തെരുവുനായ ജനനനിയന്ത്രണം പെരുവഴിയിൽ
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇപ്പോഴുള്ള തെരുവുനായ്ക്കളിൽ 70 ശതമാനത്തെ എങ്കിലും വന്ധ്യംകരിച്ചു ജനനനിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കാൻ നാലു വർഷത്തിലേറെ വേണ്ടിവരും. കേന്ദ്ര സർക്കാരിന്റെ അനിമൽ ബർത്ത് കൺട്രോൾ റൂൾസ് (എബിസി റൂൾസ്) 2023ലെ കേന്ദ്രങ്ങളുടെ നടത്തിപ്പു വ്യവസ്ഥകളാണ് പ്രധാന തിരിച്ചടി. സംസ്ഥാനത്തു 20 എബിസി കേന്ദ്രങ്ങളിൽ പുതുക്കിയ വ്യവസ്ഥ അനുസരിച്ച് പ്രതിമാസം വന്ധ്യംകരണം നടത്താനാവുക പരമാവധി 5000 നായ്ക്കളെയാണ്. 2019ലെ കണക്കു പ്രകാരം സംസ്ഥാനത്തെ 2.89 ലക്ഷം തെരുവുനായ്ക്കളുണ്ട്. വംശവർധന ഇതിനു പുറമെ. 2022 സെപ്റ്റംബർ മുതൽ ഈ വർഷം ജൂൺ 11 വരെ ഏകദേശം 9 മാസം കൊണ്ട് വന്ധ്യംകരിച്ചത് 17,987 തെരുവുനായ്ക്കളെ മാത്രമാണ്.
എബിസി കേന്ദ്രങ്ങൾക്ക് പ്രവർത്തനാനുമതി ലഭിക്കാൻ 2000 വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ വെറ്ററിനറി ഡോക്ടർ വേണമെന്നു പുതുക്കിയ ചട്ടങ്ങളിൽ പറയുന്നു. വർഷങ്ങളുടെ അനുഭവസമ്പത്തുള്ള വെറ്ററിനറി ഡോക്ടർമാരെ കിട്ടാനില്ല. വെറ്ററിനറി കോഴ്സുകൾ പഠിച്ചിറങ്ങുന്നവരെ സർജറി ചെയ്യാൻ അനുവദിക്കണമെന്ന കേരള വെറ്ററിനറി കൗൺസിലിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടുമില്ല
മറ്റു പ്രധാന വ്യവസ്ഥകൾ
∙ കേന്ദ്രത്തിന്റെ പ്രോജക്ട് കമ്മിറ്റിക്ക് ഓരോ തദ്ദേശ സ്ഥാപനവും പദ്ധതി നിർദേശം അയച്ച് അംഗീകാരം വാങ്ങണം
∙ എല്ലാ എബിസി സെന്ററുകളിലും സിസിടിവി നിർബന്ധം. ഒരു മാസത്തെ ദൃശ്യങ്ങൾ സൂക്ഷിച്ച് പരിശോധിക്കുന്ന അധികൃതർക്ക് കൈമാറണം.
∙ നായ്ക്കളെ പിടികൂടുന്ന സംഘത്തിൽ തദ്ദേശ സ്ഥാപനം പരിശീലിപ്പിച്ച രണ്ടിലധികം ജീവനക്കാരും മൃഗസംരക്ഷണ സംഘടനയുടെ പ്രവർത്തകരും വേണം,
∙ നായ്ക്കളെ പിടിക്കാൻ പോകും മുൻപ് ബാനറുകളിലൂടെയും ഉച്ചഭാഷിണിയിലൂടെയും ജനങ്ങളെ അറിയിക്കണം.
∙ ശസ്ത്രക്രിയയ്ക്കു ശേഷം 4 ദിവസം കൂട്ടിൽ പാർപ്പിച്ച് നിരീക്ഷിക്കണം. ഒരേ കുടുംബത്തിൽ നിന്നോ പ്രദേശത്തു നിന്നോ ഉള്ള നായകളെ സെന്ററിലെ ഒരേ കൂട്ടിൽ പാർപ്പിക്കണം. ആൺ– പെൺ നായ്ക്കൾ വെവ്വേറെ കൂട്ടിലാക്കണം.
English Summary: Animal birth control project Kerala