പോൾ ഏറ്റവും അഴിമതിയെന്ന് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്കു നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
നിലവിൽ കേന്ദ്ര സർക്കാർ എല്ലാ ഗുണഭോക്തൃ വിഹിതവും അർഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ടാണു നിക്ഷേപിക്കുന്നത്. സംസ്ഥാനത്തു സഹകരണ ബാങ്കുകൾ വഴി ക്ഷേമ പെൻഷനുകൾ വീട്ടിലെത്തിക്കുന്ന ഏജന്റുമാർക്ക് 50 രൂപ വീതം ഇൻസെന്റീവ് എന്ന പേരിൽ നൽകിയിരുന്നത് ഈയിടെ 30 രൂപയായി സർക്കാർ കുറച്ചിരുന്നു. അതിനെ ചോദ്യം ചെയ്തു ചിലർ ഹൈക്കോടതി സമീപിച്ചിട്ടുണ്ട്. പണം ജനങ്ങളുടെ അക്കൗണ്ടിലേക്കു നേരിട്ടെത്തുമ്പോൾ ഈ തുക കൂടി അർഹരായവർക്കു ലഭിക്കുമെന്ന്.
വൻകിട പദ്ധതികൾ കൈകാര്യം ചെയ്യുന്ന എല്ലാ വകുപ്പിലും പദ്ധതിയുടെ നിശ്ചിത ശതമാനം കൈക്കൂലിയായി മുൻകൂട്ടി നിശ്ചയിക്കുന്നു. കോടികളുടെ ഉപകരണങ്ങളും വാഹനങ്ങളും ഉൽപന്നങ്ങളും വാങ്ങുന്ന വകുപ്പുകളിലും ഇതാണു സ്ഥിതി. അതിനെ മറികടക്കാൻ എസ്റ്റിമേറ്റ് തയാറാക്കൽ, നിർമാണ പ്രവർത്തന മേൽനോട്ടം, അന്തിമ ബിൽ പാസാക്കൽ എന്നിവ വിവിധ ഏജൻസികളെ ഏൽപിക്കണം. കഴിയുമെങ്കിൽ സ്വകാര്യ പ്രഫഷനൽ ഏജൻസികളെ ഈ ജോലി ഏൽപിക്കുന്നതാകും ഉചിതമെന്നും റിപ്പോർട്ടിൽ നിർദേശിച്ചു.
English Summary : Recommendation of vigilance to prevent fraud