ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഒരു സംസ്ഥാനമാകെ സംഘർഷ ഭൂമിയായി മാറിയിട്ട് 51 ദിവസം പിന്നിട്ടിരിക്കുന്നു. മാധ്യമങ്ങളിലൂടെ അറിയുന്നതിനേക്കാൾ ഭീകരമാണ് അവിടുത്തെ യഥാർഥ പ്രശ്നങ്ങൾ.

സംഘർഷത്തിൽ നൂറിലധികം ആളുകൾ കൊല്ലപ്പെട്ടു എന്നാണ് സർക്കാർ തന്നെ പുറത്തു വിടുന്ന കണക്കുകൾ. അക്രമികളെ ഭയന്ന് ബഹു ഭൂരിപക്ഷം ജനങ്ങളും അവരുടെ വീടുകളും സമ്പാദ്യവും എല്ലാം ഉപേക്ഷിച്ച് രക്ഷപ്പെടുന്നു. കഴിഞ്ഞ 50 ദിവസത്തിലേറെയായി ഇന്‍റര്‍നെറ്റ് ലഭ്യമല്ല. ബാങ്കിങ് സംവിധാനം ആകെ തകർന്നു. എടിഎം സേവനങ്ങള്‍ വിരളമാണ്. സാമ്പത്തികമായി അവിടുത്തെ ജനത അത്യധികം പ്രതിസന്ധി നേരിടുകയാണ്. മണിപ്പുരിലെ ആക്രമണങ്ങളിൽ സാധാരണക്കാർ പങ്കാളികളല്ല. എന്നാൽ ഇതിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്നത് സാധാരണ ജനങ്ങൾ മാത്രമാണ്.

അരി, പച്ചക്കറി ഉള്‍പ്പടെയുള്ള അവശ്യ സാധനങ്ങളുടെ ലഭ്യത വളരെ കുറവാണ്. പലരുടെയും വരുമാന മാര്‍ഗം വളര്‍ത്തു മൃഗങ്ങളാണ്. ആഹാരം കിട്ടാതെ, പന്നികള്‍ ഉള്‍പ്പടെയുള്ള വളര്‍ത്തു മൃഗങ്ങള്‍ക്കു ജീവന്‍ നഷ്ടപ്പെടുകയാണ്. പ്രായമായവര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥിരമായി കഴിക്കുന്ന പല മരുന്നുകളും വിപണിയില്‍ കിട്ടുന്നില്ല. ആരോഗ്യ സേവനങ്ങള്‍ മിക്ക ഇടങ്ങളിലും ഇല്ല എന്നതാണ് വിഷമകരം.     

മണിപ്പുരിലെ ബിഷ്‌ണുപുർ മേഖലയിൽ കാവൽ നിൽക്കുന്ന സൈനികൻ (Image by PTI photo)
മണിപ്പുരിലെ ബിഷ്‌ണുപുർ മേഖലയിൽ കാവൽ നിൽക്കുന്ന സൈനികൻ (Image by PTI photo)

പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട വളരെ വ്യത്യസ്തമായ ഭൂ പ്രദേശമാണ് മണിപ്പുരിന്‍റെത്. ഇവിടുത്തെ ജനത പ്രധാനമായും മെയ്തേയ്, കുക്കി, നാഗ വിഭാഗങ്ങളിൽപെടുന്നവരാണ്. ജനസംഖ്യയില്‍ ഭൂരിപക്ഷവും തലസ്ഥാനമായ ഇംഫാലിലാണ് താമസിക്കുന്നത്. മണിപ്പുരിലെ ആകെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടും താഴ്‌വാര പ്രദേശത്താണ്. ഇവരില്‍ 90% പേരും മെയ്തേയ് വിഭാഗക്കാരാണ്.

മെയ്തേയി വിഭാഗത്തിന്‌ പട്ടിക വര്‍ഗ പദവി നല്‍കണമെന്നും അതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് അറിയിക്കണമെന്നും മണിപ്പുർ ഹൈക്കോടതി ഉത്തരവിട്ടു. സംവരണ ആനുകൂല്യങ്ങളുള്ള കുക്കി, നാഗ വിഭാഗങ്ങളെ ഇത് അസ്വസ്ഥരാക്കി. ഇതാണ് അവിടെ സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. പര്‍വത മേഖലകളിൽ കാലാവസ്ഥ ഉള്‍പ്പടെ പ്രതികൂലമായ ഒട്ടനവധി സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന മറ്റു രണ്ടു ഗോത്ര വിഭാഗങ്ങളുടെ അവകാശങ്ങളെ മെയ്തേയ് വിഭാഗം കൈക്കലാക്കുമോ എന്ന ആശങ്കയാണ് സംഘര്‍ഷം ശക്തി പ്രാപിക്കുവാനുള്ള പ്രധാന കാരണം. 

