മെഡി. കോളജിൽ വനിതാ ഡോക്ടർക്ക് നേരെ യുവാവിന്റെ ആക്രമണശ്രമം
Mail This Article
കോട്ടയം ∙ തട്ടുകടയിലെ സംഘർഷത്തിൽ പരുക്കേറ്റതിനെ തുടർന്നു പുലർച്ചെ പൊലീസ് ആശുപത്രിയിൽ എത്തിച്ച യുവാവ് വനിതാ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചെന്നു പരാതി. ബലാൽസംഗ ഭീഷണി മുഴക്കിയ പ്രതിയെ കസ്റ്റഡിയിലെടുക്കാനോ കേസെടുക്കാനോ ആദ്യം പൊലീസ് തയാറായില്ലെന്ന് ആക്ഷേപം. 2 മണിക്കൂറോളം ആശുപത്രിയെ വിറപ്പിച്ച പ്രതി ഒടുവിൽ കടന്നുകളഞ്ഞു. ഇന്നലെ വൈകിട്ട് വനിതാ ഡോക്ടറുടെ നേരിട്ടുള്ള പരാതിയിൽ പൊലീസ് കേസെടുത്തു. പത്തനംതിട്ട സീതത്തോട് സീതക്കുഴി ബിനു (42) ആണു പ്രതിയെന്നു പൊലീസ് പറഞ്ഞു. പ്രതിക്കായി തിരച്ചിൽ തുടങ്ങി.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ മൂന്നോടെയാണു സംഭവം. തലയ്ക്കു പരുക്കേറ്റ നിലയിൽ കണ്ടെത്തിയ ബിനുവിനെ ഏറ്റുമാനൂർ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. അത്യാഹിതവിഭാഗത്തിലേക്കു ചക്രക്കസേരയിൽ എത്തിച്ച ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പിജി ഡോക്ടർക്കുനേരെ അസഭ്യവർഷം നടത്തി. ബലാൽസംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായി ഡോക്ടറുടെ പരാതിയിലുണ്ട്. ഈ സമയം ഡോക്ടറും യുവാവും മാത്രമാണു ചികിത്സാ മുറിയിലുണ്ടായിരുന്നത്.
അക്രമസ്വഭാവം കാണിച്ചതോടെ ആശുപത്രി ജീവനക്കാർ ചേർന്ന് ഇയാളെ കെട്ടിയിട്ടു. വനിതാ ഡോക്ടർ എയ്ഡ് പോസ്റ്റിലെത്തി പരാതി അറിയിച്ചതിനെ തുടർന്നാണു പൊലീസ് അകത്തേക്കു വന്നതെന്നും ഇവർ പറയുന്നു. രാവിലെ ജീവനക്കാരുടെ കണ്ണുവെട്ടിച്ചു പ്രതി കടന്നുകളഞ്ഞു. പ്രതിഷേധം ശക്തമായതോടെ ഇന്നലെ വൈകിട്ടോടെയാണു ഗാന്ധിനഗർ പൊലീസ് കേസെടുത്തത്. ഡോക്ടറുടെ മൊഴിയുമെടുത്തു. സംഭവത്തിൽ പൊലീസിനു വീഴ്ച സംഭവിച്ചതായി പിജി ഡോക്ടേഴ്സ് അസോസിയേഷൻ ആരോപിച്ചു.
യുവാവ് അക്രമാസക്തനാണെന്നു തിരിച്ചറിഞ്ഞതോടെ കൈകൾ ബന്ധിച്ചാണു ഡോക്ടറുടെ അടുത്തെത്തിച്ചതെന്നും ഏറ്റുമാനൂർ പൊലീസ്, എയ്ഡ് പോസ്റ്റ് പൊലീസ്, സെക്യൂരിറ്റി ജീവനക്കാർ എന്നിവരുൾപ്പെടെ 10 പേരടങ്ങുന്ന സംഘം ഡോക്ടർക്കു സുരക്ഷ ഒരുക്കിയിരുന്നെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ റിപ്പോർട്ട് തേടിയെന്നു ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.
English Summary: Lady doctor threatened by patient in Kottayam medical college