ADVERTISEMENT

ദുബായ് ∙ കേരളത്തിലും വിദേശത്തും സംരംഭം തുടങ്ങാൻ പ്രവാസികളെ സഹായിക്കുന്ന സംസ്ഥാന സ്റ്റാർട്ടപ് മിഷന്റെ ആദ്യ ഇൻഫിനിറ്റി സെന്റർ ദുബായിൽ ഇന്നാരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കരാമയിൽ ജനറേഷൻ 71, 113 ബിസിനസ് ടവറിലാണു സെന്റർ പ്രവർത്തിക്കുക. ദുബായ് താജ് ഹോട്ടലിൽ വൈകിട്ട് നാലിനു നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ചീഫ് സെക്രട്ടറി വി.പി.ജോയി അധ്യക്ഷനാകും. 

യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി, സംസ്ഥാന ഐടി സെക്രട്ടറി രത്തൻ യു. ഖേൽക്കർ, കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ എംഡി ഡോ. ആസാദ് മൂപ്പൻ, ഐബിഎസ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ.മാത്യൂസ്, നോർക്ക റൂട്സ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. 

യുഎസ് സന്ദർശനം പൂർത്തിയാക്കിയ മുഖ്യമന്ത്രിയും സംഘവും ഇന്നലെയാണു ദുബായിലെത്തിയത്. ഭാര്യ കമല വിജയൻ, പഴ്സനൽ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഫെസ്റ്റിവൽ സിറ്റിയിൽ ഇന്റർ കോണ്ടിനന്റൽ ഹോട്ടലിലാണു മുഖ്യമന്ത്രി താമസിക്കുന്നത്. 

ഇൻഫിനിറ്റി സെന്റർ

പ്രവാസികൾ അയയ്ക്കുന്ന പണം ബിസിനസ് സംരംഭങ്ങൾക്കുള്ള നിക്ഷേപമാക്കുകയാണു സർക്കാർ സംവിധാനമായ സ്റ്റാർട്ടപ് ഇൻഫിനിറ്റി സെന്ററുകളുടെ ലക്ഷ്യം. ഇതിനുള്ള സാങ്കേതിക സഹായവും അനുബന്ധ സേവനവും നൽകും. 

സെന്ററുകൾ വഴി വിദേശത്തു നിന്നു തന്നെ കേരളത്തിൽ കമ്പനി റജിസ്റ്റർ ചെയ്യാം. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്ക് വിദേശത്ത് സ്വന്തം ഓഫിസില്ലാതെ ഇൻഫിനിറ്റി കേന്ദ്രങ്ങളിലൂടെ പ്രവർത്തിക്കാം. പ്രവാസി നിക്ഷേപകരുടെ കൂട്ടായ്മ ഒരുക്കുകയും ചെയ്യും. യുഎഇക്കു പുറമേ, ആദ്യഘട്ടത്തിൽ യുഎസ്, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലും ഇൻഫിനിറ്റി സെന്റർ ആരംഭിക്കും.

English Summary: Startup mission infinity centre inauguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com