ആ പുലിക്കുട്ടി ഇനി ‘ലിയോ’
Mail This Article
പുത്തൂർ (തൃശൂർ) ∙ പാലക്കാട് അയിലൂരിൽ അമ്മ ഉപേക്ഷിച്ച നിലയിൽ അവശനായി കണ്ടെത്തി പുത്തൂരിൽ എത്തിച്ച 6 മാസം പ്രായമുള്ള പുലിക്കുട്ടി ഇനി പുത്തൂരിന്റെ അരുമയാകും. ഇതിന്റെ ആദ്യ പടിയായി പാർക്ക് അധികൃതർ പുലിക്കുട്ടിക്കു ലിയോ എന്ന പേരിട്ടു. ലിയോയെ പാർക്കിൽ തന്നെ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അധികൃതർ വനം വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇത് പരിഗണിക്കുമെന്നാണു പ്രതീക്ഷയെന്ന് അധികൃതർ അറിയിച്ചു.
അവശനിലയിൽ പാലക്കാട്ടു നിന്നെത്തിച്ച പുലിക്കുട്ടി മൃഗാശുപത്രിയിൽ ഇൻപേഷ്യന്റ് വാർഡിലാണ് താമസം. വിദഗ്ധ പരിചരണത്തിലൂടെ സുഖം പ്രാപിച്ചു വരികയാണിപ്പോൾ. കൊക്കാലെയിലെ മൃഗാശുപത്രിയിൽ നടത്തിയ പരിശോധനയിൽ ശരീരത്തിൽ 3 ഒടിവുകൾ കണ്ടെത്തിയിരുന്നു. അതുമൂലം പതുക്കെയാണ് ഇപ്പോഴും നടത്തം. എന്നാൽ കൃത്യമായി ഭക്ഷണം കഴിച്ചു തുടങ്ങിയതോടെ അധികം വൈകാതെ പൂർണ ആരോഗ്യത്തിലേക്കു തിരിച്ചു വരുമെന്ന് അധികൃതർ അറിയിച്ചു. പോത്തിറച്ചിയാണ് ലിയോയുടെ ഇഷ്ട വിഭവം. ആഹാരത്തിനൊപ്പമാണു മരുന്നും നൽകിക്കൊണ്ടിരിക്കുന്നത്. ധാരാളം വെള്ളവും കുടിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യം വീണ്ടെടുക്കുന്നതിന്റെ ലക്ഷണമാണെന്നാണു ഡോക്ടർ പറയുന്നത്. വെറ്ററിനറി ഡോക്ടർ, ക്യൂറേറ്റർ, അനിമൽ കീപ്പർമാർ എന്നിവരടങ്ങിയ സംഘമാണ് രാത്രിയും പകലും പുലിക്കുട്ടിയെ ശുശ്രൂഷിക്കുന്നത്.
പാലക്കാട് നെന്മാറ അയിലൂർ പൂഞ്ചേരിയിലെ തോട്ടത്തിൽ റബർ വെട്ടുന്ന തൊഴിലാളികളാണു പുലിക്കുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. ഇന്നലെ ലിയോയെ കാണാൻ മന്ത്രി കെ. രാജൻ, കലക്ടർ വി.ആർ. കൃഷ്ണേതേജ, പാർക്ക് ഡയറക്ടർ ആർ. കീർത്തി എന്നിവരെത്തിയിരുന്നു
English Summary: The Leopard Cub caught in Palakkad named as LEO