കലാപത്തിനു പിന്നാലെ ഇംഫാലില്‍നിന്നു മലയോര പ്രദേശത്തേക്കുള്ള പ്രധാന ഹൈവേകള്‍ എല്ലാം ആയുധ ധാരികള്‍ കയ്യടക്കി. ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. സലാം പാതോങ് എന്ന ഗ്രാമത്തിലെ സെക്രട്ടറി മംഗ്‌പൂ എന്നോട് പറഞ്ഞത് മേയ് 4 ന് അവരുടെ വീട് ഒരു കൂട്ടം ആള്‍ക്കാര്‍ വന്നു തീയിട്ടു എന്നാണ്. ‘‘എന്‍റെ എല്ലാ സമ്പാദ്യവും ആ തീയില്‍ എരിഞ്ഞടങ്ങി. ഇപ്പോള്‍ ഞങ്ങള്‍ അഭയാര്‍ഥികളെപ്പോലെ ബന്ധുവീടുകളില്‍ താമസിക്കുകയാണ്. കുട്ടികളെ വീടിനു പുറത്ത് ഇറക്കാന്‍ കൂടി ഞങ്ങള്‍ക്ക് ഭയമാണ്. എത്രനാള്‍ ഇങ്ങനെ പോകും എന്ന് ഞങ്ങള്‍ക്ക് അറിയില്ല. മണിപ്പുര്‍ സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് ഒരു വിശ്വാസവും ഇല്ല. സര്‍ക്കാര്‍ ഒരു കൂട്ടരുടെ ആയുധമായി പ്രവര്‍ത്തിക്കുകയാണ്”. 

മണിപ്പൂർ അക്രമങ്ങളുടെ ഭാഗമായി വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജന്റെ വീട് ആക്രമിച്ച് വാഹനം അഗ്നിക്കിരയാക്കിയപ്പോൾ. ജൂൺ 16ലെ ചിത്രം. (Photo by - / AFP)
മണിപ്പൂർ അക്രമങ്ങളുടെ ഭാഗമായി വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജന്റെ വീട് ആക്രമിച്ച് വാഹനം അഗ്നിക്കിരയാക്കിയപ്പോൾ. ജൂൺ 16ലെ ചിത്രം. (Photo by - / AFP)

അദ്ദേഹത്തിന്‍റെ അഭിപ്രായം ഏറെക്കുറെ ശരിയാണ്. കാരണം വളരെ രമ്യമായി ഈ വിഷയത്തില്‍ ഇടപെട്ട് രണ്ടു വിഭാഗങ്ങളുടെയും ആശങ്ക പരിഹരിക്കുന്നതിനു പകരം സംസ്ഥാന സര്‍ക്കാര്‍ ഒരു വിഭാഗത്തിൽപ്പെട്ട തീവ്ര നിലപാട് ഉള്ള, സര്‍ക്കാര്‍ അനുകൂലികളുടെ കളിപ്പാവയായി പ്രവര്‍ത്തിക്കുന്നു. വിഷയം അനുദിനം വഷളായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിഭാഗത്തിന്‍റെ പക്ഷം ചേര്‍ന്നു കൊണ്ട് കേവലം കാഴ്ചക്കാരുടെ റോളിലേക്ക് മാറുകയാണ് ഉണ്ടായത്. സംസ്ഥാന സർക്കാർ അവിടെ സമ്പൂർണ്ണ പരാജയമാണ്. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ പോലും കലാപകാരികൾ മോഷ്ടിച്ചത് പ്രശ്നത്തിന്റെ ഭീകരത വര്‍ധിപ്പിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി നാലു ദിവസം സംസ്ഥാനത്ത് ചെലവിട്ടിട്ടും സംഘര്‍ഷത്തിനു തീരെ അയവ് ഉണ്ടായില്ല എന്നത് അപമാനകരമാണ്. സംഘര്‍ഷം ശക്തി പ്രാപിച്ച് ആഴ്ചകള്‍ ഏറെ കഴിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാർ ഈ വിഷയത്തില്‍ ആത്മാര്‍ഥമായി ഒന്നും ചെയ്തില്ല. കേവലം കാഴ്ചക്കാരുടെ റോളിലേക്ക് കേന്ദ്ര സർക്കാർ മാറി.

കംജോംഗ് ജില്ലയിൽ താമസിക്കുന്ന യുർണ്ണച്ചാൻ ബിസിനസ്സ് ആവശ്യത്തിനായി ഇംഫാൽ പോയി തിരികെ വരുമ്പോൾ അക്രമികൾ തടഞ്ഞു നിര്‍ത്തി ഐഡി കാര്‍ഡ് പരിശോധിച്ചു. യുർണ്ണച്ചാൻ നാഗ വിഭാഗത്തില്‍ ഉള്ള ആളായത് കൊണ്ട് അദ്ദേഹത്തെ അവർ വിട്ടയച്ചു. ഇത് ഒരു ഒറ്റപ്പെട്ട അനുഭവമല്ല, അവിടുത്തെ സ്ഥിരം കാഴ്ചയാണ്. 

