സ്പീക്കറുടെ ചേംബറിനു മുന്നിലെ പ്രതിഷേധം: 6 പ്രതിപക്ഷ എംഎൽഎമാർക്ക് നോട്ടിസ്
Mail This Article
തിരുവനന്തപുരം∙ നിയമസഭയിൽ സ്പീക്കറുടെ ചേംബറിനു മുന്നിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് 6 പ്രതിപക്ഷ എംഎൽഎമാരോടു നിയമസഭാ സെക്രട്ടറി വിശദീകരണം തേടി. സിപിഎം എംഎൽഎ വി.കെ.പ്രശാന്ത് നൽകിയ അവകാശലംഘന നോട്ടിസിലെ ആരോപണങ്ങളെക്കുറിച്ചാണ് പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിക്കു വേണ്ടി റോജി എം.ജോൺ, സനീഷ് കുമാർ ജോസഫ്, ടി.സിദ്ദിഖ്, അൻവർ സാദത്ത്, എ.കെ.എം.അഷ്റഫ്, മാത്യു കുഴൽനാടൻ എന്നിവരോട് സെക്രട്ടറി പ്രതികരണം തേടിയത്. അടിയന്തരമായി വിശദീകരണം എത്തിക്സ് കമ്മിറ്റിക്കു കൈമാറണമെന്ന് നോട്ടിസിൽ നിർദേശിച്ചു.
കഴിഞ്ഞ മാർച്ച് 15ന് അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സ്പീക്കറുടെ ചേംബറിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ ചേംബറിലേക്കു വന്ന സ്പീക്കറെ തടസ്സപ്പെടുത്തിക്കൊണ്ട് 6 പ്രതിപക്ഷ എംഎൽഎമാർ പ്രകോപനപരമായി പ്രതിഷേധിക്കുകയും വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കുകയും ചെയ്തെന്നു കാട്ടിയാണ് പ്രശാന്ത് അവകാശലംഘനത്തിനു നോട്ടിസ് നൽകിയത്.
നോട്ടിസ് കഴിഞ്ഞ മാസം 6ന് സ്പീക്കർ എ.എൻ.ഷംസീർ എത്തിക്സ് കമ്മിറ്റിക്കു വിട്ടു. എന്നാൽ, ഇതേ സംഭവത്തിൽ വാച്ച് ആൻഡ് വാർഡ് കയ്യേറ്റം ചെയ്തെന്നു കാട്ടി പ്രതിപക്ഷത്തെ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.കെ.എം.അഷ്റഫ്, ടി.വി.ഇബ്രാഹിം, സനീഷ്കുമാർ ജോസഫ്, കെ.കെ.രമ, ഉമ തോമസ് എന്നിവർ നൽകിയ പരാതി സ്പീക്കർ എത്തിക്സ് കമ്മിറ്റിക്കു വിട്ടെങ്കിലും ഇതുവരെ വിശദീകരണം ചോദിച്ചിട്ടില്ല. മുരളി പെരുനെല്ലിയാണ് എത്തിക്സ് കമ്മിറ്റി ചെയർമാൻ.
English Summary : Notice to six opposition mla's on protest in front of Speaker's Chamber