നേതാവിന്റെ ബന്ധു വിവരം നൽകി; അർധരാത്രി കോട്ടയം സ്റ്റാൻഡിൽ നിഖിലിന്റെ നാടകീയ അറസ്റ്റ്
Mail This Article
ആലപ്പുഴ∙ വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതി എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കു യാത്ര ചെയ്യുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിന് നൽകിയത് ഒരു എസ്എഫ്ഐ നേതാവിന്റെ ബന്ധു. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ പ്രവർത്തകർ അറിയിച്ചത് നിഖിൽ തിരുവനന്തപുരം വർക്കല ഭാഗത്താണ് ഒളിവിൽ കഴിയുന്നത് എന്നാണ്. അതിനാൽ തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു പൊലീസ് പരിശോധന. അതിനിടെ ഇയാൾ എംസി റോഡ് വഴി സഞ്ചരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. പിന്നാലെ ഈ റൂട്ടിൽ പലയിടത്തായി പൊലീസ് വാഹന പരിശോധന തുടങ്ങി.
രാത്രി 8 ന് ആണ് നിഖിൽ കോഴിക്കോട് നിന്ന് തിരുവനന്തപുരം ഭാഗത്തേക്കാണു വരുന്നത് എന്ന രഹസ്യവിവരം ജില്ലയിലെ ഒരു എസ്എഫ്ഐ നേതാവിന്റെ ബന്ധു അറിയിച്ചത്. തുടർന്ന് മഫ്തിയിലുള്ള പൊലീസ് 3 സംഘങ്ങളായി എംസി റോഡിൽ കോട്ടയം, അടൂർ, തിരുവല്ല എന്നിവിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു പരിശോധന തുടങ്ങി.
രാത്രി 12.50 ന് കോട്ടയം സ്റ്റാൻഡിൽ വാഹനപരിശോധന നടത്തിയ കായംകുളം ഇൻസ്പെക്ടർ വൈ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബസിനുള്ളിൽ നിന്നു നിഖിലിനെ പിടികൂടിയത്. കൊട്ടാരക്കരയ്ക്കാണ് നിഖിൽ ടിക്കറ്റ് എടുത്തിരുന്നത്. തൊപ്പിയും മാസ്കും ധരിച്ചിരുന്നതിനാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ലായിരുന്നു. ടീ ഷർട്ടും പാന്റ്സുമായിരുന്നു വേഷം. എസി ലോ ഫ്ലോർ ബസിന്റെ മധ്യഭാഗവും കഴിഞ്ഞുള്ള സീറ്റായിരുന്നു. പൊലീസ് സംഘത്തെക്കണ്ടു പതറിപ്പോയ നിഖിൽ എഴുന്നേൽക്കാൻ ശ്രമിച്ചു. അതോടെ കസ്റ്റഡിയിലെടുത്തു. തുടർന്നു പൊലീസ് വാഹനത്തിൽ കയറ്റി കായംകുളത്തേക്ക്. ഇന്നലെ പുലർച്ചെ 2.15ന് കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു.
19 ന് രാത്രിയോടെ കായംകുളത്തു നിന്നു മുങ്ങിയ നിഖിൽ നേരെ തിരുവനന്തപുരത്തേക്കാണ് പോയതെന്നാണു പൊലീസ് നിഗമനം. ഇവിടെ പ്രതീക്ഷിച്ച സഹായം കിട്ടിയില്ല. തുടർന്ന് കോഴിക്കോടേക്കു തിരിച്ചു. പകൽ കറങ്ങി നടന്നെന്നും രാത്രി കെഎസ്ആർടിസി സ്റ്റാൻഡിൽ വിശ്രമിച്ചെന്നും മറ്റുമുള്ള നിഖിലിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കയ്യിലെ പണം തീർന്നതോടെ തിരിച്ചുപോന്നു. അടൂരിൽ ഇറങ്ങാനാണ് ഉദ്ദേശിച്ചതെങ്കിലും ബസിന് അവിടെ സ്റ്റോപ് ഇല്ലാത്തതിനാൽ കൊട്ടാരക്കരയ്ക്കു ടിക്കറ്റ് എടുത്തു എന്നുമാണ് ഇയാളുടെ മൊഴി.
അടൂരിൽ നിഖിലിനെ സഹായിക്കാൻ ആരെങ്കിലും ഉണ്ടോയിരുന്നോ, കൊട്ടാരക്കര ഇറങ്ങി പുനലൂർ വഴി തമിഴ്നാട്ടിലേക്കു കടക്കാൻ ഇയാൾ ലക്ഷ്യമിട്ടിരുന്നോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. കോഴിക്കോട് നിഖിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലം കണ്ടെത്തിയാലേ ഇയാളുടെ സഹായികളെക്കുറിച്ചു വ്യക്തമാകൂ.
∙ ഫോൺ തോട്ടിൽ ഉപേക്ഷിച്ചെന്ന് നിഖിൽ
ഒളിവിൽ പോകുന്നതിനു മുൻപായി തന്റെ മൊബൈൽ ഫോൺ ഉപേക്ഷിച്ചതായി വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പിടിയിലായ നിഖിൽ തോമസ്. 19 ന് രാത്രി ഏഴിനാണ് ഇയാളുടെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയത്. കായംകുളം പാർക്ക് ജംക്‌ഷൻ പാലത്തിനു മുകളിൽ നിന്നു കരിപ്പുഴ തോട്ടിലേക്കു ഫോൺ എറിഞ്ഞെന്നാണു നിഖിലിന്റെ മൊഴി. പൊലീസ് ഇവിടെ പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായില്ല. ഈ മേഖലയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകളുള്ള മൊബൈൽ ഫോൺ കിട്ടാതിരിക്കാനുള്ള നീക്കമാണ് നിഖിലിന്റേതെന്നു പൊലീസ് കരുതുന്നു.
English Summary: Nikhil Thomas arrested from bus in kottayam stand