എന്നാല്‍ സാഹോദര്യത്തിന്റെ കാഴ്ചകളും ഇതിനിടെ കാണാം. ഉഖ്‌റുൽ ജില്ലക്കാരനായ വാരിഷിം മേയ് 3 ന് സംഘർഷം പൊട്ടിപ്പുറപ്പെട്ട ഇംഫാലിനു സമീപത്തുള്ള ലിലോങ് എന്ന ഗ്രാമത്തിൽ അകപ്പെട്ടു പോയി. നാഗ വിഭാഗത്തില്‍ പെട്ട വാരിഷിമിനെ രക്ഷിച്ചത് സുഹൃത്ത് അവിനാശ് അയിരുന്നു. മെയ്തേയി വിഭാഗത്തിന് ഭൂരിപക്ഷം ഉള്ള പ്രദേശത്തുനിന്ന് വാരിഷിമിനെ അതേ വിഭാഗത്തില്‍ പെട്ട അവിനാശ് സ്വന്തം വീട്ടില്‍ കൊണ്ടു പോയി മൂന്നു ദിവസം അവിടെ താമസിപ്പിച്ച് വീട്ടില്‍ തിരിച്ചു വിടാനുള്ള സൗകര്യം ഒരുക്കി കൊടുത്തു.  

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ സഹായമോ, അതുമല്ലെങ്കിൽ അദ്ഭുതകരമായ മൗനമോ കൊണ്ട് അനുദിനം സങ്കീർണ്ണമാകുന്ന സംഘർഷത്തിനിടെ നന്മയുടെ ഇത്തരം വാർത്തകൾ സന്തോഷം നൽകുന്നു.

നിസ്സഹായരായ ഒരു ജനത അത്യന്തം ഭീകരമായ ഒരു അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ അത് പരിഹരിക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ കയ്യും കെട്ടി നോക്കി നില്‍ക്കുകയാണ്. തിരഞ്ഞെടുപ്പു റാലികളും റേഡിയോ പ്രഭാഷണങ്ങളും മാത്രമല്ല, നാട്ടില്‍ സമാധാനം പുലരുവാന്‍ ക്രിയാത്മകമായി ഇടപെടുന്നതിലാണ് ഒരു ഭരണ നേതൃത്വത്തിന്റെ കഴിവ് പ്രകടമാകുന്നത്. അങ്ങനെ നോക്കുമ്പോള്‍ മണിപ്പുരിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വട്ടപ്പൂജ്യമാണെന്നു നിസംശയം പറയാം.

ഇത്തവണത്തെ രാജ്യാന്തര യോഗാ ദിനത്തിന്‍റെ സന്ദേശം 'വസുധൈവ കുടുംബകം' എന്നാണ്. യോഗ ദിനത്തിന്‍റെ ഭാഗമായി നൂറ്റിയമ്പതിലധികം രാജ്യങ്ങളിലെ പ്രതിനിധികളോടൊപ്പം യുഎൻ ആസ്ഥാനത്ത് യോഗ അഭ്യാസം നടത്തി ഗിന്നസ് റിക്കോര്‍ഡില്‍ ഇടം നേടിയ പ്രധാനമന്ത്രിക്ക് കഴിഞ്ഞ 50 ദിവസത്തിലേറെയായി സ്വന്തം രാജ്യത്ത് സഹോദരന്മാരെ പോലെ കഴിഞ്ഞ ഒരു ജനത അനുഭവിക്കുന്ന ദുരിതം കാണാന്‍ സാധിച്ചിട്ടില്ല. അതിലുപരി സംഘര്‍ഷ ഭൂമിയായ മണിപ്പുരിലെ പാവങ്ങളുടെ പ്രശ്നം കേള്‍ക്കാന്‍ കൂടി അദ്ദേഹത്തിന് സമയം ലഭിച്ചില്ല എന്നത് അത്യന്തം അപലപനീയമാണ്.

മണിപ്പുരിൽ പഴയ പോലെ ശാന്തിയും സമാധാനവും പുലരാൻ ജനങ്ങൾ തന്നെ മുൻകൈ എടുക്കണം. അവർ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ രാഷ്ട്രീയ കുതന്ത്രം തിരിച്ചറിയണം. പരസ്പരം തല്ലിച്ച് അതിൽനിന്നു രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. ഭിന്നിപ്പിച്ചു ഭരിക്കൽ എന്ന പഴയ ബ്രിട്ടിഷ് തന്ത്രത്തിന്റെ മറ്റൊരു പതിപ്പ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വാഹകരുടെ കൈകളിൽനിന്ന് അഹിംസയുടെ പാതയിലൂടെ മാത്രമേ മണിപ്പുർ നിവാസികൾക്ക് മോചനം സാധ്യമാവുകയുള്ളൂ. 

(ലേഖകന്റെ അഭിപ്രായങ്ങൾ വ്യക്തിപരമാണ്).

English Summary: Manipur Unrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com